|    Dec 15 Sat, 2018 12:19 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ചോര കിനിയുന്ന പൊതുനിരത്തുകള്‍

Published : 12th November 2018 | Posted By: kasim kzm

സുബൈര്‍ കുന്ദമംഗലം

കേരളത്തില്‍ വാഹനാപകടങ്ങളും അതേത്തുടര്‍ന്നുള്ള മരണങ്ങളും ഭീതിജനകമാംവിധം വര്‍ധിച്ചുവരുകയാണ്. രാജ്യത്തെ റോഡപകടങ്ങളുടെ കാര്യത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനമാണുള്ളത്. അടുത്തുതന്നെ അത് ഒന്നാംസ്ഥാനത്തെത്തിയേക്കാം. ജനസംഖ്യയില്‍ 3.1 ശതമാനം മാത്രമുള്ള കേരളത്തിലാണ് റോഡപകടങ്ങളുടെ 12 ശതമാനവും അരങ്ങേറുന്നത്.
2017ല്‍ കേരളത്തില്‍ നടന്ന വാഹനാപകടങ്ങള്‍ 38,470. മരണം 4,131. പ്രതിദിനം നടന്ന വാഹനാപകടങ്ങള്‍ 106. 2018ല്‍ ഇതുവരെ 109. വാഹനാപകടങ്ങളില്‍ 70 ശതമാനവും ഇരുചക്രവാഹനങ്ങള്‍ മൂലമാണ് ഉണ്ടാവുന്നത്. 2017ല്‍ 14,967 ബൈക്കപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ മൂലം ജീവന്‍ ഹോമിക്കപ്പെടുന്ന അധികപേരും 17നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ്. നടന്നും സൈക്കിള്‍ ചവിട്ടിയും കലാലയങ്ങളിലെത്തിയ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഇന്ന് ഇരുചക്രവാഹനങ്ങളില്‍ പറന്നാണ് പഠനത്തിനെത്തുന്നത്. ബൈക്കിലും സ്‌കൂട്ടറിലും മൂന്നും നാലും കുട്ടികള്‍ മറ്റു വാഹനങ്ങളുമായി മല്‍സരിച്ചു നടത്തുന്ന മരണപ്പാച്ചില്‍ ഭീതി ജനിപ്പിക്കുന്നതാണ്. ഇരുചക്രവാഹനങ്ങളില്‍ നാലും അഞ്ചും പേരടങ്ങുന്ന കുടുംബം ഒന്നിച്ചു യാത്ര ചെയ്യുന്നതും നിത്യകാഴ്ചയാണ്. കുടുംബാംഗങ്ങള്‍ക്ക് ഓരോ വാഹനമെന്ന നിലപാട് അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിനും ഗതാഗതക്കുരുക്കിനും ഇടവരുത്തുന്നു. വാഹനപ്പെരുപ്പം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും അപകടസാധ്യതയും വളരെ വലുതാണ്. ഇന്ധനവില താങ്ങാവുന്നതിലും അപ്പുറമായിട്ടും വാഹനങ്ങളുടെ കാര്യത്തില്‍ ഒട്ടും കുറവില്ല. അരപ്പട്ടിണി സഹിക്കാം; പക്ഷേ, വാഹനങ്ങളില്‍ പറന്ന് ‘ചെത്താ’തിരിക്കാന്‍ വയ്യ എന്നതാണ് ന്യൂജനറേഷന്റെ മനോനില.
അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ്, മദ്യപാനം, ലഹരി, ദീര്‍ഘദൂര ഡ്രൈവിങ് പോലുള്ളവ അപകടം ക്ഷണിച്ചുവരുത്തും. ബസ്സുകളുടെ മല്‍സരിച്ചുള്ള മരണപ്പാച്ചില്‍ സാധാരണ സംഭവമാണ്. അതുമൂലമുണ്ടാവുന്ന അത്യാഹിതങ്ങളും മരണങ്ങളും സ്ഥിരം കാഴ്ചകളും. ചെറിയ വാഹനങ്ങളെ ഒട്ടും പരിഗണിക്കാതെയാണ് വലിയ വണ്ടികളുടെ കുതിച്ചോട്ടം. മനുഷ്യജീവന് വിലകല്‍പ്പിക്കാതെയുള്ള ചോരക്കളി. ജനങ്ങള്‍ക്കു സുരക്ഷയൊരുക്കേണ്ട അധികാരിവര്‍ഗം ഈ ചോരക്കളി കണ്ടില്ലെന്നു നടിക്കുന്നു. ജനങ്ങളുടെ സൈ്വരജീവിതം തകര്‍ത്തുകൊണ്ടുള്ള റോഡ് വികസനത്തിലാണ് അവര്‍ക്കു താല്‍പര്യം. ദിവസങ്ങളോളം ഉറക്കമൊഴിച്ചുള്ള ദീര്‍ഘദൂര ഡ്രൈവിങും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഡ്രൈവര്‍മാര്‍ക്ക് തുടര്‍ച്ചയായി എത്ര മണിക്കൂര്‍ വാഹനമോടിക്കാം എന്നതു സംബന്ധിച്ച് വ്യക്തമായ നിയമം രൂപപ്പെടുത്തുകയും അതു പ്രയോഗവല്‍ക്കരിക്കുകയും ചെയ്യണം.
റോഡപകടങ്ങളുടെ 40 ശതമാനവും ഡ്രൈവര്‍മാരുടെ മദ്യപാനം മൂലമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതു വഴി ഇന്ത്യന്‍ തെരുവുകളില്‍ ദിനേന മരിച്ചുവീഴുന്നവരുടെ എണ്ണം 270. ലഹരി ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ കാരണം ദിനംപ്രതി 5,000 ഇന്ത്യക്കാര്‍ക്ക് പരിക്കേല്‍ക്കുന്നു. മദ്യപാനം അമിതവേഗത്തിനും അശ്രദ്ധയ്ക്കും വഴിമാറുന്നു. അപകടം വരുത്തിവച്ച ഡ്രൈവറെ തെരുവില്‍ കായികമായി നേരിടുന്നതും ജീവഹാനി വരുത്തുന്നതും കര്‍ശന നിയമം മൂലം തടയണം.
ഇരുചക്രവാഹനക്കാര്‍ക്കും സഹയാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുക. ഡ്രൈവറുടെ മദ്യപാനം തിരിച്ചറിയാനുള്ള ആല്‍ക്കോമീറ്റര്‍ സംസ്ഥാന പോലിസ് സ്റ്റേഷനുകളില്‍ ലഭ്യമാക്കുക, വേഗം നിജപ്പെടുത്താനും നിയന്ത്രിക്കാനും വേഗപ്പൂട്ടും കാമറയും സംവിധാനിക്കുക, ട്രാഫിക് രംഗം കാര്യക്ഷമവും കുറ്റമറ്റതുമാക്കുക, ശബ്ദമലിനീകരണം ഒഴിവാക്കാനായി ഹോണിന്റെ ദുരുപയോഗം നിയന്ത്രിക്കുക പോലുള്ളവ ക്രിയാത്മകമായ നിര്‍ദേശങ്ങളാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്ന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുക, ബോധപൂര്‍വം ജീവാപായം വരുത്തുന്നവരെ ജയിലിലടച്ച് പരമാവധി ശിക്ഷ നടപ്പാക്കുക, ഇരയ്ക്ക് ചോരപ്പണം ലഭ്യമാക്കുക, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ലൈസന്‍സില്‍ പോയിന്റ് അടിസ്ഥാനത്തിലുള്ള ശിക്ഷാരീതി കൊണ്ടുവരുക പോലുള്ള പരിഷ്‌കരണവും നടപ്പില്‍വരുത്താവുന്നതാണ്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss