|    Nov 21 Wed, 2018 8:13 am
FLASH NEWS
Home   >  Editpage  >  Readers edit  >  

ചോദ്യചിഹ്നമായി വാര്‍ധക്യം

Published : 6th November 2016 | Posted By: SMR

slug-enikku-thonnunnathuമുരുകന്‍, തരൂര്‍

പതിവുപോലെ ഒരു ലോക വയോജനദിനം കൂടി കടന്നുപോയി. വാര്‍ധക്യപുരാണം വീണ്ടും ആവര്‍ത്തിക്കുകയല്ല. കൈ പിടിക്കാന്‍ ഒരാളു വരുമ്പോള്‍, വിരല്‍ പിടിച്ചു നടക്കാന്‍ പഠിപ്പിച്ച മാതാപിതാക്കളെ മറക്കുന്ന ഇക്കാലത്ത്, എത്ര ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായാലും അതൊന്നും അധികപ്പറ്റാകുമെന്ന് നമുക്കാര്‍ക്കും തോന്നില്ല. അതെ, ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുന്ന വാര്‍ധക്യത്തെക്കുറിച്ചാണ് ഈ കുറിമാനം.
സ്വാര്‍ഥതയുടെ തുരുത്തുകളില്‍ കൂടുകൂട്ടാന്‍ വെമ്പല്‍കൊള്ളുന്ന ജീവിതപരിഷ്‌കാരത്തിന്റെ വഴിത്തിരിവിലാണ് വര്‍ത്തമാനകാല സമൂഹം. അതിവേഗം നഗരവല്‍കൃതമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍, ഞാനും എന്റെ കുടുംബവുമെന്ന സങ്കല്‍പവുമായി ഫഌറ്റുകളില്‍ ചേക്കേറുമ്പോള്‍, യഥാര്‍ഥത്തില്‍ ഫഌറ്റായതു മാതാപിതാക്കളാണ്. അത്തരം പ്രവണതകള്‍ വര്‍ധിച്ചുവരുകയാണെങ്കിലും അതിലൊന്നും നമുക്ക് യാതൊരുവിധ ചങ്കിടിപ്പോ കുറ്റബോധമോ തോന്നുന്നില്ല എന്നുള്ളതും ഏറെ വിചിത്രം തന്നെ.
തിരക്കുപിടിച്ച ആധുനിക ജീവിതത്തിന്റെയും പുത്തന്‍ ജീവിതശൈലിയുടെയും ഒക്കെ ഭാഗമാണെന്നു കരുതി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ട് തറവാടിന്റെ അകത്തളങ്ങളിലും ഫഌവര്‍വേസ് പോലെ ഫഌറ്റുകളിലും ഒതുങ്ങിക്കഴിയുമ്പോഴും മനോവേദനയോടെ അവര്‍ ആ യാഥാര്‍ഥ്യം തിരിച്ചറിയുന്നു- നിനക്കു ഞാനും എനിക്കു നീയും അവസാനം തനിക്കു താന്‍ മാത്രം തുണയാവുന്ന അവസ്ഥയും. ഒരുവേളയെങ്കിലും തങ്ങള്‍ക്കും അത്തരമൊരു അനുഭവതലത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നു പുതുതലമുറ ചിന്തിച്ചിരുന്നുവെങ്കില്‍, ഒരുപക്ഷേ സമൂഹത്തില്‍ ഇത്രയധികം വൃദ്ധസദനങ്ങള്‍ ഉയരുമായിരുന്നില്ല.
മക്കള്‍ക്കും കാലത്തിനും മുന്നില്‍ ചോദ്യചിഹ്നമായി മാറുകയാണ് വാര്‍ധക്യം. മക്കളുടെ സാന്ത്വനവും സ്‌നേഹവും സാമീപ്യവും കൊതിക്കുന്ന വാര്‍ധക്യത്തിന് ഇന്നു പക്ഷേ, കിട്ടുന്നത് പരിഹാസവും അവഗണനയുമാണ്. ഒറ്റമരച്ചില്ലയില്‍ കൂടുകൂട്ടിയതുപോലെ, താങ്ങും തണലുമില്ലാതെ, മക്കളുടെ വിളിയേക്കാള്‍ മരണത്തിന്റെ കാലൊച്ചയ്ക്കായി കാതോര്‍ത്തിരിക്കുന്ന ജീവിതസായാഹ്നത്തിന്റെ, ജീവിതവാര്‍ധക്യത്തിന്റെ ദൈന്യത വാക്കുകള്‍ക്ക് അതീതമാണ്.
വാര്‍ധക്യം ഒരവസ്ഥ എന്നതിലുപരി അനുഭവതലം കൂടിയാണ്. അതുകൊണ്ടാണ് പച്ചില പഴുത്തിലയെ നോക്കി പരിഹസിക്കരുതെന്നു പണ്ടുള്ളവര്‍ നമ്മോട് പറയുന്നത്. കാരണം, ഒരു നാള്‍ മക്കളും ആ അനുഭവത്തിലൂടെ കടന്നുപോവേണ്ട യാഥാര്‍ഥ്യതലം കൂടിയാണത്. 2050ഓടുകൂടി വൃദ്ധജനസംഖ്യ യുവജനതയെ മറികടക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ രക്ഷിതാക്കളോടുള്ള പെരുമാറ്റം ഒരുപക്ഷേ ഇതിലും മോശമാവാനേ തരമുള്ളൂ.
അതുകൊണ്ടുകൂടിയാവാം ബോധവല്‍ക്കരണ ഉദ്യമത്തേക്കാളുപരി (അഥവാ, നടത്തിയിട്ടും വലിയ കാര്യമൊന്നും ഉണ്ടാവില്ലെന്നു മനസ്സിലാക്കിയതുകൊണ്ടുകൂടിയാവാം) സര്‍ക്കാരുകളും മത-സാമുദായിക-സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും വൃദ്ധസദനങ്ങള്‍ പണിതുയര്‍ത്തുന്നത്. ബന്ധങ്ങളുടെ മൂല്യത്തകര്‍ച്ചയ്‌ക്കെതിരേയുള്ള ഇത്തരം ഓട്ടയടയ്ക്കല്‍ നടപടികള്‍ യഥാര്‍ഥത്തില്‍ മൂല്യശോഷണത്തെ ത്വരിതപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മൂല്യച്യുതിക്കെതിരേ മൂല്യശോഷണം കൊണ്ട് അഭിഷേകം എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍.
മനസ്സാക്ഷിക്കുത്തില്ലാതെ മാതാപിതാക്കളെ വൃദ്ധസദനത്തിലും ആരാധനാലയങ്ങളിലും നടതള്ളുന്നത് ഫാഷനായി മാറുമ്പോള്‍, രക്ഷിതാക്കള്‍ അധികപ്പറ്റായി മാറുകയാണോ എന്ന ആശങ്ക ബലപ്പെടുകയാണ്. പ്രത്യേകിച്ച്, പെറ്റമ്മയുടെ പേറ്റുനോവിനും കൈപിടിച്ചു നടത്തി, സ്വന്തം കാലില്‍ നില്‍ക്കാവുന്നത്ര വളര്‍ത്തിയ പിതാവിന്റെ അധ്വാനത്തിനു വരെ വിലയിടുന്ന തലമുറയാണെന്ന വസ്തുതയും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ആ ആശങ്ക അസ്ഥാനത്തല്ലതാനും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss