|    Jan 23 Tue, 2018 5:45 am
FLASH NEWS

ചോര്‍ച്ച, വെള്ളക്കെട്ട് : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഫാര്‍മസി മാറ്റുന്നു

Published : 5th August 2017 | Posted By: fsq

 

പത്തനംതിട്ട: കെട്ടിടം ചോര്‍ന്ന് അപകടനിലയില്‍ ആയതിനാല്‍ ജനറല്‍ ആശുപത്രിയിലെ ഫാര്‍മസി മാറ്റുന്നു. പാലിയേറ്റീവ് കെയര്‍ റൂമിലും ശബരിമല വാര്‍ഡിലുമായി മരുന്നു വിതരണം നടത്താന്‍ തീരുമാനിച്ചതായി ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍ അറിയിച്ചു.  ഫാര്‍മസിയോടു ചേര്‍ന്ന പാലിയേറ്റീവ് കെയര്‍ റൂമില്‍ ഒരു കൗണ്ടറും ശബരിമല വാര്‍ഡില്‍ രണ്ട് കൗണ്ടറുകളും  തുടങ്ങും. രണ്ടു ദിവസത്തിനുളളില്‍ പുതിയ കൗണ്ടറുകളില്‍ മരുന്നു വിതരണം ആരംഭിക്കും. കനത്ത മഴയില്‍ ജനറല്‍ ആശുപത്രിയിലെ ഫാര്‍മസി കെട്ടിടത്തിലുണ്ടായ വന്‍ ചോര്‍ച്ചയില്‍ മരുന്നു പായ്ക്കറ്റുകള്‍ നനയുകയാണ്. വെള്ളിയാഴ്ചയും വ്യാഴാഴ്ച രാത്രിയിലും കനത്ത ചോര്‍ച്ചയായിരുന്നു. ഫാര്‍മസി ജീവനക്കാര്‍ സമയോചിതമായി ഇടപെട്ട്  മരുന്നുകള്‍  തൊട്ടടുത്തു പാലിയേറ്റീവ് റൂമിലേക്കു മാറ്റി. വലിയ നഷ്ടമാണ് ഒഴിവായത്. വെള്ളിയാഴ്ച  ഒരു മണിക്കൂറോളം മരുന്നു വിതരണം തടസ്സപ്പെട്ടു.  കാലപ്പഴക്കം കൊണ്ട്  അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ ഓട് നഷ്ടപ്പെട്ട ഭാഗത്തുകൂടി വെള്ളം വീഴുന്നു. ഭിത്തിയും പൊട്ടിയ നിലയിലാണ്. ജീവനക്കാര്‍ കുട നിവര്‍ത്തിയും ബക്കറ്റ് വച്ചും മരുന്നു പായ്ക്കറ്റുകളിലേക്ക് വെള്ളം വീഴാതെ തടഞ്ഞെങ്കിലും മഴ ശക്തമായപ്പോള്‍ എല്ലാം പാളി.  തറയില്‍ കാല്‍പ്പാദം മുങ്ങുന്ന നിലയിലാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. ഫാന്‍ സ്ഥാപിച്ചിരിക്കുന്ന ഹുക്കുകള്‍ വഴിയും വെളളം വാര്‍ന്നു വീഴുന്നു. സ്വിച്ച് ബോര്‍ഡുകളിലേക്ക് വെള്ളം ഇറങ്ങിയതിനാല്‍ ഫാര്‍മസിയിലെ ലൈറ്റുകളും ഫാനും മരുന്നു വയ്ക്കുന്ന ഫ്രിഡ്ജും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഷോക്കടിക്കുമെന്ന ഭയത്തിലാണ് ജീവനക്കാര്‍ ജോലി  ചെയ്യുന്നത്.   പാലിയേറ്റീവ് റൂമില്‍  മരുന്നു വയ്ക്കാന്‍ റാക്കുകളില്ലാത്തതിനാല്‍ കൂട്ടിയിട്ടിരിക്കുകയാണ്.   രോഗികള്‍ കൊണ്ടുവരുന്ന കുറിപ്പടി നോക്കി മരുന്നു തിരഞ്ഞെടുക്കുന്നതിന് ഏറെ സമയമെടുക്കുന്നു. ഫാര്‍മസി കെട്ടിടം ചോര്‍ന്ന് പ്രവര്‍ത്തനത്തെ ബാധിച്ചിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇത്തവണ മഴ തുടങ്ങിയപ്പോള്‍  കെട്ടിടത്തിന്റെ മുകളില്‍ ഒരു ഭാഗത്ത് ടാര്‍പ്പാളിന്‍ വലിച്ചു കെട്ടിയിരുന്നു. ഇതുകൊണ്ടും ചോര്‍ച്ച തടയാനാവാത്ത സ്ഥിതിയായി. ഫാര്‍മസി കെട്ടിടം താല്‍ക്കാലികമായി സംരക്ഷിക്കുന്നതിന് മേല്‍ക്കൂരയില്‍ റൂഫ് സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ കാലവര്‍ഷത്തിനു മുമ്പേ നഗരസഭയ്ക്ക് മൂന്നു കത്തുകള്‍ നല്‍കിയിരുന്നു.  എസ്റ്റിമേറ്റിനെച്ചൊല്ലിയുളള തര്‍ക്കം കാരണം പണി തുടങ്ങാനായിട്ടില്ല. 20 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് മുനിസിപ്പല്‍ എന്‍ജിനീയര്‍ നല്‍കിയത്. ഇതു വലിയ തുകയാണെന്നും  പുതുക്കി നല്‍കണമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പങ്കെടുത്ത ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day