|    Mar 28 Tue, 2017 8:02 am

ചൈനയുടെ ദൈര്‍ഘ്യമേറിയ ബഹിരാകാശദൗത്യം തുടങ്ങി

Published : 18th October 2016 | Posted By: SMR

ബെയ്ജിങ്: രണ്ട് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ദൈര്‍ഘ്യമേറിയ ബഹിരാകാശദൗത്യത്തിന് ചൈന തിങ്കളാഴ്ച തുടക്കം കുറിച്ചു. ജിങ് ഹെയ്‌പെങ് (50), ഷെന്‍ ഡോങ് (37) എന്നീ ബഹിരാകാശസഞ്ചാരികളുമായി പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.30ന് ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്നാണ് ഷെന്‍സൗ 11 ബഹിരാകാശപേടകം പുറപ്പെട്ടത്. രണ്ടു ദിവസത്തിനകം ഇരുവരും ടിയാന്‍ഗോങ്-2 ബഹിരാകാശനിലയത്തിലെത്തും. തുടര്‍ന്ന് 30 ദിവസം അവിടെ തങ്ങും.
2003ലാണ് ആദ്യമായി ചൈന ബഹിരാകാശത്തേക്ക് ആളെ അയക്കുന്നത്. 2013ല്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ 15 ദിവസം ടിയാന്‍ഗോങ്-1 സ്‌പേസ് ലബോറട്ടറിയില്‍ ചെലവഴിച്ചിരുന്നു. ടിയാന്‍ഗോങ്-1 പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ചൈന ടിയാന്‍ഗോങ്-2 സ്ഥാപിച്ചത്. റഷ്യക്കും അമേരിക്കയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നടക്കുന്ന ഗവേഷണങ്ങളുമായി സഹകരിക്കാന്‍ ചൈനയെ അനുവദിച്ചിരുന്നില്ല. സൈനിക ആവശ്യത്തിനുവേണ്ടിയാണ് ചൈനയുടെ ബഹിരാകാശ ഗവേഷണമെന്ന അമേരിക്കയുടെ ആശങ്കയെ തുടര്‍ന്നാണിത്.
ചൈനീസ് ബഹിരാകാശചരിത്രത്തിലെ ഏറ്റവും നീണ്ട ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായിരുന്നതായി ജനറല്‍ ഷാങ് യൂഷിയ അറിയിച്ചു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ജ്യോതിശാസ്ത്രജ്ഞരെയും ബഹിരാകാശ നിരീക്ഷണകേന്ദ്രത്തിലെ അംഗങ്ങളെയും ദൗത്യത്തില്‍ ഏര്‍പ്പെട്ട ബഹിരാകാശ യാത്രികരെയും അനുമോദിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day