|    Oct 22 Mon, 2018 8:11 pm
FLASH NEWS

ചെല്ലാനത്ത് സംഘര്‍ഷം: എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പൊലിസുകാര്‍ക്ക് പരിക്ക്

Published : 22nd January 2017 | Posted By: fsq

 

പള്ളുരുത്തി: ചെല്ലാനത്ത് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐ ഉള്‍പ്പെടെ അഞ്ച് പൊലിസുകാര്‍ക്ക് പരിക്കേറ്റു. കണ്ണമാലി സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ഷൈജു ഇബ്രാഹിം, എഎസ്‌ഐമാരായ രാജപ്പന്‍, ദിലീപ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സതീശ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ വടക്കേ ചെല്ലാനം സെന്റ്് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംഭവം. പെരുന്നാള്‍ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രി കെപിഎസിയുടെ ഗാനമേള നടക്കുന്നതിനിടെയിലാണ് സംഘര്‍ഷം. ഗാനമേള അവസാനിക്കാറായ സമയത്ത് നൃത്തം ചെയ്ത യുവാക്കള്‍ തമ്മില്‍ കശപിശയുണ്ടായി. ഇവരെ പൊലിസ് ലാത്തി വീശിയോടിച്ചു. യുവാക്കള്‍ ചിതറിയോടിയതോടെ കാഴ്ചക്കാരായി നിന്ന പലര്‍ക്കും ലാത്തിയടിയേറ്റു. പൊലിസിന്റെ ലാത്തിയടിയേറ്റ ഒരാള്‍ ഗാനമേളയില്‍ പാട്ട് പാടി കൊണ്ടിരുന്ന ഗായകന്റെ മൈക്ക് സ്‌റ്റേജിലെത്തി പിടിച്ച് വാങ്ങുകയും പൊലിസ് തന്നെ മര്‍ദ്ദിച്ചെന്നും ഇതിന് പരിഹാരം കാണാതെ പരിപാടി തുടരാന്‍ അനുവദിക്കില്ലെന്നും പറയുകയായിരുന്നു. ഇയാള്‍ക്ക് പിന്തുണയുമായി ഏതാനും യുവാക്കള്‍ കൂടി സ്‌റ്റേജില്‍ കയറുകയും ഇവരെ ഇറക്കാന്‍ പൊലിസും എത്തിയതോടെയാണ് രംഗം വഷളായത്. തുടര്‍ന്ന് പൊലിസുമായി യുവാക്കള്‍ ഏറ്റു മുട്ടുകയായിരുന്നു. മൈക്കിന്റെ സ്റ്റാന്റ്് ഉപയോഗിച്ച് ദിലീപെന്ന പൊലിസുകാരന്റെ തലയുടെ പിറകില്‍ അടിച്ചതിനെ തുടര്‍ന്ന് ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്‌റ്റേജില്‍ നില്‍ക്കുകയായിരുന്ന ഗ്രേഡ് എസ്‌ഐ രാജപ്പന്റെ പിന്നില്‍ നിന്ന് ആഞ്ഞ് ചവിട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ സ്‌റ്റേജില്‍ നിന്ന് താഴേക്ക് വീഴുകയും ഇയാളുടെ മുട്ടിന്റെ ചിരട്ട തകരാറിലാകുകയും ചെയ്തു. ഇയാളും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്റ്റേഷന്‍ എസ്‌ഐ ഷൈജു ഇബ്രാഹിമിന്റെ തലക്കും മുഖത്തുമാണ് പരിക്കേറ്റത്. സതീശിന്റെ തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ ഷൈജു ഇബ്രാഹിം, സിവില്‍ പൊലിസ് ഓഫിസര്‍ ഷിജു എന്നിവര്‍ പ്രാഥമിക ചികില്‍സയ്്ക്ക് ശേഷം ആശുപത്രി വിട്ടു. യുവാക്കളെല്ലാം മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സംഘര്‍ഷം ഒരു മണിക്കൂറോളം നീണ്ടുനിന്നു. സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റക്കാരല്ലന്ന് കണ്ട് വിട്ടയച്ചു. കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ശക്തമാക്കി. അതേസമയം ഗാനമേള സംഘത്തിന്റെ സംഗീത ഉപകരണങ്ങള്‍ തല്ലി തകര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഇവര്‍ ഇത് സംബന്ധിച്ച് പൊലിസിന് പരാതി നല്‍കിയിട്ടുണ്ട്. പള്ളി കമ്മിറ്റി ഭാരവാഹികളും കുറ്റക്കാരായ യുവാക്കള്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലിസിന് പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss