|    Sep 23 Sun, 2018 6:11 pm
FLASH NEWS

ചേര്‍ത്തലയില്‍ എഴുന്നള്ളത്തിനിടെ ഇടഞ്ഞോടിയ കൊമ്പന്‍ പരിഭ്രാന്തി പരത്തി

Published : 12th February 2018 | Posted By: kasim kzm

ചേര്‍ത്തല: എഴുന്നള്ളത്തിനിടെ ഇടഞ്ഞോടിയ കൊമ്പന്‍ ഒന്നരമണിക്കൂറോളം ചേര്‍ത്തല നിവാസികളെ ഭീതിയിലാഴ്ത്തി. കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന ശേഷമാണ് പാപ്പാന്മാര്‍ക്ക് ആനയെ തളയ്ക്കാനായത്. വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ ഊരുവലം എഴുന്നള്ളത്തിന് തിടമ്പേറ്റിയ പാലാ വേണാട്ടുമഠം ശ്രീകുമാര്‍ എന്ന ആനയാണ് ഇന്നലെ രാവിലെ പത്തരയോടെ ഇടഞ്ഞത്.  ചക്കരക്കുളം കൊയ്ത്തുരുത്തിവെളി ക്ഷേത്രത്തിന് സമീപം പറയെടുത്ത് മടങ്ങാനൊരുങ്ങുമ്പോള്‍ പാപ്പാനെ അനുസരിക്കാതെ ഓട്ടമായി. ആനപ്പുറത്ത്  തിടമ്പുമായി ഇരുന്ന ശ്രീകുമാര്‍ നമ്പൂതിരി ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപത്തെ വീടുകളിലൂടെയും പറമ്പിലൂടെയും ഓടിയ ആന നഗരമധ്യത്തിലെത്തിയും ഓട്ടം തുടര്‍ന്നു. ഇതോടെ ആന ഇടഞ്ഞോടുന്ന വാര്‍ത്ത നാടാകെയെത്തുകയും ഭീതി പരക്കുകയും ചെയ്തു.  പന്ത്രണ്ടോടെ പുരുഷന്‍ കവലയ്ക്ക് സമീപമെത്തിയ ആനയെ ഒന്നാംപാപ്പാന്‍ മനോജ് തന്ത്രപൂര്‍വം വൈദ്യുതി പോസ്റ്റില്‍ തളച്ചു. ഇതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. സ്ഥലത്തെത്തിയ അഗ്നിശമനസേന ആനയെ തണുപ്പിക്കാന്‍ പൈപ്പില്‍ വെള്ളംചീറ്റിച്ച് കുളിപ്പിച്ചു. സമീപത്തെ പുരയിടത്തിലേക്ക് ആനയെ മാറ്റിത്തളച്ചു. പിന്നീട് ആനയെ പാലായിലേക്ക് ലോറിയില്‍ കൊണ്ടുപോയി. ഇടഞ്ഞ ആന അധികം നാശനഷ്ടം ഉണ്ടാക്കിയില്ലെന്നുള്ളത് ആശ്വാസമായി. ഓട്ടത്തിനിടെ ചേര്‍ത്തല എക്‌സ്‌റേ കവലയ്ക്ക് വടക്ക് പത്മാലയം മുരളിയുടെ വീട്ടുവളപ്പില്‍ പ്രവേശിച്ച് മതില്‍ പൊളിച്ചാണ് പുറത്തിറങ്ങിയത്. ദേശീയപാത മൂന്നുതവണ ആന മുറിച്ചുകടന്നതോടെ ഇരുദിക്കുകളിലും പോലീസ് വാഹനഗതാഗതം തടഞ്ഞു. റോഡിലൂടെയും വീടുകള്‍ കയറിയും ഓടിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. ആന ഇടഞ്ഞതുമുതല്‍ തളയ്ക്കുംവരെ പാപ്പാന്മാരും പോലീസും ആനയെ പിന്തുടര്‍ന്നു. അഗ്‌നിശമനസേന, റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആനയെ തളച്ചതറിഞ്ഞതോടെയാണ് നാട്ടുകാരില്‍ ഭീതിയകന്നത്. ആനപ്പുറത്തുനിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ നിസാര പരിക്കേറ്റ ശ്രീകുമാര്‍ നമ്പൂതിരി താലൂക്കാശുപത്രിയില്‍ ചികിത്സനേടി. ഡിവൈഎസ്പി എ ജി ലാല്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി പി മോഹന്‍ലാല്‍, എസ്‌ഐ ജി അജിത്കുമാര്‍ എന്നിവരുടെ  നേതൃത്വത്തില്‍ ചേര്‍ത്തല, മാരാരിക്കുളം, അര്‍ത്തുങ്കല്‍ സ്‌റ്റേഷനുകളിലെ പോലിസ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഫയര്‍ ഓഫിസര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അഗ്‌നിശമനസേനയും എത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss