|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചൈല്‍ഡ്‌ലൈന്‍ മനോരോഗിയാക്കി ചിത്രീകരിച്ചെന്ന് പരാതി

Published : 3rd December 2018 | Posted By: kasim kzm

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച അശ്ലീല ദൃശ്യം നിയമപോരാട്ടം നടത്തി തന്റേതല്ലെന്നു തെളിയിച്ച ശോഭ സാജു ചൈല്‍ഡ്‌ലൈനെതിരേ കോടതിയെ സമീപിക്കുന്നു. ചൈല്‍ഡ്‌ലൈന്‍ മനോരോഗിയാക്കി ചിത്രീകരിച്ചെന്നും റിപോര്‍ട്ട് നല്‍കിയെന്നും കാണിച്ചാണ് ശോഭ കോടതിയെ സമീപിക്കുന്നത്.
അടുത്ത ദിവസം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന ചൈല്‍ഡ്‌ലൈനെതിരേ പരാതി നല്‍കും. ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് കുട്ടികളെ തന്നില്‍ നിന്ന് അകറ്റാന്‍ മനോരോഗമുണ്ടെന്ന് ആരോപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അഭിപ്രായം മാത്രം കേട്ട് ചൈല്‍ഡ് ലൈന്‍ ഇതു സാധൂകരിക്കുന്ന രീതിയില്‍ റിപോര്‍ട്ട് തയ്യാറാക്കിയെന്നാണ് ശോഭ ആരോപിക്കുന്നത്. വിവാഹമോചനക്കേസിന്റെ ആദ്യഘട്ടത്തില്‍ മാസത്തില്‍ രണ്ടു ദിവസം കുട്ടികളെ കാണാന്‍ ശോഭയ്ക്ക് അനുമതി ഉണ്ടായിരുന്നു. ഇതിനിടെ, ശോഭ മര്‍ദിച്ചെന്ന് ആരോപിച്ച് മൂത്ത മകളെ പിതാവ് ആശുപത്രിയിലാക്കി. അവിടെ എത്തിയ ചൈല്‍ഡ്‌ലൈന്‍ എറണാകുളം ജില്ലയിലെ പ്രവര്‍ത്തകരോട് ശോഭയ്ക്കു മാനസികപ്രശ്‌നമാണെന്നും ചികില്‍സയിലാണെന്നും ഭര്‍ത്താവ് അറിയിക്കുകയായിരുന്നു. ഇതു രേഖപ്പെടുത്തിയ ചൈല്‍ഡ്‌ലൈന്‍, കൂടുതല്‍ അന്വേഷണം നടത്താതെ ശിശുക്ഷേമ സമിതിക്കു റിപോര്‍ട്ട് നല്‍കി. കുട്ടികളെ ശോഭ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും അമ്മയെ മൂന്നു കുട്ടികള്‍ക്കും പേടിയാണെന്നും ചൈല്‍ഡ്‌ലൈന്‍ റിപോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തു. ചൈല്‍ഡ്‌ലൈന്റെ ഈ നടപടിയാണ് കുട്ടികളെ തനിക്ക് കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതെന്നു ശോഭ ആരോപിക്കുന്നു. ചൈ ല്‍ഡ്‌ലൈന്‍ ഈ റിപോര്‍ട്ട് ജില്ലാ ശിശുക്ഷേമ സമിതിക്കു നല്‍കിയതിനു ശേഷം ശോഭയ്ക്കു കുട്ടികളെ കാണാന്‍ കഴിഞ്ഞിട്ടില്ല. 2016ലാണ് ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശോഭയോടു സാദൃശ്യമുള്ള യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ ഭാര്യയുടേതാണെന്നു വിശ്വസിച്ച ഭര്‍ത്താവ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കു നില്‍ക്കാതെ വിവാഹമോചന ഹരജിയും നല്‍കി. ഇതിനൊപ്പമാണ് ശോഭയ്ക്കു മാനസികപ്രശ്‌നമുണ്ടെന്നു വരുത്താനും ശ്രമിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss