|    Dec 15 Sat, 2018 5:54 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന-യുഎസ് വ്യാപാരയുദ്ധം: നികുതിവര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധാരണ

Published : 3rd December 2018 | Posted By: kasim kzm

ബ്യൂണസ് അയേഴ്‌സ്: പുതിയ വ്യാപാര കരാറിലേര്‍പ്പെടുന്നതു വരെ പരസ്പരം ചുമത്തിയ നികുതിവര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ചൈനയും യുഎസും തമ്മില്‍ ധാരണയായി. 90 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരകരാറില്‍ ധാരണയിലെത്തണം. ജി20 ഉച്ചകോടിക്കു ശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് ഭരണാധികാരി ഷി ജിന്‍പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണു ദീര്‍ഘനാളായി തുടരുന്ന ശീതയുദ്ധത്തിനു അയവുവന്നത്.
ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് 200, 000 കോടി ഡോളര്‍ കണ്ടെത്താന്‍ 10 മുതല്‍ 25 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ജനുവരി ഒന്നിനു ട്രംപ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പുതിയ കരാറിലേര്‍പ്പെടുന്നതു വരെ നടപ്പാക്കില്ലെന്നു ട്രംപ് അറിയിച്ചു. അതേസമയം യുഎസില്‍ നിന്ന് പച്ചക്കറികളും ഊര്‍ജവും വ്യവസായിക ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ ചൈന സമ്മതിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.
നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനിയുമായി കരാറിനും ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍, ചിപ് നിര്‍മാണ കമ്പനിയായ ക്വാല്‍കോം ഇന്‍കോര്‍പറേറ്റുമായുള്ള കരാര്‍ വ്യാപാര യുദ്ധത്തെ തുടര്‍ന്നു നേരത്തെ നിരാകരിച്ചിരുന്നു.
90 ദിവസത്തിനുള്ളില്‍ സാങ്കേതികവിദ്യാ കൈമാറ്റം, ഭൗതികസ്വത്തുക്കള്‍, കാര്‍ഷികം, സൈബര്‍ മോഷണം എന്നിവയില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇരുരാജ്യങ്ങളും പരസ്പരം വര്‍ധിപ്പിച്ച നികുതിയില്‍ തുടരും. കഴിഞ്ഞ സപ്തംബറില്‍ 10 ശതമാനവും ജി 20 ഉച്ചകോടിക്കു മുമ്പ് 267000 കോടിഡോളറുമാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയത്.
ഷി ജിന്‍ പിങിനൊപ്പം ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉഭയകക്ഷിബന്ധം മെച്ചപ്പടുത്താന്‍ ഇരുരാഷ്ട്രത്തലവന്‍മാരും ധാരണയിലെത്തി. ആവശ്യാനുസരണം യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ചൈന താല്‍പര്യം അറിയിച്ചിട്ടുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss