|    Oct 19 Fri, 2018 2:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചൈന സന്ദര്‍ശനം: മന്ത്രിക്ക് കടകംപള്ളി സുരേന്ദ്രന് കേന്ദ്ര വിലക്ക്

Published : 9th September 2017 | Posted By: fsq

 

എന്‍  എ  ശിഹാബ്

തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന യുഎന്‍ ലോക ടൂറിസം സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്ക്. യുഎന്‍ ഏജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി അനുമതി ചോദിച്ചിരുന്നത്. ഈ മാസം 11 മുതല്‍ 16 വരെ നടക്കുന്ന 22ാം ജനറല്‍ അസംബ്ലിയില്‍ കേരളത്തില്‍നിന്നുള്ള സംഘത്തെ നയിക്കുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു.  സംഭവം വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. വിവിധ വശങ്ങള്‍ പരിശോധിച്ചശേഷമാണ് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആതിഥേയ രാജ്യത്തിന്റെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെയും അഭിപ്രായം പരിഗണിച്ചാണ് അനുമതി നല്‍കുന്നത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സും വേണം. യാത്രാനുമതി ഇല്ലെന്ന വിവരം മന്ത്രിയെ അറിയിച്ചിട്ടുണ്ടാവാമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 9നാണ് ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറലിന്റെ ഓഫിസില്‍നിന്ന് ചൈനയിലെ ചെങ്ദുവില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി മന്ത്രിക്കു ക്ഷണം ലഭിച്ചത്. ടൂറിസം ആന്റ് സസ്റ്റയ്‌നബിള്‍ ഡവലപ്‌മെന്റ് ഗോള്‍സ്- ജേര്‍ണി ടു 2030 എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രിക്ക് ഒരു സംവാദ പരിപാടിയുണ്ടെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് ആഗസ്ത് രണ്ടാംവാരം തന്നെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ചയാണ് അപേക്ഷ നിരസിച്ചതായി മന്ത്രിയുടെ ഓഫിസില്‍ അറിയിപ്പ് ലഭിച്ചത്. രാജ്യത്തുനിന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏകമന്ത്രി കടകംപള്ളിയായിരുന്നു. മറ്റുള്ളവര്‍ കേന്ദ്രത്തില്‍ നിന്നും കേരളത്തില്‍നിന്നുമുള്ള ഉദേ്യാഗസ്ഥരാണ്. കേരളത്തില്‍നിന്ന് മന്ത്രിയെ കൂടാതെ രണ്ടു പേര്‍ക്കു കൂടി ക്ഷണം ഉണ്ടായിരുന്നു. മികച്ച ടൂറിസം സംസ്ഥാനമായി യുഎന്‍ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. ഈ ബഹുമതി ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണ് ചൈനീസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമെന്നും വിമര്‍ശനമുണ്ട്. അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കവും മന്ത്രിയുടെ സന്ദര്‍ശനാനുമതി നിഷേധിച്ചതിനു കാരണമായി പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss