|    Sep 25 Tue, 2018 10:26 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചോദിച്ചത് 2000 കോടി; വാഗ്ദാനം 500 കോടി

Published : 19th August 2018 | Posted By: kasim kzm

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കേരളം നേരിടുന്ന രൂക്ഷമായ പ്രളയക്കെടുതി വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് 500 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കൊച്ചിയിലെ നാവിക ആസ്ഥാനത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഈ മാസം 12ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ സന്ദര്‍ശനത്തിനും അവലോകന യോഗത്തിനും ശേഷം പ്രഖ്യാപിച്ച 100 കോടിക്കു പുറമേയാണിത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറയ്ക്കു ലഭ്യമാക്കാമെന്ന ഉറപ്പും യോഗത്തില്‍ പ്രധാനമന്ത്രി നല്‍കി. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നു നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് യഥാസമയം നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രത്യേക ക്യാംപുകളും നാശനഷ്ടം വിലയിരുത്തലും നടത്താന്‍ പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. ഫസല്‍ ബീമാ യോജന പ്രകാരം കര്‍ഷകര്‍ക്കുള്ള ക്ലെയിമുകള്‍ എത്രയും വേഗം അനുവദിച്ചുനല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രളയത്തില്‍ തകര്‍ന്ന റോഡുകളില്‍ പ്രധാന ദേശീയപാതകള്‍ ആദ്യം നന്നാക്കാന്‍ ദേശീയ ഹൈവേ അതോറിറ്റിക്കു നിര്‍ദേശം നല്‍കി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി ആവശ്യമായ സഹായം നല്‍കണമെന്ന് എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ഭവനപദ്ധതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു മുന്‍ഗണനാ ക്രമത്തില്‍ വീടുകള്‍ അനുവദിക്കും.
2018-19ലെ തൊഴില്‍ ബജറ്റില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 5.5 കോടി മനുഷ്യാധ്വാന ദിനങ്ങള്‍ അനുവദിച്ചു. തോട്ടകൃഷി നശിച്ച കര്‍ഷകര്‍ക്കു വീണ്ടും കൃഷി ആരംഭിക്കാന്‍ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ചര്‍ പ്രകാരം സഹായം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഗവര്‍ണര്‍ സദാശിവം, ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss