|    Oct 21 Sun, 2018 2:40 am
FLASH NEWS

ചേര്‍ത്തലയില്‍ സേവനസ്പര്‍ശം അദാലത്ത് ; 78 പരാതികള്‍ക്ക് പരിഹാരം

Published : 31st October 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്കില്‍ നടന്ന പരാതി പരിഹാര അദാലത്ത് സേവനസ്പര്‍ശത്തില്‍ ലഭിച്ച 453 പരാതികളില്‍ 78 എണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കൈമാറി. ചേര്‍ത്തല എസ്എന്‍എംജിഎച്ച് എസ്എസ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന്  ആരംഭിച്ച അദാലത്തില്‍ നേരത്തേലഭിച്ച പരാതികള്‍ക്കു പുറമേ പുതിയ പരാതികള്‍ക്കും ജില്ലാ കലക്ടര്‍ തീര്‍പ്പുണ്ടാക്കി. അഞ്ചു വര്‍ഷം മുമ്പ്്് തിരുപ്പതിയില്‍ നിന്നുള്ള ട്രെയിനില്‍ യാത്രക്കിടയില്‍ കാണാതായ മുപ്പത്തിയഞ്ചുകാരനായ മകനെ കണ്ടെത്തുന്നതിന് പോലിസ് അന്വേഷണം നടത്തുന്നില്ലെന്ന പരാതിയുമായി അമ്മ ചേര്‍ത്തല മുനിസിപ്പാലിറ്റി 13ാം വാര്‍ഡ് ഇടനാട്ട് വീട്ടിലെ ചന്ദ്രിക അദാലത്തിലെത്തി. അമ്മയും മകനും കൂടിയുള്ള യാത്രയില്‍ സേലത്ത് വച്ചാണ് കാണാതായത്. സേലം പോലിസ് സ്റ്റേഷനിലും എറണാകുളം റെയില്‍വേ പോലിസിനും പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അമ്മയുടെ പരാതി. അന്വേഷണം സംബന്ധിച്ച ഒരു വിവരവും പോലിസ് അറിയിച്ചിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണം അടിയന്തരമായി നടത്തി റിപോര്‍ട്ടു നല്‍കണമെന്ന് ചേര്‍ത്തല ഡിവൈഎസ്പിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സിവില്‍സ്റ്റേഷനിലെ ലിഫ്റ്റ് കേടായതിനാല്‍ മൂന്നാം നിലയിലെ സ്റ്റേറ്റ് ടാക്‌സ് ഓഫിസിലെത്താന്‍ ബുദ്ധിമുട്ടുന്നതായി ഭിന്നശേഷിക്കാരനായ ജീവനക്കാരന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ലിഫ്റ്റ് കേടായ ദിവസം തന്നെ വിവരം പൊതുമരാമത്ത്  ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി തഹസില്‍ദാര്‍ കലക്ടറെ അറിയിച്ചു. ലിഫ്റ്റിന്റെ കേടുപാടുകള്‍ തീര്‍ത്ത്  ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി പി തിലോത്തമന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും മുഹമ്മ പള്ളിക്കുന്ന് സിക്‌സസ് ക്ലബ്ബിന് വോളിബോള്‍ കോര്‍ട്ടില്‍ ഫഌഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച 1.50 ലക്ഷം രൂപ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വിനിയോഗിച്ചിട്ടില്ലെന്ന് ക്ലബ്ബ് സെക്രട്ടറി വിജീഷ് കുമാര്‍ പരാതി നല്‍കി. ഫയലില്‍ നടപടി വേഗത്തില്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരെ കലക്ടര്‍ ചുമതലപ്പെടുത്തി. ചേര്‍ത്തല നഗരത്തില്‍ ട്രാഫിക് നിയമം കര്‍ശനമായി പാലിക്കാന്‍ പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന പൊതുപരാതിയും അദാലത്തില്‍ ലഭിച്ചു. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിനു സമീപം തണ്ണീര്‍മുക്കം റോഡിന് ഇരുവശത്തും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതുമൂലം അപകടങ്ങള്‍ പതിവാകുന്നതായി വേളോര്‍വട്ടം ശശികുമാര്‍ നല്‍കിയ പരാതി നേരിട്ട് അന്വേഷിക്കാന്‍ ഡിവൈഎസ്പിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 156, പഞ്ചായത്ത് /മുനിസിപ്പാലിറ്റി 161, കെഎസ്ഇബി-4, കെഎസ്ആര്‍ടിസി-2, ആര്‍ടിഒ 3, സപ്ലൈഓഫിസ്-16, ബാങ്ക് വായ്പ 17, ഭൂമിയിനം മാറ്റുന്നതിന്  12, തൊഴില്‍-17 എന്നിങ്ങനെ അപേക്ഷകള്‍ ലഭിച്ചു. മറ്റ് ഓഫിസുകളുമായി ബന്ധപ്പെട്ടതായിരുന്നു 42 അപേക്ഷകള്‍.ശാരീരിക അവശതയുള്ള അപേക്ഷകരില്‍നിന്ന് ജില്ലാ കലക്ടര്‍ വേദിക്കു വെളിയിലെത്തി നേരിട്ട് അപേക്ഷ സ്വീകരിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ചേര്‍ത്തല താലൂക്ക് ഓഫിസ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. പി എം മുഹമ്മദ് ഷെരീഫ്, ടി വി ജോണ്‍, ആര്‍ ഉഷ, തങ്കച്ചന്‍ തോട്ടങ്കര നേതൃത്വം നല്‍കി. സബ് കലക്ടര്‍ വിആര്‍കെ തേജ മൈലവരപ്പു, എഡിഎം ഐ അബ്ദുള്‍സലാം,  പുഞ്ച സ്‌പെഷ്യല്‍ ഓഫിസര്‍ മോന്‍സി അലക്‌സാണ്ടര്‍ അദാലത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss