|    Oct 21 Sun, 2018 7:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചെലവ് ചുരുക്കും

Published : 3rd February 2018 | Posted By: kasim kzm

തിരുവനന്തപുരം: ജിഎസ്ടി വന്നതോടെ നികുതിവരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനും പദ്ധതിയേതര ചെലവു ചുരുക്കുന്നതിനും ബജറ്റില്‍ നിര്‍ദേശം. 2017-18 കാലയളവിലേതു പോലെ ശമ്പള, പെന്‍ഷന്‍ ചെലവുകള്‍ ഉയരുന്നത് വരുന്ന കാലയളവില്‍ താങ്ങാനാവില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല. ജീവനക്കാരെ പുനര്‍വിന്യസിച്ച് ഒഴിവുകള്‍ നികത്തും. ആവശ്യമെങ്കില്‍ മതിയായ പഠനങ്ങള്‍ നടത്തിയതിനു ശേഷമെ തസ്തികകള്‍ സൃഷ്ടിക്കൂ. കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തിലെ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ അനുവദിക്കൂ. ഇത്തരം സ്ഥാപനങ്ങളുടെ പെര്‍ഫോമന്‍സ് ഓഡിറ്റും കര്‍ക്കശമാക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ വാഹനം വാങ്ങുന്നതില്‍ മിതത്വം പാലിക്കും.   സ്വന്തം വാഹനം വാങ്ങാനുള്ള അനുമതി വകുപ്പ് മേധാവികള്‍ക്കും പോലിസിനും നിയമനിര്‍വഹണ ഏജന്‍സിക്കും തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാര്‍ക്കും ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. യാത്രാചെലവുകള്‍ ചുരുക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു. അനിവാര്യ സാഹചര്യത്തില്‍ മാത്രമെ വിദേശയാത്ര അനുവദിക്കൂ. വകുപ്പുകള്‍ പരമാവധി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉപയോഗപ്പെടുത്തണം. ടെലിഫോണ്‍ നിരക്കിലും നിയന്ത്രണം കൊണ്ടുവരും. നിലവിലുള്ള ലാന്റ്‌ലൈനുകളുടെ ചെലവുകള്‍ പരമാവധി ചുരുക്കണം. 440 രൂപവരെയുള്ള മൊബൈല്‍ ബില്ലുകള്‍ക്ക് ഓട്ടോമാറ്റിക്കായി റീ ഇംബേഴ്‌സ് നല്‍കും. ഇതില്‍ കൂടുതലുള്ളതിനു ബില്ലുകള്‍ ഹാജരാക്കണം. 2017-18ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 88266.85 കോടിയാണ് റവന്യൂവരവ്. ചെലവാകട്ടെ 101346.49 കോടിയും. ചെലവ് ചുരുക്കലിന്റെ ഭാഗമായി റവന്യൂകമ്മി 13079.64 കോടിയായി കുറയ്ക്കാനും കഴിഞ്ഞു. 2018-19ല്‍ വരുമാനം വര്‍ധിപ്പിച്ചില്ലെങ്കില്‍ ചെലവ് ചുരുക്കേണ്ടിവരുമെന്ന് ധനമന്ത്രി പറഞ്ഞു. കാരണം നൂല്‍പ്പാലത്തിലൂടെയുള്ള നടപ്പ് തുടരുകയാണ്. കിഫ്ബി വഴി ഗണ്യമായി മൂലധനനിക്ഷേപം ഉയര്‍ത്തുകയാണ്. ജിഎസ്ടി ഫലപ്രദമായി നടപ്പാക്കിയാല്‍ വരുമാനം ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ഇതോടൊപ്പം അനര്‍ഹരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും നീക്കുന്നതിന് തിരുത്തല്‍ പരിപാടി നടപ്പാക്കും. 42.5 ലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് പെന്‍ഷനോ സുരക്ഷാ ധനസഹായമോ നല്‍കുന്നത്.  പ്രതിവര്‍ഷം ആറായിരത്തോളം കോടിയാണ് സാമൂഹിക സുരക്ഷാ പെന്‍ഷനായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. പെന്‍ഷന് ഒരുലക്ഷം രൂപയാണ് കുടുംബവരുമാന പരിധി. എന്നാല്‍, വളരെ ഉയര്‍ന്ന വരുമാനക്കാരും നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നു. വരുമാനം സംബന്ധിച്ച തര്‍ക്കം ഒഴിവാക്കാന്‍ വരുമാനപരിധിക്കു പുറമെ മറ്റു മാനദണ്ഡങ്ങളും ബാധകമാക്കുമെന്ന് ധനമന്ത്രി  പ്രഖ്യാപിച്ചു. 1200 ചതുരശ്രയടിക്ക് മുകളിലുള്ള വീടുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍ക്ക് ഒപ്പം താമസിക്കുന്നവര്‍, രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 സിസിയേക്കാള്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ടാക്‌സിയല്ലാത്ത കാറുകള്‍ എന്നിവയുള്ളര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹതയില്ല. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സ്വമേധയാ പെന്‍ഷന്‍ ഉപേക്ഷിക്കുന്നതിന് മാര്‍ച്ച് അവസാനംവരെ സമയം അനുവദിക്കും. അതിനുശേഷമുള്ള സര്‍വേയില്‍ കണ്ടെത്തുന്നവര്‍ വാങ്ങിയ പെന്‍ഷന്‍ തിരിച്ചടയ്ക്കാന്‍ ബാധ്യസ്ഥരായിരിക്കും.  ഭിന്നശേഷിക്കാരും അംഗപരിമിതരുമായ അപേക്ഷകര്‍ക്ക് അടിയന്തരമായി പെന്‍ഷന്‍ അനുവദിക്കും. സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീം ആരംഭിക്കും. ഭക്ഷ്യ സബ്‌സിഡിക്കായി ബജറ്റില്‍ 954 കോടി രൂപ വകയിരുത്തി. പട്ടിണി കിടക്കുന്ന ഒരാളും കേരളത്തില്‍ ഇല്ലെന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 31 കോടി രൂപ റേഷന്‍ കടകളുടെ നവീകരണത്തിനും ഇ ഗവേണന്‍സിനുമായി പ്രത്യേകം വകയിരുത്തി.    തിരക്കിട്ട് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയപ്പോള്‍ ഉണ്ടായ പോരായ്മകള്‍ ഒന്നൊന്നായി പരിഹിരിച്ചുവരുകയാണ്. ആര്‍എസ്ബിവൈ കാര്‍ഡ് ഉള്ളവര്‍ക്കെല്ലാം ജീവിതശൈലീ രോഗങ്ങള്‍ക്ക് ചികില്‍സയ്ക്ക് അവകാശം ഉണ്ടായിരിക്കും. അന്ത്യോദയ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ചികില്‍സ പൂര്‍ണമായും സൗജന്യമാക്കും. ആലപ്പുഴയിലെ വിശപ്പുരഹിത പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss