|    May 24 Wed, 2017 5:25 pm
FLASH NEWS

ചോരമണക്കുന്ന ഗുജറാത്ത് മാതൃകയുടെ അനുഭവങ്ങളുമായി സാകിയ ജഫ്‌രി

Published : 1st October 2016 | Posted By: SMR

sakariya

കോഴിക്കോട്: 2002ലെ ഗുജറാത്ത് വംശഹത്യയുടെ ഇരയും മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ ജഫ്‌രി ഇന്ന് കോഴിക്കോട്ടെത്തും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജന മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് സാകിയ ജഫ്‌രി കോഴിക്കോട്ടെത്തുന്നത്.
2002 ഫെബ്രുവരി 28ന് സര്‍ക്കാരിന്റെയും പോലിസിന്റെയും സഹകരണത്തോടെ നടത്തിയ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയിലാണ് ഇഹ്‌സാന്‍ ജഫ്‌രി കൊല്ലപ്പെടുന്നത്. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ 67 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് കത്തിച്ചതിന്റെ മറവില്‍ വ്യാപകമായ കലാപമാണ് സംസ്ഥാനത്തുടനീളം മുസ്‌ലിം പ്രദേശങ്ങളില്‍ സംഘപരിവാരം നടത്തിയത്.
അക്രമിസംഘം വീട്ടിലേക്ക് വരുമ്പോള്‍ തന്നെ മുന്‍ എംപിയായ ഇഹ്‌സാന്‍ ജഫ്‌രി സഹായത്തിനായി മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാരുടെ മുന്നില്‍വച്ച് ഇഹ്‌സാന്‍ ജഫ്‌രി—യെ മാരകമായി വെട്ടി നുറുക്കി. കൈകാലുകള്‍ അറ്റുതൂങ്ങിയിട്ടും അക്രമികള്‍ ജഫ്‌രിയെ വെറുതെ വിട്ടില്ല. അദ്ദേഹത്തെ പെട്രോളൊഴിച്ച് കത്തിച്ചു. കൂട്ടക്കൊലയില്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നും ഈ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ ജഫ്‌രി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കേസ് ഫയല്‍ചെയ്തു. കേസ് അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പ്രമുഖരെയെല്ലാം ഒഴിവാക്കിക്കൊണ്ടാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയത്. തല്‍ഫലമായി പ്രമുഖരെല്ലാം രക്ഷപ്പെട്ടു. അവശേഷിച്ചവര്‍ക്കാവട്ടെ ചെറിയ ശിക്ഷയാണ് വിധിച്ചത്.
നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് സാകിയ ജഫ്‌രി. നിരന്തരമായ ഭീഷണിയും പ്രകോപനങ്ങളും ഉണ്ടായിട്ടും വാര്‍ധക്യത്തിലും തളരാതെ കുറ്റവാളികളെ പുറത്ത് കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാലാളുകള്‍ക്കെതിരേയല്ല, പ്രകോപനപരമായ സാഹചര്യം സൃഷ്ടിച്ച് അവരെ നിയോഗിച്ചവര്‍ക്കെതിരേയാണ് എന്റെ പോരാട്ടമെന്ന് സാകിയ പറഞ്ഞു. ഗുജറാത്ത് കലാപം സൃഷ്ടിച്ച ഇരുള്‍പടര്‍പ്പുകളെ പൊതുജനങ്ങളുമായി പങ്കുവയ്ക്കാനാണ് സാകിയ ജഫ്‌രി കോഴിക്കോട്ടെത്തുന്നത്.രാജ്യത്ത് വികസനത്തിന്റെ പേരില്‍ അധികാരത്തിലേറി വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയത്തിനെതിരേ കേരളത്തില്‍ വലിയ പ്രതിഷേധം നടക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്ന് സാകിയ ജഫ്‌രി തേജസിനോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day