|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഛത്തീസ്ഗഡ്: ഒന്നാംഘട്ടം70%

Published : 13th November 2018 | Posted By: kasim kzm

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍. എട്ടു ജില്ലകളിലെ 18 സീറ്റിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. മാവോവാദി സ്വാധീനമുള്ള മണ്ഡലങ്ങളും ഇന്നലെ വോട്ടെടുപ്പ് നടന്നവയില്‍ ഉള്‍പ്പെടുന്നു. 18ല്‍ എട്ടെണ്ണം കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റാണ്. സംസ്ഥാനത്തെ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയുമായാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് 1.25 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
വോട്ടെടുപ്പുദിനമായ ഇന്നലെ അഞ്ചു മാവോവാദികളെ സൈന്യം വധിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ബിജാപൂരിലെ പാമേദിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോവാദികളെ വധിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് കോബ്ര സൈനികര്‍ക്കു പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 12.20ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ബിജാപൂര്‍ ജില്ലയിലെ ദ്വാരാപര പോളിങ് ബൂത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തുകയും സൈന്യം നിര്‍വീര്യമാക്കുകയും ചെയ്തു. കോണ്ടയിലെ ബാന്ദ പോളിങ്ബൂത്തിനു സമീപവും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായി റിപോര്‍ട്ട് പുറത്തുവന്നിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫിന്റെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.
ബിജെപിക്ക് ആത്മവിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടതായി ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് ടി എസ് സിങ് ദേവ് പ്രതികരിച്ചു. ബസ്തറില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. അതു വ്യക്തമാക്കുന്നത് ബിജെപിയെ നിരാശ ബാധിച്ചുവെന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, 31 വോട്ടിങ് യന്ത്രങ്ങളും 51 വിവിപാറ്റ് യന്ത്രങ്ങളും മാറ്റി പകരം പുതിയത് നല്‍കിയതായും കമ്മീഷന്‍ വ്യക്തമാക്കി.
900ഓളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഹെലികോപ്റ്റര്‍ വഴിയാണ് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്തിച്ചത്. മാവോവാദികളുടെ ആക്രമണത്തിനുള്ള സാധ്യത പരിഗണിച്ചായിരുന്നു അത്. 16,500 ഉദ്യോഗസ്ഥര്‍ റോഡ്മാര്‍ഗം തന്നെ പോളിങ് ബൂത്തുകളിലെത്തി.
രണ്ടാംഘട്ട വോട്ടെടുപ്പ് ഈ മാസം 20നു നടക്കും. അടുത്തമാസം 11ന് ഫലം പ്രഖ്യാപിക്കും. അടുത്തമാസം നടക്കുന്ന രാജസ്ഥാന്‍, മിസോറാം, തെലങ്കാന, മധ്യപ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലവും 11ന് പ്രഖ്യാപിക്കും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss