|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചെല്‍സിക്കു തകര്‍പ്പന്‍ ജയം (4-0)

Published : 1st December 2018 | Posted By: kasim kzm

ലണ്ടന്‍: യൂറോപ ലീഗ് ഫുട്‌ബോളില്‍ ഗ്രീക്ക് ക്ലബ് പാവോകിനെതിരെ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചെല്‍സി ജയിച്ചത്. ഫ്രഞ്ച് താരം ഒലിവിയ ജിറൂദ് നേടിയ ഇരട്ട ഗോളുകളാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്. 27ാം മിനിറ്റിലും 37ാം മിനിറ്റിലുമായിരുന്നു ജിറൂദിന്റെ ഗോളുകള്‍. ഹഡ്‌സണ്‍ ഒഡോയും മൊറാട്ടയും ചെല്‍സിക്ക് വേണ്ടി ശേഷിക്കുന്ന ഗോളുകള്‍ നേടി. ഈ ജയത്തോടെ കളിച്ച അഞ്ചു മല്‍സരവും ജയിച്ച് 15 പോയിന്റോടെ എല്‍ ഗ്രൂപ്പില്‍ ചെല്‍സി മുന്നിലെത്തി.
ഒരു മല്‍സരം മാത്രം ജയിച്ച പാവോകിനു മൂന്നു പോയിന്റാണുള്ളത്. നാളെ ഫുള്‍ഹാമിനെതിരെയാണ് ചെല്‍സിയുടെ മല്‍സരം. ഈ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുക്രൈന്‍ ക്ലബ്ബായ വോര്‍സ്‌ക്ലയെ തോല്‍പ്പിച്ചു. 10ാം മിനിട്ടില്‍ സ്മിത്ത് റോവേയുടെ ഗോളിലൂടെ മുന്നിലെത്തിയ ആഴ്‌സനല്‍, ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി. റാംസെ, വില്ലോക്ക് എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ 13 പോയിന്റുമായി ആഴ്‌സനല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. നാലു മല്‍സരം ജയിച്ച ആഴ്‌സനല്‍ ഒന്നില്‍ സമനില വഴങ്ങി.
എഫ് ഗ്രൂപ്പില്‍ എസി മിലാന്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡ്യുഡേലാംഗയെ തോല്‍പിച്ചു. മിലാന് 10 പോയിന്റാണുള്ളത്. 11 പോയിന്റുള്ള ബെറ്റിസാണ് ഒന്നാമത്. മറ്റു മല്‍സരങ്ങളില്‍ സെല്‍റ്റിക് ഒരു ഗോളിന് റോസന്‍ബര്‍ഗിനേയും സ്‌പോര്‍ട്‌സിങ് ലിസ്ബണ്‍ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്ക് ക്വാറബാഗിനേയും തകര്‍ത്തു.
ബെല്‍ജിയം ക്ലബ്ബായ സ്റ്റാന്‍ഡേര്‍ഡ് ലീഗ് 1-0ന് സ്പാനിഷ് ഗ്ലാമര്‍ ടീമായ സെവിയ്യയെ തോല്‍പിച്ചു. 62ാം മിനുട്ടില്‍ മൂസ ജെനപ്പോയാണ് ഗോള്‍ നേടിയത്. മല്‍സരത്തില്‍ കൂടുതല്‍ സമയവും പന്ത് കൈവശംവച്ച സെവിയ്യക്ക് 22 ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും ഒരു ഷോട്ടു പോലും എതിര്‍ പോസ്റ്റിലേക്ക് എത്തിക്കാനായില്ല. അതേസമയം ആക്രമിച്ചു കളിച്ച സ്റ്റാന്‍ഡേര്‍ഡ് ലീഗ് മൂന്നു തവണ സെവിയ്യ ഗോളിയെ പരീക്ഷിച്ചു. രണ്ടു തവണ ഗോളി രക്ഷകനായെങ്കിലും ഒരു തവണ ഷോട്ട് തടയാനായില്ല. മൂന്നു ജയവും രണ്ടു തോല്‍വികളുമുള്ള ഇരു ടീമുകളും ഒമ്പതു പോയിന്റോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss