|    Aug 20 Sun, 2017 12:17 am
FLASH NEWS

ചോര്‍ന്നൊലിച്ച വീട്ടില്‍ കാരുണ്യത്തിന്റെ കൈത്താങ്ങായി ചോരാത്ത വീട് പദ്ധതി

Published : 8th August 2017 | Posted By: fsq

 

മാന്നാര്‍: ചോര്‍ന്നൊലിച്ച വീട്ടില്‍ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ചോരാത്ത വീട് പദ്ധതി. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ അന്തിയുറങ്ങിയ കുട്ടമ്പേരൂര്‍ മുട്ടേല്‍ കരിയില്‍കളത്തില്‍ കെ എം രവി, വസന്ത കെ സി, ആര്‍ ആതിര ഇവര്‍ക്ക് തിരുവോണനാളില്‍ ചോരാത്ത വീട്ടില്‍ താമസിക്കാം.  ഈ വീടിന്റെ ദയനീയാവസ്ഥ നാട്ടുകാര്‍ മുന്‍ പഞ്ചായത്തംഗം കൂടിയായ ചോരാത്തവീട് പദ്ധതി ചെയര്‍മാന്‍ കെ എ കരീമിനെ ധരിപ്പിക്കുകയായിരുന്നു.    സുമനസ്സുകളുടെ സഹകരണത്തോടെയാണ് ചോരാത്ത വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത്തിയൊന്നാമത്തെ വീടായി ഇതു പൂര്‍ത്തീകരിക്കുന്നത്.    മേല്‍ക്കൂര മുഴുവന്‍ തകര ഷീറ്റ് പെറുക്കിയിട്ട നിലയിലായിരുന്ന വീട്ടില്‍ മഴയാണെങ്കില്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ച് നേരം വെളുപ്പിക്കേണ്ട അവസ്ഥയിലായിരുന്നു.    കൂലിപ്പണിക്കാരനായ രവിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം നിത്യവൃത്തി കഴിഞ്ഞുപോന്നിരുന്നത്.   അതിനിടയില്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കാതെ പോകുകയായിരുന്നു.  നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ: കെ കെ  രാമചന്ദ്രന്‍നായര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പദ്ധതി ചെയര്‍മാന്‍ കെ എ കരിം അദ്ധ്യക്ഷത വഹിച്ചു. കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍ മുഖ്യാതിഥി ആയിരുന്നു.  ഗ്രാമപഞ്ചായത്തംഗം അന്നമ്മ വര്‍ഗീസ്, സാമുവല്‍ ഐപ്പ്, കെ സി രാഘവന്‍, പി. കരുണാകരന്‍,  സി എന്‍ അഷ്‌റഫ്, സുരേഷ്‌കുമാര്‍ കെ.എസ്, കെ ജനാര്‍ദ്ദനന്‍, ടി.എസ്. ഷെഫീഖ്, സുധീര്‍ എലവണ്‍സ് സംസാരിച്ചു. ഓണത്തിന് മുമ്പ് മാന്നാര്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ  രണ്ട് വീടുകള്‍ കൂടി പൂര്‍ത്തീകരിക്കുമെന്ന് പദ്ധതി ചെയര്‍മാന്‍ കെ എ കരിം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക