|    Nov 21 Wed, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചൈന ഓപ്പണ്‍: ബൈ പറഞ്ഞ് സിന്ധുവും ശ്രീകാന്തും

Published : 10th November 2018 | Posted By: kasim kzm

ഫുഷോ: ചൈന ഓപ്പണ്‍ (വേള്‍ഡ് ടൂര്‍ സൂപ്പര്‍ 750) ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് പരാജയത്തിന്റെ ദിനമായിരുന്നു. ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി വി സിന്ധുവും കിഡംബി ശ്രീകാന്തും മത്സരത്തിന്റെ പകുതിക്കു വച്ചുതന്നെ തിരിച്ചുപോരേണ്ടി വന്നു.
വനിത സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ എട്ടാം സീഡായ ഹി ബിങ്ജിയോടാണ് മൂന്നാം സീഡായ സിന്ധു പരാജയപ്പെട്ടത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മൂന്നാം സീഡായ സിന്ധുവിന്റെ പരാജയം. സ്‌കോര്‍: 17-21, 21-17, 15-21. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും വീറോടെ തിരിച്ചുവന്ന സിന്ധുവിന് പക്ഷേ മൂന്നാം ഗെയിമില്‍ പിടിച്ചുനില്‍ക്കാനായില്ല.
സിന്ധുവിനെതിരെയുള്ള താരത്തിന്റെ ഈ സീസണിലെ മൂന്നാം ജയമാണിത്. ജൂലൈയില്‍ നടന്ന ഇന്തോനേഷ്യ ഓപ്പണിലും ഒക്ടോബറില്‍ നടന്ന ഫ്രഞ്ച് ഓപ്പണിലും സിന്ധുവിനെ ചൈനീസ് താരം പരാജയപ്പെടുത്തിയിരുന്നു. സീസണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ വെള്ളിമെഡല്‍ ജേത്രിയാണ് സിന്ധു.
പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം റാങ്കുകാരനായ ചോ ടിന്‍ ചെന്നിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. 35 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു. സ്‌കോര്‍: 14-21, 14-21. വലിയ ചെറുത്തുനില്‍പ്പുകളില്ലാതെയായിരുന്നു ശ്രീകാന്തിന്റെ പരാജയം. ഈ വര്‍ഷം നടന്ന ജര്‍മനി, സിംഗപ്പൂര്‍, കൊറിയ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവുകൂടിയായ ചോ ടിന്‍ നല്ല ഫോമിലുമാണ്. ഗെയിമിന്റെ തുടക്കത്തില്‍ നല്ല ഫോമിലായിരുന്ന ശ്രീകാന്ത് തുടക്കത്തില്‍ തന്നെ 10-8ന്റെ ലീഡ് പിടിച്ചിരുന്നു. എന്നാല്‍ ചൈനീസ് തായ്‌പേയ് താരത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ കളിക്കും ചെറുത്തുനില്‍പ്പുകള്‍ക്കും മുന്‍പില്‍ തളരുന്ന ശ്രീകാന്തിനേയാണ് പിന്നീട് കണ്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss