|    Nov 20 Tue, 2018 11:10 pm
FLASH NEWS

ചേരുംകാട്ടില്‍ മഴപെയ്താല്‍ അപകട ഭീഷണി

Published : 6th September 2018 | Posted By: kasim kzm

നെന്മാറ: ഉരുള്‍പൊട്ടി പത്തുജീവനുകള്‍ നഷ്ടപ്പെട്ട ആതവനാട് കുന്നില്‍ പ്രവര്‍ത്തിച്ചത് നാലുക്വാറികള്‍. നെല്ലിയാമ്പതി താഴ്‌വരയോട് ചേര്‍ന്നുള്ള പരിസ്ഥിതി ലോലപ്രദേശമായിട്ടുപോലും ഇപ്പോഴും പോക്കാന്‍മട ഭാഗത്ത് അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നു. ആതവനാട് കുന്നിന്റെ മറുഭാഗത്തായി വലിയ ക്വാറിയും വാലറ്റ പ്രദേശങ്ങളിലായി മൂന്നു ചെറിയ ക്വാറികളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഒരു ക്വാറി ഇപ്പോഴും അനധികൃതമായി പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി തുടര്‍ന്നുവന്ന വന്‍തോതില്‍ പാറപൊട്ടിക്കല്‍ മൂലമുണ്ടായ പരിസ്ഥിതിയുടെ ആഘാതമാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഓഗസ്റ്റ് 16ന് ചേരുംകാട്ടിലുണ്ടായ വലിയ ഉരുള്‍പൊട്ടലിലാണ് മൂന്നു കുടുംബങ്ങളിലെ പത്തുപേര്‍ മരിച്ചത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ മൂന്നുവീടുകള്‍ തകരുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ തന്നെ ഉരുള്‍പൊട്ടിയതിന്റെ വലതുഭാഗത്തും ചെറിയ തോതില്‍ ഉരുള്‍പൊട്ടിയിരുന്നു. ഈ ഭാഗത്ത് പാറയും മണ്ണും വേര്‍പെട്ട നിലയിലാണ് ഇപ്പോഴുമുള്ളത്. അപകടഭീഷണിയുയര്‍ത്തുന്ന ഈ കുന്നില്‍ ചെരുവിലായി 13 വീടുകളാണുള്ളത്. ഉരുള്‍പൊട്ടിയുണ്ടായ ഭീതിയില്‍ ഈ ഭാഗങ്ങളിലുള്ള നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ബന്ധുവീടുകളിലും അഭയകേന്ദ്രങ്ങളിലുമായാണ് കഴിയുന്നത്. അപകടത്തില്‍ തകര്‍ന്ന ഗംഗാധരന്റെ കുടുംബത്തില്‍ അഖിലയും അനിയത്തി ആതിരയും ഇപ്പോഴും സങ്കടകടലില്‍ കഴിയുന്നു. കോയമ്പത്തുര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ—യില്‍ തുടരുന്ന അഖില സുഖംപ്രാപിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അനിയത്തി ആതിര ജോലിസ്ഥലത്തായതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നും അതിനാല്‍ ചേച്ചിക്ക് ഒരു കൂട്ടായെന്നും അയല്‍വാസികളായ നാട്ടുകാര്‍ പറഞ്ഞു. മറ്റു കുടുംബങ്ങള്‍ക്ക് പോത്തുണ്ടി, നെന്മാറ, വിത്തനശേരി തുടങ്ങിയ അഭയകേന്ദ്രങ്ങളിലും ജലവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സുകളിലുമായി താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഭാഗികമായി തകര്‍ന്ന വീടിന്റെ സ്ഥിതിയും ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷയും ഉരുള്‍പൊട്ടലിലെ മലവെള്ള പാച്ചിലില്‍ തകര്‍ന്നുപോയത് ഉണ്ണികൃഷ്ണന്റെ കുടുംബത്തിനു കനത്ത ദുരന്തമായി. ഉണ്ണികൃഷണനും ഭാര്യയ്ക്കും മക്കള്‍ക്കും സാരമായി പരിക്കേറ്റു. ഉണ്ണികൃഷ്ണന്റെ പ്രായം ചെന്ന അമ്മയുടെ കാലിനു പരുക്കേറ്റു ഇപ്പോഴും ചികിത്സയിലാണ്. ഇവരെല്ലാം അയിനംപാടം ജലവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സില്‍ താത്കാലികമായി കഴിയുകയാണ്. മൂന്നൂറുമീറ്ററിലധികം ഉയര്‍ത്തില്‍ നിന്നാണ് ഉരുള്‍പൊട്ടി പാറക്കല്ലുകളും, മരങ്ങളും മണ്ണും കുത്തിയൊലിച്ചിറങ്ങിയത്. പാറമുകളില്‍നിന്ന് ഇപ്പോഴും ചെറിയ തോതില്‍ വെള്ളമൊഴുകുന്നുണ്ട്. ഇനി മഴ കൂടിയാകുമ്പോള്‍ ശക്തമായ വെള്ളമൊഴുക്കുണ്ടായാല്‍ വലിയ തോതില്‍ മണ്ണ് ഇനിയും കുത്തിയൊലിച്ചിറങ്ങും. മണ്ണില്‍ പുതഞ്ഞു നില്ക്കുന്ന വലിയ പാറക്കല്ലുകളും താഴേയ്ക്ക് വരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഉരുള്‍പൊട്ടിയ സ്ഥലത്തിനു സമീപമുള്ള രണ്ടു കുടുംബങ്ങളെ ഇപ്പോഴും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss