|    Oct 17 Wed, 2018 4:44 pm
FLASH NEWS

ചേന്ദമംഗലം പഞ്ചായത്ത് പൊതുശ്മശാനം ഇന്ന് നാടിന് സമര്‍പ്പിക്കും

Published : 27th October 2017 | Posted By: fsq

 

പറവൂര്‍: ചേന്ദമംഗലം പഞ്ചായത്ത് നിവാസികളുടെ ദീര്‍ഘ കാല ആവശ്യമായിരുന്ന പൊതുശ്മാശാനത്തിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചു. ശ്മശാനം ഇന്ന് നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്് എ എം ഇസ്മായില്‍ അറിയിച്ചു. ഇതിനോടൊപ്പം പഞ്ചായത്തിന് ലഭിച്ചിട്ടുള്ള ഐ എസ് ഒ 9001 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും തദ്ദേശഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും.  കോട്ടയില്‍ കോവിലകത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സാധാരണ ശ്മാശാന സ്ഥലത്താണ് പുതിയ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിച്ചിട്ടുള്ളത്. 2008 ല്‍ എം പി യായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ശ്മശാനത്തിനുവേണ്ടി പതിനഞ്ചു ലക്ഷം രൂപ അനുവദിക്കുകയും നിര്‍മാണത്തിനായി കോസ്റ്റ് ഫോര്‍ഡിന് ചുമതലയും നല്‍കി. എന്നാല്‍ വലിയ വാഹനങ്ങള്‍ കയറ്റുന്നതിനു വഴി സൗകര്യം ഇല്ലാതിരുന്നതും നിര്‍മാണ സ്ഥലത്ത് ചീങ്കണ്ണിപാറ കൂടുതലായിരുന്നതും ശ്മാശാന നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു. ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിനുള്ള ഷെഡ്ഡും നിര്‍മാണാവശ്യത്തിനുള്ള വെള്ളവും മറ്റു ചില ഭൗതിക സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി കൊടുക്കണമെന്ന നിര്‍ദേശവും വന്നതോടെ ശ്മാശാനത്തിന്റെ പണിയില്‍ കാലതാമസം നേരിട്ടു. പിന്നീട് പഞ്ചായത്ത് ഭരണസമിതിക്കാര്‍ ശ്രീവേണുഗോപാല സ്വാമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിര്‍മാണാവശ്യത്തിനുള്ള വലിയ പൈപ്പുകളും മറ്റു സാമഗ്രികളും സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി കൊടുത്തതോടെയാണ് ക്രിമിറ്റോറിയം പണി ആരംഭിക്കാനായത്. പിന്നീട് പാലാത്തുരുത്ത് ടെമ്പിള്‍ റോഡില്‍ നിന്നും ശ്മാശാനത്തിലേക്കുള്ള വഴി സൗജന്യമായി വീതി കൂട്ടിനല്‍കാനും ശ്മാശാന പ്രവര്‍ത്തികള്‍ക്കായി ക്ഷേത്രം വക കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്നതിനും ട്രസ്റ്റ് സമ്മതം നല്‍കിയതോടെയാണ് പഞ്ചായത്ത് പൊതുശ്മശാനം പൂര്‍ത്തീകരിക്കാനായത്. പഞ്ചായത്ത് വകുപ്പില്‍ നിന്നും ലഭിച്ച പന്ത്രണ്ടു ലക്ഷത്തില്‍ പരം രൂപ ധനസഹായമായി ലഭിച്ചതോടെ ക്രിമിറ്റോറിയത്തിനാവശ്യമായ വൈദ്യുതികരണവും ഗ്യാസ്, ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് ശ്മശാനം നാടിനു സമര്‍പ്പിക്കുന്നത്. നാളെ വൈകീട്ട് 5 ന് പാലാത്തുരുത്ത് ഗുരുദേവ സംഘമിത്ര ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. വി ഡി സതീശന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. എസ് ശര്‍മ്മ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് നിതാ സ്റ്റാലിന്‍, മെംബര്‍മാരായ ഷിബു ചേരമാന്‍ തുരുത്തി, കെ എ ഉണ്ണികൃഷ്ണന്‍, ജസ്റ്റിന്‍ ടി പി, സംഗീത രാജു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss