|    Apr 24 Tue, 2018 8:50 am
FLASH NEWS

ജഡ്ജിമാരില്ല; കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു

Published : 26th September 2016 | Posted By: SMR

കാസര്‍കോട്: കോടതികളില്‍ ജഡ്ജുമാരില്ലാത്തതിനാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു. പുതിയ ബസ് സ്റ്റാന്റ് നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബകോടതിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജഡ്ജിയുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇതോടെ കോടതിയില്‍ ആയിരക്കണക്കിന് കുടുംബ കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണ്.
വിവാഹ മോചനം, ചെലവ് നല്‍കല്‍ കേസുകള്‍, സ്ത്രീധന പീഡന കേസുകള്‍ എന്നിവയാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണ്. പരാതിക്കാരും പ്രതികളും ദിവസേന കേസിന് എത്തുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ ജീവനക്കാരും അഭിഭാഷകരും കേസുകളുടെ തിയ്യതി മാറ്റി നല്‍കുകയാണിപ്പോള്‍.
കാസര്‍കോട് നഗരസഭ സൗജന്യ നിരക്കിലാണ് കുടുംബകോടതി പ്രവര്‍ത്തിക്കാന്‍ മുറി വിട്ടുനല്‍കിയത്. വിദ്യാനഗര്‍ ജില്ലാ കോടതി സമുച്ചയത്തിന് സമീപം കുടുംബകോടതി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനുള്ള ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല. ഇതോടെയാണ് കുടുംബകോടതിയുടെ പ്രവര്‍ത്തനം താളം തെറ്റിയത്.
വിദ്യാനഗറിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി ഒന്ന്, രണ്ട്, മൂന്ന് എന്നിവയിലും ജഡ്ജുമാരില്ല. ഇതോടെ ഈ കോടതികളില്‍ എത്തിയ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും വാഹനാപകട തര്‍ക്കപരിഹാര കോടതികളുണ്ട്. എന്നാല്‍ ജില്ലയില്‍ ഇതുവരെ കോടതി അനുവദിച്ചിട്ടില്ല. ഇപ്പോള്‍ വാഹനാപകട കേസുകള്‍ കൈകാര്യം ചെയ്യുന്നത് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയാണ്. മറ്റ് കേസുകളുടെ തിരക്കിനിടയില്‍ ദിവസേന കോടതിയില്‍ എത്തിപ്പെടുന്ന വാഹനാപകട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും തടസ്സമാവുന്നു.
കേസില്‍ കുടുങ്ങുന്നവര്‍ക്ക് ജോലി തേടി മറ്റ് രാജ്യങ്ങളില്‍ പോകാന്‍ കേസുകള്‍ നീണ്ട് നില്‍ക്കുന്നിതാല്‍ കഴിയുന്നില്ല.  തസ്തികകള്‍ സൃഷ്ടിക്കാന്‍ നിയമവകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് ജഡ്ജുമാരെ നിയമിക്കാതെ കേസുകള്‍ കെട്ടികിടക്കാന്‍ കാരണമാകുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി
ചികില്‍സയില്ല; രോഗികള്‍ ദുരിതത്തില്‍
ബദിയടക്ക: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സയില്ലാത്തത് നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയാകുന്നു. പനിയും പകര്‍ച്ചാ വ്യാധികളും പടരുമ്പോള്‍ നിര്‍ധന രോഗികള്‍ക്ക് ഏക ആശ്രയമായ ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനാണ് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് മൂലം കിടത്തി ചികില്‍സയില്ലാതെ ദുരിതമനുഭവിക്കുന്നത്.
വിദഗ്ധ ചികില്‍സക്ക് ഇവിടെ നിന്നും റഫര്‍ ചെയ്യുകയാണ് പതിവ്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയില്‍ 30 കിടക്കകളോട് കൂടിയ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും കുട്ടികളുടേയും വാര്‍ഡുകള്‍, ശസ്ത്രക്രിയ തിയേറ്റര്‍, ലബോറട്ടറി, സാന്ത്വന പരിപാലന കേന്ദ്രം, ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള ക്വാട്ടേഴ്‌സുകള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങളുണ്ട്.
എന്നാല്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകാത്തതാണ് രോഗികള്‍ക്ക് തിരിച്ചടിയായത്. മെഡിക്കല്‍ ഓഫിസര്‍ സ്ഥിരം ജീവനക്കാരനും കരാര്‍ അടിസ്ഥാനത്തില്‍ ഏഴ് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും മറ്റു ജീവനക്കാരും ഇവിടെ ഉണ്ട്. അതിര്‍ത്തി മേഖലയിലെ കുമ്പഡാജെ, എണ്‍മകജെ, ബെള്ളൂര്‍, ബദിയടുക്ക, പുത്തിഗെ, കാറഡുക്ക തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരങ്ങള്‍ ചികില്‍സക്ക് ആശ്രയിക്കുന്ന ആതൂരാലയമാണിത്. നൂറുകണക്കിന് രോഗികളാണ് നിത്യവും ഇവിടെ ചികില്‍സക്കെത്തുന്നത്.
ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ പലര്‍ക്കും ചികില്‍സ ലഭിക്കുന്നില്ലെന്നാണ് പരാതി. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പ്രശ്‌നത്തില്‍ ഗൗരവമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss