|    Mar 27 Mon, 2017 10:00 pm
FLASH NEWS

ചേര്‍ത്തല-കഴക്കൂട്ടം ദേശീയപാത; പുതിയ പദ്ധതിരേഖ തയ്യാറാക്കുന്നു

Published : 30th September 2016 | Posted By: Abbasali tf

തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധത്തിന്റെ അലയില്‍ ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെ ദേശീയപാത വികസനത്തിനായി തയ്യാറാക്കിയ 2420 കോടി രൂപയുടെ വിശദ പദ്ധതിരേഖ ഉപേക്ഷിച്ചു. ഒമ്പതു വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളുടെ എതിര്‍പ്പു കാരണം ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തതോടെയാണു പുതിയ അലൈന്‍മെന്റിനെക്കുറിച്ച് അധികൃതര്‍ ചിന്തിക്കുന്നത്. 45 മീറ്റര്‍ വീതിയില്‍ പാതാ വികസനത്തിനായി പുതിയ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കാന്‍ എസ്എംഇസി ഡല്‍ഹിയെ കണ്‍സള്‍ട്ടന്റായി തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കാത്തവിധം പുതിയ അലൈന്‍മെന്റ് തയ്യാറാക്കാനും സര്‍ക്കാര്‍ പുറമ്പോക്കു ലഭ്യമായ സ്ഥലങ്ങളില്‍ അത് ഉപയോഗപ്പെടുത്താനും നിര്‍ദേശം നല്‍കി. ചേര്‍ത്തല-കഴക്കൂട്ടം പാത നാലുവരിയായി വികസിപ്പിക്കാന്‍ 2007ലാണ് ഐസിടി ഡല്‍ഹി പദ്ധതിരേഖ തയ്യാറാക്കിയത്. നേരത്തെ ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെ 2420 കോടിയാണു വിലയിരുത്തിയത്. 40 വര്‍ഷം മുമ്പ് റോഡ് വികസനത്തിനു സ്ഥലം വിട്ടുകൊടുത്തവരാണു ദേശീയപാതയോരത്തു താമസിക്കുന്നവര്‍. 45 മീറ്റര്‍ വീതിയില്‍ ഭൂമിയേറ്റെടുത്താല്‍ 4000 ഏക്കര്‍ ഭൂമി ഒഴിപ്പിക്കേണ്ടിവരുമായിരുന്നു. 20 ലക്ഷത്തോളം ജനങ്ങളാണ് ഇത്രയും സ്ഥലത്ത് താമസിക്കുകയോ, വ്യാപാരസ്ഥാപനങ്ങള്‍ നടത്തുകയോ ചെയ്യുന്നത്. ഒരു സെന്റിന് 10 ലക്ഷം രൂപ പ്രകാരം കണക്കാക്കിയാല്‍ പോലും 40,000 കോടി രൂപ നല്‍കേണ്ടിവരും. ഇതിനു പുറമെയാണു കെട്ടിടങ്ങള്‍ക്കു നല്‍കേണ്ട നഷ്ടപരിഹാര തുക. 2014ല്‍ നിലവില്‍വന്ന ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പുനരധിവാസം ബാധകമായിരുന്നില്ല. ആറു മാസത്തിനുള്ളില്‍ വിശദ പദ്ധതിരേഖ സമര്‍പ്പിക്കാനാണ് എസ്എംഇസിക്കു നല്‍കിയ നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ ഉപരിതല സര്‍വേ ഉള്‍പ്പെടെ നടത്തി വേണം അലൈന്‍മെന്റ് നിശ്ചയിക്കാന്‍. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിഷ്‌കര്‍ഷിക്കുന്ന നിര്‍മാണരീതികള്‍ കൃത്യമായി പാലിക്കണം. ചേര്‍ത്തല മുതല്‍ ഓച്ചിറ വരെ 114 ഹെക്റ്റര്‍ സ്ഥലവും ഓച്ചിറ മുതല്‍ കഴക്കൂട്ടം വരെ 128 ഹെക്റ്ററുമാണ് വേണ്ടത്. നിലവിലെ റോഡിന് 30.5 മീറ്റര്‍ വീതിയുണ്ട്. ഇതു 45 മീറ്റാക്കി വര്‍ധിപ്പിക്കാന്‍ റോഡിന്റെ ഇരുവശത്തു നിന്നും ഭൂമി ഏറ്റെടുക്കണം. ഏതെങ്കിലും പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ ബുദ്ധിമുട്ടാണെങ്കില്‍ അതിനു കൃത്യമായ കാരണങ്ങളും ബോധിപ്പിക്കണം. ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെയുള്ള തുകയാണു പദ്ധതിച്ചെലവായി കണക്കാക്കുക. എന്നാല്‍ കരമന-കളിയിക്കാവിള പാതയിലെ ഭൂമി ഏറ്റെടുക്കലും കഴക്കൂട്ടം-കാരോട് ബൈപാസ് വികസനവും വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോവുന്നത് അതോറിറ്റിക്ക് ആത്മവിശ്വാസം നല്‍കി. പുതിയ സാഹചര്യത്തില്‍, പ്രതിഷേധങ്ങള്‍ പരമാവധി ഒഴിവാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോവാനാണു ദേശീയപാത അതോറിറ്റിയുടെ തീരുമാനം. എന്നാല്‍ പുതിയ അലൈന്‍മെന്റിലും 30 മീറ്ററിന് പകരം 45 മീറ്റര്‍ തന്നെയാണ് ഏറ്റെടുക്കുകയെന്നതിനാല്‍ ജനങ്ങള്‍ വീണ്ടും സമരമുഖത്തിറങ്ങിയേക്കും. ദേശീയപാത നിര്‍മാണത്തില്‍ ടോള്‍ വേണ്ടെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്ന് അധികാരമേറ്റപ്പോള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി 45 മീറ്റര്‍ വീതി ഉപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാവുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day