|    Jul 23 Sun, 2017 8:23 pm
FLASH NEWS

ചെല്ലഞ്ചി പാലം: ഭൂമി നല്‍കാന്‍ നാട്ടുകാര്‍ സമ്മതപത്രം നല്‍കി

Published : 26th August 2016 | Posted By: SMR

കല്ലറ: ചെല്ലഞ്ചി പാലത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി പൊന്നുംവില സ്വീകരിച്ച് വിട്ടുനല്‍കാമെന്നു കല്ലറ, പാലോട് വില്ലേജുകളിലെ ഭൂവുടമകള്‍ അധികൃതര്‍ക്ക് സമ്മതപത്രം എഴുതി നല്‍കി. പാലത്തിന്റെയും അനുബന്ധ മേഖലയുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. ഡി കെ മുരളി എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമ്മതപത്രം കൈമാറിയത്. എ, ബി കാറ്റഗറികളായി തിരിച്ചാണ് ഭൂമിക്ക് സംസ്ഥാനതല വിദഗ്ധസമിതി വില നിശ്ചയിച്ചത്.
എ കാറ്റഗറിക്ക് സെന്റിന് 60,985 രൂപയും  ബി കാറ്റഗറിക്ക് സെന്റിന് 54,863 രൂപയുമാണ് ലഭിക്കുക. ഇതംഗീകരിച്ചാണ് പ്രദേശത്തെ ഭൂ ഉടമകള്‍ പൊതുമരാമത്ത് വകുപ്പിന് വിലയാധാരം എഴുതി നല്‍കാമെന്ന് ഉറപ്പുനല്‍കിയത്. സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച സംശയങ്ങ ള്‍ ദൂരീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി. ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ച് 31ന് തഹസില്‍ദാര്‍ ഓഫിസില്‍ രേഖകളുമായി എത്തുന്നവര്‍ക്ക് വ്യക്തത വരുത്തും. പൊതുമരാമത്തിന് ഇനിയും രേഖകള്‍ കൈമാറാനുള്ളവര്‍ ആധാരം, മുന്നാധാരം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഒടുവില്‍ കരമടച്ച രശീതി, 30 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ബാധ്യതാ സര്‍ട്ടിഫിക്കറ്റ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നു ലഭിക്കും. ഭൂവുടമകള്‍ക്ക് ആവശ്യമായ മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ വില്ലേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് എംഎല്‍എ വ്യക്തമാക്കി.
ഫണ്ട് അനുവദിച്ചു കിട്ടുന്നതിനുള്ള രേഖ ധനവകുപ്പിനു സമര്‍പ്പിച്ചു കഴിഞ്ഞതായി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ പറഞ്ഞു. ഇതു ലഭിച്ചാലുടന്‍ സര്‍ക്കാര്‍ അഭിഭാഷകനില്‍ നിന്നു നിയമോപദേശം സ്വീകരിച്ച് അനന്തര നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2009ല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും യഥാസമയം ഫണ്ട് നല്‍കാന്‍ സാധിക്കാത്തതിനാല്‍ 2015ല്‍ ഇത് റദ്ദായി. കഴിഞ്ഞ 19ന് റവന്യൂ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. വില നല്‍കി ഭൂമി കൈപ്പറ്റാന്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പ്രദേശവാസികളെ അറിയിച്ച് സമ്മതം വാങ്ങുന്നതിനാണു കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. ഡെപ്യൂട്ടി കലക്ടര്‍ സാം എല്‍ സോണ്‍ സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി. തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക