|    Jun 28 Wed, 2017 9:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയില്‍ സീ ജിന്‍പിങിന് പരമാധികാരം

Published : 28th October 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ പ്രസിഡന്റ് സീ ജിന്‍പിങിന് പരമാധികാരം നല്‍കാന്‍ തീരുമാനം. ശക്തരായ നേതാക്കള്‍ മാവോ സെ തുങിനും ദെങ് സിയാവോ പിങിനും ശേഷം പാര്‍ട്ടിയും സര്‍ക്കാരും ഒരാളുടെ കീഴിലേക്ക് എന്ന രീതിയായിരിക്കും ഇനി ചൈനയിലുണ്ടാവുക. നാലു ദിവസം നീണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിലാണ് ചൈനീസ് നേതൃത്വം ശക്തിപ്പെടുത്താനുള്ള തീരുമാനം. കര്‍ശനമായ നേതൃത്വത്തെ എതിര്‍ക്കാന്‍ രാജ്യത്തെ സംഘടനയ്ക്കും വ്യക്തിക്കും ഒരു കാരണവശാലും സാധിക്കില്ലെന്നതാണ് വസ്തുത.
അതേസമയം, എല്ലാവരും സീ ജിന്‍പിങിനോട് സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്ലീനത്തിനു ശേഷം ഔദ്യോഗിക മാധ്യമം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായാണ് പ്ലീനം. അധികാരമേറ്റ് നാലു വര്‍ഷത്തിനിടെ തനിക്കു കീഴില്‍ ശക്തമായ ഭരണ ഏകീകരണമാണ് സീ ജിന്‍പിങ് കൊണ്ടുവന്നത്. സാമ്പത്തിക പരിഷ്‌കരണ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും നേതൃപദവി ഏറ്റെടുത്തതും ഇതില്‍ ഉള്‍പ്പെടും. കരസേനയെ നിയന്ത്രിക്കുന്നതും സീ ജിന്‍പിങ് തന്നെയാണ്. പുതിയ നടപടിയിലൂടെ മാവോയേക്കാള്‍ കരുത്തനായ നേതാവാകും ജിന്‍പിങെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്തു കടുത്ത അഴിമതി നിലനില്‍ക്കുന്നതായി നാലു ദിവസം നീണ്ട പ്ലീനത്തിനിടെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തിനിടെ അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം പത്തു ലക്ഷത്തിലധികം പേരെ ശിക്ഷിച്ചതായും അഴിമതി തുടര്‍ന്നാല്‍ ചൈനയ്ക്ക് സോവിയറ്റ് യൂനിയന്റേതിനു സമാനമായ തകര്‍ച്ച നേരിടേണ്ടിവരുമെന്നും പാര്‍ട്ടി നിരീക്ഷിച്ചു. 1980 വരെ രാജ്യത്തിന് ഒറ്റ നേതൃത്വം എന്ന നിലയിലായിരുന്നു ഭരണം നിലനിന്നിരുന്നത്. പിന്നീട് കൂട്ടുഭരണത്തിലേക്ക് നീങ്ങുകയായിരുന്നു.
പുതിയ തീരുമാനപ്രകാരം തുടര്‍ച്ചയായ രണ്ടു ഘട്ടങ്ങളായി 2022 വരെ പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ ജിന്‍പിങിനാകും. ചൈനയെയും പാര്‍ട്ടിയെയും ശക്തമാക്കാന്‍ പുതിയ സംവിധാനം ഉണ്ടാവണമെന്ന് പാര്‍ട്ടി പത്രമായ പീപ്പിള്‍സ് ഡെയ്‌ലി അഭിപ്രായപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക