|    Nov 21 Wed, 2018 4:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന ക്യാംപിലടച്ച മുസ്‌ലിംകളെ ഉടന്‍ തുറന്നുവിടണമെന്ന് യുഎസ്‌

Published : 3rd November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: തൊഴില്‍ പരിശീലന കേന്ദ്രങ്ങളെന്ന പേരില്‍ ചൈന അനധികൃതമായി തടങ്കല്‍ ക്യാംപിലടച്ച 10 ലക്ഷത്തോളം വൈഗൂര്‍ മുസ്‌ലിംകളെ ഉടന്‍ മോചിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. വൈഗൂര്‍ മുസ്‌ലിംകള്‍ക്കു പുറമെ കസാകിസ്താനില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ മറ്റു മതന്യൂനപക്ഷങ്ങളെയും സിന്‍ജിയാങിലെ ക്യാംപുകളില്‍ അടച്ചിട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് റോബര്‍ട്ട് പ്ലാദിനോ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണ് ഇവയെന്നാണ് ചൈനയുടെ വാദം. വസ്തുതകള്‍ വ്യക്തമാവുന്നതിന് ചൈനയിലെ അനധികൃത തടങ്കല്‍ ക്യാംപുകളിലേക്ക് നയതന്ത്ര പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ 10 ലക്ഷത്തോളം വൈഗൂര്‍ മുസ്‌ലിംകള്‍ തടങ്കലിലാണെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി ആരോപിച്ചിരുന്നു. വൈഗൂര്‍ സ്വയംഭരണ മേഖല വലിയൊരു തടങ്കല്‍ പാളയമാക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന ഉന്‍മൂലന സമിതി അംഗം ഗെയ് മക്ഡുഗല്‍ പറഞ്ഞത്.
ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് ന്യൂനപക്ഷമായ വൈഗൂര്‍ മുസ്‌ലിംകള്‍ ഏറെയുള്ളത്. പ്രവിശ്യയുടെ ജനസംഖ്യയില്‍ 45 ശതമാനം വൈഗൂര്‍ മുസ്‌ലിംകളാണ്.
തിബത്തിനെപ്പോലെ ഷിന്‍ജിയാങും ചൈനയ്ക്ക് കീഴിലുള്ള സ്വയംഭരണ മേഖലയാണ്. മാസങ്ങളായി പതിനായിരക്കണക്കിന് വൈഗൂര്‍ വംശജരെയും മറ്റ് മുസ്‌ലിംകളെയും ചൈന കസ്റ്റഡിയിലെടുത്തുകൊണ്ടിരിക്കുന്നതായി ആരോപണമുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷനല്‍ തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യുഎന്‍ മനുഷ്യാവകാശ സമിതി റിപോര്‍ട്ടിലെ വാദങ്ങളെ ശരിവയ്ക്കുന്നു. കുറ്റം ചുമത്താതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുസ്‌ലിംകളെ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ നിര്‍ബന്ധിക്കുന്നതായി വേള്‍ഡ് വൈഗൂര്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ഭക്ഷണം കിട്ടാതെ നരകിക്കുന്ന തടവുകാര്‍ തടങ്കലില്‍ പീഡിപ്പിക്കപ്പെടുകയാണ്. മത തീവ്രവാദത്തോട് പൊരുതുകയെന്ന പേരിലാണ് ചൈന തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഷിന്‍ജിയാങില്‍ എല്ലാ വംശജരും സമാധാനത്തോടെ ജോലിചെയ്ത് ജീവിക്കുന്നുണ്ടെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss