|    Oct 21 Sun, 2018 3:31 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ചോര പൂത്ത വഴികളില്‍..

Published : 29th May 2017 | Posted By: fsq

 

വാര്‍ഷികദിനാഘോഷം പുതിയ ചരിത്രം കുറിക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അതിലും വിലപ്പെട്ട ചരിത്രം കൂടുതല്‍ ആഴത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്നു. വ്യാഴാഴ്ച പുലര്‍ന്ന് അര്‍ധരാവോടെ പൊലിഞ്ഞ മെയ് 25 കേരളത്തില്‍ അങ്ങനെയൊരു വാര്‍ഷികദിനമായിരുന്നു. ‘അവരത് കൊടുത്തില്ല സഖാവേ. പത്രമാകെ ഒന്നാം വാര്‍ഷികത്തിന്റെ പരസ്യവും പരിപാടികളുടെ വിവരവുമാണ്.’ നിരാശയും രോഷവും സമ്മിശ്രമായി ഒരാളില്‍ എങ്ങനെ കത്തുമെന്നതിന്റെ ചൂട് ഈ തലയ്ക്കലെ ഫോണിലും. വിപ്ലവം പരാജയപ്പെട്ടപോലുള്ള വികാരപ്രകടനം.  അതു സ്വാഭാവികമായിരുന്നു. എല്ലാ പ്രവേശനകവാടങ്ങളും പോലിസ് തടഞ്ഞിട്ടും തിരുവനന്തപുരത്തെ മുളവന്‍മുഗള്‍ കൊട്ടാരത്തിന്റെ വലിയ മതില്‍ ചാടി മിച്ചഭൂമിയില്‍ ചെങ്കൊടി നാട്ടിയ എകെജിയുടെ നേതൃത്വത്തിലുള്ള 27 വോളന്റിയര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ സമരസേനാനിയാണ് ഫോണില്‍ അങ്ങേ തലയ്ക്കല്‍- സാംബശിവന്‍. ഇപ്പോള്‍ 45 വര്‍ഷം കൂടി ഏറിയതിന്റെയും രോഗത്തിന്റെയും അവശത. ഇടിമിന്നല്‍പോലെ നേരിട്ട വിശ്വാസത്തകര്‍ച്ച സൃഷ്ടിച്ച ഞെട്ടല്‍. 74 വയസ്സുള്ള ആ പഴയ സിപിഎം പോരാളിയുടെ വാക്കുകളിലെ വികാരം മനസ്സിലാക്കാവുന്നതേയുള്ളൂ.1972 മെയ് 25ന് എകെജി തിരുവനന്തപുരത്ത് നിര്‍വഹിച്ച ചരിത്രംകുറിച്ച മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത വോളന്റിയര്‍മാരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാളാണ് സാംബശിവന്‍. അന്നു സിപിഎം പൂജപ്പുര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു സാംബശിവന്‍. എകെജിയുടെ ജീവശ്വാസമായിരുന്ന പാര്‍ട്ടിപ്പത്രത്തിന്റെ ഓരോ നടത്തിപ്പുകാരനെയും കഴിഞ്ഞ ഒരു മാസമായി രോഗയ്ക്കിടക്കയില്‍ കിടന്ന് ബന്ധപ്പെട്ടതിന്റെ അനുഭവം അദ്ദേഹം നേരത്തേ പങ്കുവച്ചിരുന്നു. 70ല്‍ പാസാക്കിയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കാനും മിച്ചഭൂമിയും കുടികിടപ്പും ആയിരങ്ങള്‍ക്കു ലഭ്യമാക്കാനും എകെജി അന്ന് ഉയര്‍ത്തിവിട്ട സമരക്കൊടുങ്കാറ്റിന്റെ 45ാം വാര്‍ഷികദിനമാണ് മെയ് 25. പാര്‍ട്ടിക്കാര്‍ അത് ഇങ്ങനെ വിസ്മരിക്കുമെന്ന് സാംബശിവന്‍ സഖാവ് സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. ”ഞാനാ പുതിയ പത്രാധിപരെ വിളിച്ചുനോക്കി. ഇല്ല, ഫോണെടുക്കുന്നില്ല. വിപ്ലവഗാനമാണ് മറുപടി”- ചോരവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം… നോക്കുവിന്‍ സഖാക്കളേ നമ്മള്‍ വന്ന വീഥിയില്‍, ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവച്ച വാക്കുകള്‍… ലാല്‍സലാം… ലാല്‍സലാം- പത്രാധിപരുടെ ഫോണ്‍ പാടിപ്പാടി നിര്‍ത്തുകയാണ്.സാംബന്‍ നിരാശയോടെ തുടര്‍ന്നു: ”എല്ലാം മാറിമറിഞ്ഞു സഖാവേ. മുഖ്യമന്ത്രി… മന്ത്രിസഭ… പാര്‍ട്ടി.. പത്രം.. സകലതും. സിഎച്ചും എകെജിയുമൊക്കെ നടത്തിയ സമരവും അതിന്റെ ചരിത്രവും നേട്ടവും ഇന്ന് ആരോര്‍ക്കുന്നു.” മിച്ചഭൂമി സമരത്തിന്റെ 45ാം വാര്‍ഷികം പാര്‍ട്ടിപ്പത്രം അനുസ്മരിക്കാന്‍ മടിച്ചതിന്റെ അനുഭവം അദ്ദേഹം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു:”പത്രം നടത്തിപ്പിന്റെ നേരിട്ടുള്ള ചുമതലക്കാരനെ വിളിച്ചപ്പോള്‍ ആശുപത്രി വിട്ട് വീട്ടില്‍ കിടപ്പാണ്. പകരം ബന്ധപ്പെടാന്‍ മറ്റൊരു പത്രാധിപരുടെ പേരും ഫോണ്‍നമ്പറും തന്നു. അയാള്‍ക്കാവട്ടെ, ഈ സമരത്തെപ്പറ്റി ഒരറിവുമില്ല. എഴുതി എത്തിച്ചാല്‍ നോക്കാമെന്ന്. മുഖ്യപത്രാധിപരുടെ നമ്പര്‍ കണ്ടുപിടിച്ചു വിളിച്ചു.” ”സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമാണ്. അതിന്റെ പ്രാധാന്യം കുറയ്ക്കാനാവില്ല. 50ാം വാര്‍ഷികം വരുമ്പോള്‍ കൊടുക്കാം…” രക്ഷകിട്ടുമെന്നു കരുതി പുതിയ ജനറല്‍ മാനേജരെ വിളിച്ചു. ’45 വര്‍ഷമായോ?’ ശരിയാണോ എന്നു സംശയം. ശരിയാണെന്നും എകെജിക്കൊപ്പം പങ്കെടുത്ത ആളാണെന്നും പറഞ്ഞപ്പോള്‍, നോക്കാം എന്നായി. പുതിയൊരു ചരിത്രനിര്‍മിതിയിലാണ് സിപിഎം എന്ന് അറിയാവുന്നതുകൊണ്ട് സാംബശിവനെപ്പോലുള്ളവരുടെ വികാരം വ്രണപ്പെടുന്നതിന്റെ വേദനയില്‍ സാന്ത്വനിപ്പിക്കുകയേ മാര്‍ഗമുള്ളൂ. സന്ധ്യയായതോടെ ആ രാഷ്ട്രീയചിത്രം കൂടുതല്‍ വ്യക്തമായി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുമ്പ് അധികാരമേറ്റ ഗവണ്‍മെന്റ് പിണറായി വിജയന്‍ ഗവണ്‍മെന്റായി രൂപപ്പെട്ടെന്ന് തീര്‍ത്തും വ്യക്തമായി. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിന്റെ പ്രവേശനകവാടത്തിലെ ബോര്‍ഡില്‍ എഴുതിവച്ച അക്ഷരങ്ങള്‍ ടിവി സ്‌ക്രീനില്‍ തെളിഞ്ഞു: പിണറായി വിജയന്‍ ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികാഘോഷം. കൃത്യസമയത്തു തന്നെ സദസ്സിന്റെ മുന്‍നിരയില്‍ മുഖ്യമന്ത്രി. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും വേദിയിലിരുത്തി ഉദ്ഘാടനം മുഖ്യമന്ത്രി. വേദിയില്‍ ചീഫ് സെക്രട്ടറിയുണ്ടെങ്കിലും നിയമസഭാ സ്പീക്കറില്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കള്‍ മാത്രമല്ല എത്താത്തത്.   ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അടവുനയവുമായി എത്തുമെന്ന് പ്രതീക്ഷിച്ച കെ എം മാണി, മുന്നാക്ക കമ്മീഷന്‍ ചെയര്‍മാന്‍പദം കിട്ടിയ ആര്‍ ബാലകൃഷ്ണപ്പിള്ള തുടങ്ങിയവരും എത്തിയില്ല. അരൂപിയായി പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും.ചുരുക്കത്തില്‍, ‘മുഖ്യമന്ത്രി മുഖ്യമന്ത്രിയാല്‍ മുഖ്യമന്ത്രിക്കുവേണ്ടി’ നടത്തിയ പ്രസംഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികളെപ്പോലെ അച്ചടക്കത്തിലിരുന്ന് കേട്ടു. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മുഖംകാട്ടാതെ ആയിരം മണ്‍വിളക്കുകള്‍ തെളിച്ചു.    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പിണറായി വിജയന്‍ നവകേരളയാത്ര നടത്തിയിരുന്നു. ഭരണവര്‍ഗത്തിന്റെയും സമ്പന്നവര്‍ഗത്തിന്റെയും പ്രമുഖ വക്താക്കളുടെ അഭിപ്രായങ്ങള്‍ തേടി അഭിമുഖങ്ങളും. അങ്ങനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവനയില്‍ രൂപംകൊണ്ട നവകേരളമാണ് ഒരു വര്‍ഷമായി കേരളത്തില്‍ കെട്ടിപ്പടുക്കുന്നതെന്ന് തേജസിലൊഴികെ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ പരസ്യത്തില്‍ പറഞ്ഞു.  സാമൂഹിക വികസനം സംബന്ധിച്ച ശാസ്ത്രീയ വീക്ഷണമില്ലാതെ കേവല വികസനവാദമെന്നത് ഇടതുപക്ഷ ഗവണ്‍മെന്റിന്റെ മുഖമുദ്രയല്ല. ഭരണവര്‍ഗത്തെ വെല്ലുവിളിക്കാത്ത, തൊഴിലാളിവര്‍ഗ നിലപാടുകള്‍ ഉയര്‍ത്താത്ത ഭരണവും വികസനനയവും കമ്മ്യൂണിസ്റ്റിന്റേതല്ല. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലതുപക്ഷ ഭരണവും വികസനവും തമ്മില്‍ പ്രയോഗത്തിലും ഫലത്തിലും വ്യത്യാസമുണ്ടാവില്ല. ‘ഇത് നിങ്ങള്‍ക്കു സ്വന്തം വീടുപോലെ കാണാ’മെന്ന് ആദ്യസന്ദര്‍ശനത്തില്‍ പിണറായിക്ക് പ്രധാനമന്ത്രി മോദി നല്‍കിയ സ്വാഗതത്തിന്റെ അര്‍ഥം ഇവിടെ പ്രസക്തമാണ്. പിണറായി പറയുന്നുവെന്നു കരുതുന്ന കമ്മ്യൂണിസവും സിപിഎം പറഞ്ഞുപോന്ന കമ്മ്യൂണിസവും രണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായി മനസ്സിലാക്കിയിരുന്നു. ആര്‍എസ്എസിനും ബിജെപിക്കും എതിരേ മുഖ്യമന്ത്രി എന്തൊക്കെ രാഷ്ട്രീയപ്രസംഗം നടത്തിയാലും നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ വികസന പരിപ്രേക്ഷ്യവും പിണറായി ഗവണ്‍മെന്റ് നടപ്പാക്കാന്‍ പോവുന്ന വികസനവും ഒന്നാണ്. അത് കൂടുതല്‍ ബോധ്യപ്പെടുത്തുന്ന രണ്ടാം വര്‍ഷത്തിലേക്കാണ് പിണറായിയുടെ നവകേരളം കടന്നിട്ടുള്ളത്.ഇടതുപക്ഷത്തിന് തുടര്‍ച്ചയായി പരാജയമേറ്റുപോന്ന സാഹചര്യത്തില്‍ കേരളത്തിലെങ്കിലും അധികാരത്തില്‍ വരാന്‍ കഴിഞ്ഞ  ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും വാര്‍ഷികാഘോഷ മുഹൂര്‍ത്തത്തില്‍ ദേശീയനേതാക്കളുടെ സാന്നിധ്യം വേണ്ടതായിരുന്നു.   മിച്ചഭൂമി സമരത്തിന്റെ വാര്‍ത്ത ഭരണവാര്‍ഷികത്തിന്റെ മിഴിവിനെ ബാധിക്കുമെന്ന് ഭയപ്പെടുന്നവര്‍ അഖിലേന്ത്യാ നേതാക്കളുടെ സാന്നിധ്യവും ഭയന്നുകാണണം.  കേന്ദ്ര പങ്കാളിത്തമുള്ള മെട്രോ റെയില്‍ പദ്ധതിപോലും പ്രധാനമന്ത്രിയുടെ സാന്നിധ്യമില്ലാതെ മുഖ്യമന്ത്രി പിണറായിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ പത്രക്കുറിപ്പ് ഇറക്കിയവര്‍ മുഖംരക്ഷിക്കാന്‍ പിന്നെ മാറ്റിച്ചവിട്ടി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്കെഴുതി. ആ ഔചിത്യം സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാരുടെ കാര്യത്തില്‍ പക്ഷേ, തോന്നിയില്ല. അവരുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ശ്രമിച്ചുമില്ല. കാനം രാജേന്ദ്രനെപ്പോലെ ഒരാള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സന്നിഹിതനാവാതെ   എറണാകുളത്തെ നാട്ടുവഴിയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതും  സ്വയം വ്യക്തമാക്കപ്പെടുന്നു.തുടര്‍ച്ചയായി ഭരണത്തിലിരുന്നപ്പോള്‍ ബംഗാളിലെ പാര്‍ട്ടിയുടെ ശൈലിയും ഇതായിരുന്നു. തങ്ങള്‍ മാത്രം മതി എന്ന ഭാവം. പോളിറ്റ് ബ്യൂറോ തീരുമാനിച്ചിട്ടാണ് ചിലരെങ്കിലും അവിടെ സ്വയം മുഖംകാട്ടിപ്പോന്നത്. ആ അഹങ്കാരത്തിന് എന്തു സംഭവിച്ചെന്ന് ഇപ്പോള്‍ വ്യക്തമാണ്. ഈ കാഴ്ചകള്‍ കണ്ടാണ് കഴിഞ്ഞദിവസം തലമുതിര്‍ന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് തന്റെ പംക്തിയില്‍ ഇങ്ങനെ എഴുതിയത്:  ”വിഡ്ഢികളുടെ വിഡ്ഢിത്തങ്ങള്‍ ജനങ്ങള്‍ സഹിച്ചേക്കും. പക്ഷേ, തന്‍പ്രമാണിത്തമുള്ളവരുടെ വിഡ്ഢിത്തം സഹിക്കില്ല. പിണറായി വിജയന്‍ ഇങ്ങനെയാണ് പോവുന്നതെങ്കില്‍ ഇന്ത്യയുടെ അധികാര ഭൂപടത്തില്‍നിന്ന് സിപിഎം നല്ലതിനായി ഇല്ലാതായേക്കാം.”സാംബശിവനെപ്പോലെ വിപ്ലവ പാരമ്പര്യമുള്ള നൂറുകണക്കിനു സഖാക്കള്‍ക്ക് ഈ വരികളിലെ മുന്നറിയിപ്പ് നിരാശയോടെ ഉള്‍ക്കൊള്ളുകയേ വഴിയുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss