|    Jan 24 Tue, 2017 12:36 am

ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍അവിശ്വാസം: വോട്ടെടുപ്പ് ഇന്ന്

Published : 19th October 2016 | Posted By: Abbasali tf

കാളികാവ്: ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ എന്നിവര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഇന്ന്. വൈസ് പ്രസിവിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ രാജിവച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസിമ താമ്മലും രാജി നല്‍കി. ഇന്നു രാവിലെ പതിനൊന്നു മണിക്ക് വോട്ടെടുപ്പ് നടക്കും. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി. സിപിഎമ്മും ലീഗും ചേര്‍ന്നാണ് ഒമ്പത് മാസമായി ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത്. സിപിഎമ്മിലെ വിഭാഗീയത കാരണം വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗ മാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പഞ്ചായത്തില്‍ യഥാര്‍ഥത്തില്‍ പ്രതിപക്ഷമില്ലായിരുന്നു.ആറ് അംഗങ്ങളുള്ള സിപിഎമ്മിലെ അഞ്ചാം വാര്‍ഡ് അംഗം ഷാഹിന ഗഫൂര്‍ മുസ്‌ലിം ലീഗിലെ നാല് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായത്. മാളിയേക്കല്‍ മേഖലയിലെ മൂന്ന് വാര്‍ഡുകളെ അവഗണിച്ചെന്നാരോപിച്ച്  സിപിഎമ്മിലെ മൂന്ന് അംഗങ്ങള്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്തില്ല. ഇതോടെ കോണ്‍ഗ്രസ് അംഗം ആനിക്കോട്ടില്‍ ഉണ്ണികൃഷണന്‍ കോണ്‍ഗ്രസിലെ എട്ട് അംഗങ്ങളുടെ പിന്തുണയോടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. പ്രതിപക്ഷമില്ലാത്ത ഗ്രാമപ്പഞ്ചായത്ത് എന്നതിനാല്‍ പലപ്പോഴും ഭരണ പ്രതിസന്ധി രൂക്ഷമാണ്.യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും ഒന്നിക്കാന്‍ തീരുമാനിച്ചതോടെയാണ് അവിശ്വാസ പ്രമേയങ്ങള്‍ക്ക് കളമൊരുങ്ങിയത്. കഴിഞ്ഞ ഏതാനും ബോര്‍ഡ് യോഗങ്ങളില്‍ ലീഗും കോണ്‍ഗ്രസും ഒന്നിച്ചാണ് നിന്നത്. ഇതോടെ പിഎംഎവൈ ലിസ്റ്റ് അംഗീകരിക്കുന്ന കാര്യത്തില്‍ ഭരണ കക്ഷി പരാജയപ്പെട്ടിരുന്നു. ലീഗിലെ സ്വതന്ത്ര അംഗമായ സി എം ഹമീദലി സിപിഎമ്മിന്റെ ഒപ്പം നിന്നെങ്കിലും ഏഴിനെതിരേ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെ പഴയ ലിസ്റ്റ് അംഗീകരിക്കേണ്ടി വന്നു. അങ്കണവാടി നിയമനങ്ങളിലും ലീഗും കോണ്‍ഗ്രസും ഒന്നിച്ചതോടെ സിപിഎം തീരുമാനം നടപ്പിലാക്കാനായിട്ടില്ല. കോണ്‍ഗ്രസും ലീഗും ഒന്നിച്ചതോടെ ഭരണമാറ്റം ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ധാരണ പ്രകാരം  ആദ്യ പകുതി കോണ്‍ഗ്രസ് അംഗമായിരിക്കും പ്രസിഡന്റാവുക. വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗ് അംഗവും ആയിരിക്കും. ലീഗ് അംഗത്തിന് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് വേണ്ടി നിലവിലെ വൈസ് പ്രസിഡന്റ് രാജിവച്ചത്. ഇത് സംബന്ധിച്ച് ലീഗിന്റേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച്ച രാത്രി വണ്ടൂരിലെ എം എല്‍എയുടെ  ക്യാംപ് ഓഫിസില്‍ നടന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എംഎല്‍എ എ പി അനില്‍കുമാര്‍, ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, മുസ്‌ലിം ലീഗ് വണ്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി ഖാലിദ് മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. അതിനിടെ കോണ്‍ഗ്രസ്സുമായുള്ള ബാന്ധവത്തില്‍ ലീഗില്‍ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക