|    Jan 20 Fri, 2017 5:09 am
FLASH NEWS

ചൊവ്വാ ഗ്രഹത്തിലെ ജലസാന്നിധ്യം

Published : 20th October 2015 | Posted By: swapna en

oneണ്ടുമുതല്‍ക്കേ മനുഷ്യനു വളരെ താല്‍പര്യം തോന്നിയിരുന്ന ഗ്രഹമാണ് ചൊവ്വ. അതുകൊണ്ടാവണമല്ലോ എച്ച് ജി വെല്‍സിന്റെ (1866-1946) ലോകങ്ങളുടെ യുദ്ധം എന്ന നോവലില്‍ ചൊവ്വയില്‍ നിന്നു ജീവികള്‍ വന്നു ഭൂമിയെ ആക്രമിക്കുന്നതായി സങ്കല്‍പിച്ചത്. ബാബിലോണിയന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളാവാം ആദ്യമായി ചൊവ്വയെ നിരീക്ഷിച്ചു രേഖപ്പെടുത്തിയത്. രാത്രികാലങ്ങളില്‍ ആകാശത്തില്‍ അലഞ്ഞുനടക്കുന്ന വmars_pebblesസ്തുവായി ക്രി.മു. 1534ല്‍ ഈജിപ്ഷ്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ചൊവ്വയെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രഹത്തിന്റെ പശ്ചാത്ഗതിയെപ്പറ്റി അവര്‍ക്ക് അറിവുണ്ടായിരുന്നിരിക്കണം. ചന്ദ്രനു പിറകില്‍ ചൊവ്വ മറയുന്നതായി ക്രി.മു. മൂന്നാം നൂറ്റാണ്ടില്‍ അരിസ്റ്റോട്ടില്‍ കാണുകയും ഗ്രഹം ചന്ദ്രനേക്കാള്‍ കൂടുതല്‍ അകലത്തിലാണെന്നു മനസ്സിലാക്കുകയും ചെയ്തു. പുരാതന ഗ്രീസിലെ ആദ്യകാലത്തെ വാനനിരീക്ഷകരെ ബാബിലോണിയന്‍ ആശയങ്ങള്‍ കാര്യമായി സ്വാധീനിച്ചിരുന്നു.

യുദ്ധത്തിന്റെയും മഹാമാരിയുടെയും ദേവനായ നെഗലുമായിട്ടാണ് അവര്‍ ചൊവ്വയെ ബന്ധപ്പെടുത്തിയിരുന്നത്. അതുകൊണ്ട് ഗ്രീക്കുകാരും ചൊവ്വാ ഗ്രഹത്തെ തങ്ങളുടെ യുദ്ധദേവനായ മാര്‍സിനോട് ബന്ധപ്പെടുത്തി. അങ്ങനെയാണ് ഗ്രഹത്തിന് ആ പേരു വന്നത്. ചൈനയിലാണെങ്കില്‍ ജോ വംശത്തിന് (ക്രി.മു. 1045) മുമ്പുതന്നെ ചൈനക്കാര്‍ ചൊവ്വയെ നിരീക്ഷിച്ചു രേഖപ്പെടുത്താന്‍ ആരംഭിച്ചിരുന്നു. ചിന്‍ വംശത്തിന്റെ കാലത്ത് ഗ്രഹങ്ങളെ നിരീക്ഷിച്ച് സ്ഥാനങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വാനനിരീക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഏതാണ്ട് ഏഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുണ്ടായിരുന്ന ടാങ് വംശത്തിന്റെ കാലത്ത് ആ ഗ്രഹത്തിന്റെ ചലനവും ഭ്രമണപഥവും സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്കു ലഭിച്ചിരുന്നു.mars-streams-Hottah ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയത്തുപോലും ചൊവ്വയുടെ കോണിക വ്യാസം (നാം ആകാശത്തു കാണുന്ന വലുപ്പം) 25 കോണിക സെക്കന്റ് മാത്രമാണ്. (അതായത് ചന്ദ്രബിംബത്തിന്റെ ഏതാണ്ട് എഴുപതിലൊന്നു വലുപ്പം).

നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹത്തിലെ സവിശേഷതകളൊന്നും കാണാനാവില്ല. അതുകൊണ്ട് 1610 സപ്തംബറില്‍ ഗലീലിയോ ഗലീലി ദൂരദര്‍ശിനി അങ്ങോട്ടു തിരിച്ചപ്പോള്‍ പോലും കാര്യമായൊന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നീട് 1645ല്‍ ചന്ദ്രന്റേതുപോലെ വൃദ്ധിക്ഷയങ്ങള്‍ ചൊവ്വയ്ക്കും കാണാമെന്ന് പോളിഷ് വാനനിരീക്ഷകനായ യോഹാന്‍ ഹവേലിയസ് (1611-1687) കണ്ടെത്തി. ചൊവ്വയില്‍ രണ്ട് ഇരുണ്ട പാടുകള്‍ കണ്ടതായി 1644ല്‍ ഇറ്റാലിയന്‍ സാഹിത്യകാരനും ജസ്യൂട്ട് പാതിരിയുമായിരുന്ന ദാനിയെല്ലോ ബാര്‍ത്തൊലി (1608-1685) അവകാശപ്പെട്ടു. അതിനു ശേഷം 1651, 1653, 1655 എന്നീ വര്‍ഷങ്ങളില്‍ ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തിയ സമയത്ത് ജൊവാനി ബത്തിസ്ത റിച്ചോലിയും (1598-1671) അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്ന ഫ്രാന്‍സെസ്‌കോ മരിയ ഗ്രിമാള്‍ഡിയും (1618-1663) ചേര്‍ന്ന് ചൊവ്വയില്‍ വ്യത്യസ്ത പ്രതിഫലനശേഷിയുള്ള ഭാഗങ്ങള്‍ കണ്ടതായി പ്രഖ്യാപിച്ചു.

ചൊവ്വയുടെ ഭൂപടം ആദ്യമായി വരച്ചത് പ്രമുഖ ഡച്ച് വാനനിരീക്ഷകനായിരുന്ന ക്രിസ്ത്യന്‍ ഹൈജന്‍സ് (1629-1695) ആണ്. ചൊവ്വയുടെ ഭൂപടം 1659 നവംബര്‍ 28ന് അദ്ദേഹം തയ്യാറാക്കി. അതിന്റെ ഭ്രമണകാലം ആ വര്‍ഷം തന്നെ ഹൈജന്‍സ് തിട്ടപ്പെടുത്തി. അദ്ദേഹത്തിനു ലഭിച്ച സമയം വളരെ കൃത്യത ഏറിയതായിരുന്നു. 1672ല്‍ ചൊവ്വയുടെ ഉത്തരധ്രുവത്തില്‍ ഒരു വെളുത്ത അസ്പഷ്ടമായ തൊപ്പി ഹൈജന്‍സ് കണ്ടു. 1777 മുതല്‍ ജര്‍മന്‍-ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞനായിരുന്ന സര്‍ വില്യം ഹെര്‍ഷല്‍ (1738-1822) ചൊവ്വയുടെ ധ്രുവങ്ങളിലെ വെളുത്ത തൊപ്പി നിരീക്ഷിക്കാന്‍ ആരംഭിച്ചു. ദക്ഷിണ ധ്രുവത്തിലെ മഞ്ഞുതൊപ്പി വളരെ വലുതാണെന്ന് അദ്ദേഹം കണ്ടു. പിന്നീട് 1796നും 1809നും ഇടയ്ക്ക് ഫ്രഞ്ച് വാനനിരീക്ഷകനായ ഓണോരെ ഫ്‌ളോഷേര്‍ഗ് (1755-1835) ചൊവ്വയെ നിരീക്ഷിക്കുകയും അവിടെ ഇടയ്ക്ക് മണ്ണിന്റെ നിറമുള്ള മൂടുപടം വന്നു മൂടുന്നതായി കാണുകയും ചെയ്തു. ചൊവ്വയില്‍ ഉണ്ടാവുന്ന പൊടിക്കാറ്റുകളുടെ ആദ്യത്തെ നിരീക്ഷണമായിരുന്നു ഇത്.

1877ല്‍ ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്തെത്തിയ സമയത്ത് ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ജിയോവാനി ഷിയാപാരെല്ലി (1835-1910) 22 സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ദൂരദര്‍ശിനി ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിന്റെ വിശദമായ ഭൂപടം ആദ്യമായി ഉണ്ടാക്കി. ഈ ഭൂപടങ്ങളില്‍ അദ്ദേഹം കനാലിയെന്നു പേരിട്ട ഭാഗങ്ങളുണ്ടായിരുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ നേര്‍വരകളായി കാണപ്പെടുന്ന ഭാഗങ്ങളായിരുന്നു ഇവ. ഈ നീണ്ട രേഖകള്‍ക്ക് അദ്ദേഹം ഭൂമിയിലെ ചില പ്രശസ്ത നദികളുടെ പേരുകളാണ് നല്‍കിയത്. അദ്ദേഹത്തിന്റെ പദം പലപ്പോഴും ഇംഗ്ലീഷിലേക്ക് കനാല്‍ എന്നു തെറ്റായി തര്‍ജമ ചെയ്യപ്പെട്ടു.

1886ല്‍ ബ്രിട്ടിഷ് വാനനിരീക്ഷകനായിരുന്ന വില്യം ഫ്രെഡറിക് ഡെനിങ് ഈ രേഖകള്‍ പഠിച്ച ശേഷം പറഞ്ഞത് അവ നേര്‍രേഖകളല്ല, അവയില്‍ വളവും തിരിവും ഉണ്ടെന്നു മാത്രമല്ല, ചിലയിടങ്ങളില്‍ അവ ഒരുമിച്ചുചേരുകയും ചിലയിടങ്ങളില്‍ വിടവുകള്‍ കാണുകയും ചെയ്യുന്നുണ്ടെന്നാണ്. ചൊവ്വയില്‍ കണ്ടുവെന്നു കരുതപ്പെടുന്ന ഭൂരൂപങ്ങള്‍ പല ചെറിയ രൂപങ്ങള്‍ ചേര്‍ന്നു കാണുന്നവയാണെന്ന് 1886 ആയപ്പോഴേക്ക് ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞനായിരുന്ന എേഡ്വഡ് മോണ്ടര്‍ക്ക് (1851-1928) ബോധ്യമായി. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്ന കമീല്‍ ഫഌമറിയാ (1842-1925) തന്റെ 1892ലെ ചൊവ്വയും അവിടത്തെ വാസയോഗ്യ സാഹചര്യങ്ങളും എന്ന ഗ്രന്ഥത്തില്‍ ഈ കനാലുകള്‍ എങ്ങനെ മനുഷ്യനിര്‍മിത ജലപാതകളെ അനുസ്മരിപ്പിക്കുന്നു എന്നും മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഒരു ലോകെത്ത ബുദ്ധിയുള്ള ജീവികള്‍ അവിടത്തെ ജലം പുനര്‍വിന്യസിക്കാനായി ഇത്തരം കനാലുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും മറ്റും വിശദീകരിച്ചു. മാത്രമല്ല, ചൊവ്വയിലെ ജീവികള്‍ ശാസ്ത്രീയമായും സാങ്കേതികമായും മനുഷ്യനേക്കാള്‍ മുന്നേറിയിട്ടുണ്ടാവാം എന്നും അഭിപ്രായപ്പെട്ടു.

ഷിയാ പാെരല്ലിയുടെ നിരീക്ഷണങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കന്‍ ബിസിനസ്സുകാരനും എഴുത്തുകാരനും മറ്റുമായിരുന്ന പെഴ്‌സിവല്‍ ലോവല്‍ (1855-1916) ചൊവ്വയെ നിരീക്ഷിക്കാനായി ഒരു നിരീക്ഷണകേന്ദ്രം ആരംഭിച്ചു. ചൊവ്വയെ നിരീക്ഷിക്കാനുള്ള 1894ലെ ഏറ്റവും നല്ല അവസരവും തുടര്‍ന്നുള്ള അത്രതന്നെ നല്ലതല്ലാത്ത അവസരങ്ങളും ഇതിനു വേണ്ടി ഉപയോഗിക്കുക എന്നതായിരുന്നു നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ദേശ്യം. ചൊവ്വയെക്കുറിച്ചും അവിടത്തെ ജീവിതത്തെക്കുറിച്ചും അദ്ദേഹം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇവ പൊതുജനങ്ങളെ വളരെയധികം സ്വാധീനിക്കുകയും ചെയ്തു. ഫ്രാന്‍സിലെ നൈസ് എന്ന സ്ഥലത്തുണ്ടായിരുന്ന അക്കാലത്തെ ഏറ്റവും വലുതായിരുന്ന 38 സെന്റിമീറ്റര്‍ വ്യാസമുള്ള ദൂരദര്‍ശിനി ഉപയോഗിച്ച് ഓണ്‍റി പെരോത്ത (1845-1904), ലൂയി തോയ്യോന്‍ (1829-1887) തുടങ്ങിയവര്‍ ചൊവ്വയിലെ ജലപാതകള്‍ നിരീക്ഷിച്ചു. 1901 മുതല്‍ ചൊവ്വയെയും അതിലെ ഉപരിതല സവിശേഷതകളെയും ഛായാഗ്രഹണം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ആന്‍ഡ്രൂ ഡഗ്ലസാണ് (1867-1962) ഇതിനു തുടക്കം കുറിച്ചത്. എന്നാല്‍, 1905ല്‍ അമേരിക്കന്‍ വാനനിരീക്ഷകനായ കാള്‍ ലാംബ്ലന്‍ഡ് (1873-1951) ആണ് ആദ്യമായി വിജയിച്ചത്. പക്ഷേ, കൂടുതല്‍ വലിയ ദൂരദര്‍ശിനികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഉപരിതല സവിശേഷതകള്‍ കൂടുതലായി കണ്ടുവെങ്കിലും കനാലി എന്നു ഷിയാപാരെല്ലി വിളിച്ച ഭൂരൂപങ്ങള്‍ കാണാതായിത്തുടങ്ങി. 1960കളില്‍ സ്വയം പ്രവര്‍ത്തിക്കുന്ന പര്യവേക്ഷിണികള്‍ ചൊവ്വയിലെത്തിത്തുടങ്ങി. ഇവ ചൊവ്വയെ വിശദമായി പഠിക്കാന്‍ ആരംഭിച്ചു. കൂടാതെ ഭൂമിയില്‍ നിന്ന് എടുത്തതിനേക്കാള്‍ വളരെ വ്യക്തത കൂടിയ ചിത്രങ്ങള്‍ എടുക്കാന്‍ ഹബ്ള്‍ സ്‌പേസ് ടെലിസ്‌കോപ്പിനു കഴിഞ്ഞു. ദ്രാവകരൂപത്തിലുള്ള ജലം ശക്തമായി പ്രവഹിച്ചതിന്റെ അടയാളങ്ങള്‍ ഗ്രഹത്തില്‍ ധാരാളമായി കാണാനായി.

ഭൂമിയിലെ ഏറ്റവും വലിയ മലയിടുക്കായ ഗ്രാന്‍ഡ് കാന്യനെ നിഷ്പ്രഭമാക്കുന്ന മലയിടുക്കുകളും എവറസ്റ്റിനേക്കാള്‍ പല മടങ്ങു വലുപ്പമുള്ള കൊടുമുടികളും ചൊവ്വയിലുണ്ടെന്നു  മനസ്സിലാക്കാനായി. എന്നാല്‍, ജീവന്‍ ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ദൂരദര്‍ശിനികളില്‍ കൂടി കണ്ട ഇരുണ്ട ഭാഗങ്ങള്‍ സമുദ്രങ്ങളാണെന്നാണ് നിരീക്ഷകര്‍ വിചാരിച്ചത്. കനാലുകളും സമുദ്രങ്ങളും കണ്ട സ്ഥിതിക്ക് അവിടെ ദ്രാവകരൂപത്തിലുള്ള ജലവും അതുകൊണ്ട് ജീവനും ഉണ്ടായിരിക്കണമെന്നും അവര്‍ കരുതിയിരുന്നു. എന്നാല്‍, മനുഷ്യനിര്‍മിതമായ പര്യവേക്ഷിണികള്‍ അവിടെയെത്തി വിവരങ്ങള്‍ അയച്ചപ്പോള്‍ അവിടത്തെ താപനില ജലം ദ്രാവകരൂപത്തില്‍ നിലനില്‍ക്കുന്നതിന് അനുയോജ്യമാവില്ല എന്നു തോന്നിത്തുടങ്ങി. എന്നാല്‍, ധ്രുവങ്ങളിലെ വെളുത്ത തൊപ്പികള്‍ അജ്ഞാതമായി തുടര്‍ന്നു. അവ ഖര കാര്‍ബണ്‍ ഡയോക്‌സൈഡും ജലവും ചേര്‍ന്നതാവാമെന്ന അഭ്യൂഹമുണ്ടായി. ഇങ്ങനെയിരിക്കെയാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ നില്‍ക്കാനുള്ള മാര്‍സ് സയന്‍സ് ലബോറട്ടറി എന്ന റോബോട്ടിക് പര്യവേക്ഷിണിയും അതിന്റെ ഭാഗമായ, ഒരു കാറിന്റെ വലുപ്പമുള്ള, ക്യൂരിയോസിറ്റി എന്ന ഉപരിതലത്തില്‍ ഇറങ്ങാനുള്ള പര്യവേക്ഷിണിയും 2011ല്‍ അമേരിക്ക അയച്ചത്. രണ്ടും വളരെ വിജയകരമായി ചൊവ്വയിലെത്തുകയും വിവരങ്ങള്‍ അയക്കുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ വാര്‍ത്തയില്‍ വന്നിരിക്കുന്നത് വീണ്ടും ക്യൂരിയോസിറ്റി തന്നെയാണ്. ചൊവ്വയുടെ ധ്രുവങ്ങളില്‍ കണ്ട വെളുത്ത തൊപ്പികള്‍ മഞ്ഞായിരിക്കാമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ദ്രാവകരൂപത്തിലുള്ള ജലം ശക്തമായി പ്രവഹിച്ചതിന്റെ അടയാളങ്ങള്‍ ചൊവ്വയില്‍ കാണാമെങ്കിലും ഇപ്പോള്‍ അവിടെ ദ്രാവകരൂപത്തിലുള്ള ജലമുള്ളതിന്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. ക്യൂരിയോസിറ്റി ഇപ്പോള്‍ നല്‍കിയിരിക്കുന്നത് അതാണ്. ക്യൂരിയോസിറ്റി പര്യവേക്ഷിണിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ചൊവ്വയുടെ ഉപരിതലത്തിനു തൊട്ടു താഴെ ജലമുണ്ടാവാം എന്നാണ്. ക്

യൂരിയോസിറ്റിയില്‍ നിന്നു ലഭിച്ച ആപേക്ഷികാര്‍ദ്രത, വായുവിന്റെയും ഉപരിതലത്തിന്റെയും താപനില തുടങ്ങിയ വിവരങ്ങള്‍ പഠിച്ചതില്‍ നിന്ന് ഉപരിതലത്തില്‍ ഉപ്പുരസമുള്ള ജലം നിലനില്‍ക്കാനുള്ള സാധ്യതയാണ് 25 ശാസ്ത്രജ്ഞര്‍ ചേര്‍ന്നു രചിച്ച് 2015 ഏപ്രില്‍ 13ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്. ചൊവ്വയില്‍ ജലമുണ്ടായിരിക്കാനുള്ള സാധ്യത മാത്രമാണ് ഇപ്പോള്‍ മനസ്സിലായത്. അവിടെ ജീവനുണ്ടായിരിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.     (ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍             പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക