|    Dec 11 Tue, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഛത്തീസ്ഗഡില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്‌

Published : 20th November 2018 | Posted By: kasim kzm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. 19 ജില്ലകളിലെ 72 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒമ്പത് മന്ത്രിമാരും സ്പീക്കറുമടക്കം ഭരണകക്ഷിയായ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ മല്‍സരരംഗത്തുണ്ട്.
നിയമസഭാ സ്പീക്കര്‍ ഗൗരീശങ്കര്‍ കസ്‌ഡോള്‍ മണ്ഡലത്തില്‍ ജനവിധി തേടും. ഈ മാസം 12നാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തെ മാവോവാദി സ്വാധീനമുള്ള എട്ട് ജില്ലകളിലെ 18 സീറ്റുകളിലേക്കായിരുന്നു 12ന് വോട്ടെടുപ്പ് നടന്നത്. തുടര്‍ച്ചയായ നാലാം തവണയും ഭരണത്തിലെത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ഭരണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. 90 അംഗ നിയമസഭയില്‍ 65ലധികം സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. കോണ്‍ഗ്രസ്സിനും ബിജെപിക്കും പുറമേ മുന്‍ ബിഎസ്പി, സിപിഎം, കോണ്‍ഗ്രസ് നേതാവ് അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്നീ പാര്‍ട്ടികളുടെ സഖ്യവും മല്‍സരരംഗത്തുണ്ട്.
ഇന്ന് രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും 72 പേര്‍ വീതം അടക്കം 1079 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ആകെ മല്‍സരരംഗത്തുള്ളത്. 19,296 പോളിങ്ബൂത്തുകളാണ് രണ്ടാംഘട്ട വോട്ടെടുപ്പിനായി സജ്ജമാക്കിയത്. റായ്പൂര്‍ സിറ്റി സൗത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. 46 പേരാണ് റായ്പൂര്‍ സൗത്തില്‍ ജനവിധി തേടുന്നത്. ആറു പേര്‍ മല്‍സരിക്കുന്ന ബിന്ദ്രാവന്‍ഗഡിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍.
മാവോവാദി സ്വാധീനമുള്ള ഗരിയാബന്ദ്, ധംതാരി, മഹാസമുന്ദ്, കബീര്‍ധാം, ജഷ്പൂര്‍, ബല്‍റാംപൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസം 11നാണ് ഫലപ്രഖ്യാപനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss