|    Oct 22 Sun, 2017 3:01 am

ചോര്‍ന്നൊലിക്കാത്ത വീടിനായി ലക്ഷ്മിയമ്മ കാത്തിരിക്കുന്നു

Published : 15th July 2017 | Posted By: fsq

 

മാനന്തവാടി: ഏഴുപതാം വയസ്സിലും ചോര്‍ന്നൊലിക്കാത്തൊരു വീട് സ്വപ്‌നംകണ്ടു കഴിയുകയാണ് വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ മഴുവന്നൂര്‍ പുത്തന്‍വീട്ടില്‍ ലക്ഷ്മിയമ്മ. കാറ്റിലും മഴയിലും ഏതുനിമിഷവും നിലംപൊത്താവുന്ന പ്ലാസ്റ്റിക് മേഞ്ഞ ഷെഡിലാണ് ലക്ഷ്മിയമ്മയും മകനും താമസിക്കുന്നത്. 27 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചശേഷം കൂലിപ്പണിയെടുത്താണ് ഏക മകനെ വളര്‍ത്തിയത്. അഞ്ചു സെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. മെഡിക്കല്‍ ഷോപ്പില്‍ താല്‍ക്കാലിക ജോലി ചെയ്യുന്ന മകന്റെ തുച്ഛമായ വരുമാനമാണ് വീട്ടില്‍ അടുപ്പ് പുകയ്ക്കുന്നത്. കാറ്റിലും മഴയിലും ചോര്‍ന്നൊലിക്കാതെ കയറിക്കിടക്കാന്‍ ഒരു വീടെന്ന സ്വപ്‌നവുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. ത്രിതല പഞ്ചായത്ത് തലത്തില്‍ നിരവധി തവണ വീടിനായി അപേക്ഷിച്ചെങ്കിലും അനുകൂല തീരുമാനങ്ങള്‍ ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ പതിമൂന്നാം വാര്‍ഡ് ഗ്രാമസഭാ യോഗത്തിലും വീടെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പഞ്ചായത്ത് വകയായി വീടില്ലെന്ന മറുപടിയാണ് ലഭിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുമ്പോഴും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനാണ് ലക്ഷ്മിയമ്മയുടെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക