|    Mar 18 Sun, 2018 3:54 am
FLASH NEWS

ചോറോട്-മലോല്‍മുക്ക്-ഓര്‍ക്കാട്ടേരി റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ പ്രക്ഷോഭം

Published : 1st November 2016 | Posted By: SMR

വടകര: വടകരയിലെ പ്രധാന റോഡുകളിലൊന്നായ ചോറോട്-മലോല്‍മുക്ക്-ഓര്‍ക്കാട്ടേരി റോഡിന്റെ ശോച്യാവസ്ഥക്കെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്. എട്ട് കിലോമീറ്ററോളം വരുന്ന റോഡിന്റെ 80 ശതമാനവും തകര്‍ന്നത് കാരണം ഓട്ടോറിക്ഷകളും ചെറുവാഹനങ്ങളും ഈ റൂട്ടിലൂടെ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഈ കാരണത്താല്‍ തന്നെ കഴിഞ്ഞ ദിവസം ഈ ഭാഗത്തേക്ക് ട്രിപ്പ് വിളിച്ച ഓട്ടോക്കാരും യാത്രക്കാരും തമ്മില്‍ ടൗണില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. വടകരയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് ടൗണിലേക്ക് എത്തിച്ചേരാന്‍ എളുപ്പമുള്ളതും വാഹനപെരുപ്പം കുറഞ്ഞതുമായ പ്രധാന റോഡാണിത്. ദേശീയപാതയിലെ ചോറോട്, കൈനാട്ടി ഭാഗങ്ങളില്‍ വാഹന അപകടങ്ങളോ മറ്റു കാരണങ്ങളാലോ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടാല്‍ കുറ്റിയാടി, നാദാപുരം, ഓര്‍ക്കാട്ടേരി റൂട്ടുകളിലേക്കുള്ള വാഹനങ്ങള്‍ തിരിച്ചു വിടുന്ന ബദല് റോഡാണിത്. രണ്ട് വര്‍ഷത്തിലേറെയായി റോഡ് തകര്‍ന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. നേരത്തെ റോഡിന് എട്ട് മീറ്റര്‍ വീതിയില്ലെന്ന കാരണത്താല്‍ പിഡബ്ല്യുഡി റോഡിന് ഫണ്ട് നിഷേധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് റോഡ് പൂര്‍ണമായും എട്ട് മീറ്റര്‍ വീതിയാക്കുകയും 50 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ നടത്തുകയും ചെയ്തത്. എന്നാല്‍ തുടര്‍ന്ന് റോഡില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വീണ്ടും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ചോറോട് ഓര്‍ക്കാട്ടേരി റൂട്ടിലെ പുത്തൂരി, ഇല്ലത്തുതാഴെ എന്നീ കനാല്‍ പാലങ്ങള്‍ അപകടാവസ്ഥയിലായിരിക്കുകയാണ്. പാലത്തിന്റെ ഭിത്തികള്‍ തകര്‍ന്നത് കാരണം ഏത് നിമിഷവും പൊട്ടിവീഴാവുന്ന അവസ്ഥയിലാണുള്ളത്. വിദ്യാര്‍ഥികളും ജീവനക്കാരും തൊഴിലാളികളടക്കം നൂറുകണക്കിന് ജനങ്ങള്‍ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നുണ്ട്. റോഡ് തകര്‍ന്നതോടെ വാഹനങ്ങള്‍ ഈ റൂട്ടിലേക്ക് സര്‍വീസ് നടത്താന്‍ മടിക്കുന്നത് യാത്രക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്. മാത്രമല്ല പ്രദേശത്തുകാരുടെ വാഹനങ്ങളും ഈ റോഡില്‍ കൂടി യാത്ര ചെയ്ത് കേടുവരുന്ന സ്ഥിതിയും സംജാതമായിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് തകര്‍ന്ന കാരണം ഈ റൂട്ടിലെ ചുരുക്കം ചില ബസ്സുകള്‍ സര്‍വീസ് മുടക്കുന്നതും പതിവായിരിക്കുകയാണ്. ഇത് കാരണം മാങ്ങാട്ടുപാറ, ചോറോട് ഈസ്റ്റ്, മലോല്‍ മുക്ക്, വൈക്കിലിശേരി എന്നീ പ്രദേശങ്ങളിലുള്ളവര്‍ ഓര്‍ക്കാട്ടേരി, വള്ളിക്കാട്, കൈനാട്ടി, വൈക്കിലിശേരി റോഡ് എന്നിവിടങ്ങളില്‍ ഇറങ്ങി ഓട്ടോറിക്ഷകള്‍ക്ക് വന്‍ തുക നല്‍കിയാണ് യാത്ര ചെയ്യുന്നത്. തകര്‍ന്ന റോഡ് നവീകരിക്കാത്ത സാഹചര്യത്തില്‍ ജനതാദള്‍(യു) ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 22ന് ചോറോട് മേല്‍പാലത്തിന് സമീപം ഉപവാസം നടത്തും. തുടര്‍ന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്ന് കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ കെഎം നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രസാദ് വിലങ്ങില്‍, വിപി പവിത്രന്‍, സി വാസു, കെ ടികെ ശേഖരന്‍, സി സതീശന്‍, കൊല്ല്യോടി രാമചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, കെ പി ജി നായര്‍, കെ കെ പ്രമോദ്, രാജന്‍ ചാമില്‍, കെ വി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss