|    Jan 17 Tue, 2017 12:34 pm
FLASH NEWS

ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ല്യാര്‍

Published : 10th March 2016 | Posted By: sdq
Zainudhin Musliyar

ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ല്യാര്‍

സലീം ഐദീദ്

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഓര്‍മ്മയായതോടെ മതവിജ്ഞാനരംഗത്തെ മഹദ്പ്രതിഭയാണ് കേരളീയ സമൂഹത്തിന് നഷ്ടമായത്. ഒട്ടേറെ ബാഖവിമാര്‍ക്കും ഫൈസിമാര്‍ക്കും ഹുദവികള്‍ക്കും അറിവ് പകര്‍ന്ന് നല്‍കിയപ്പോഴും ഒരു ബിരുദത്തിന്റെയും പിന്‍ബലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിവിധ ദര്‍സുകളിലെ അദ്ധ്യയനത്തിലൂടെയും പണ്ഡിതസൂരികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും അദ്ദേഹം അറിവിന്റെ അത്യുന്നതങ്ങള്‍ എത്തിപ്പിടിച്ചു. അദ്ദേഹം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കി. പിതാവും ആദ്യ ഗുരുവുമായിരുന്ന ചെറുശ്ശേരി മുഹമ്മദ് മുസ്‌ല്യാരോട് തന്റെ സഹപാഠികള്‍ക്കൊപ്പം ഉപരി പഠനത്തിനു വെല്ലൂര്‍ ബാഖിയാത്തില്‍ പോവാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവിടെ പോയവര്‍ നിന്നെ കാണാന്‍ ഇങ്ങോട്ട് വരു”മെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അക്ഷരാര്‍ത്ഥത്തില്‍ അതു സംഭവിച്ചു. അന്വേഷണപടുക്കളുടെയും സുഹൃത്തുക്കളുടെയും ശിഷ്യന്മാരുടെയും സന്ദര്‍ശനം ചെറുശ്ശേരി ഉസ്താദ് ഇഹലോകത്തോട് വിടപറയും വരെ തുടര്‍ന്നു.സമകാലിക സമസ്യകളെ ഇസ്‌ലാമിക കര്‍മ്മശാസ്ത്രം (ഫിഖ്ഹ്) കൊണ്ട് പൂരണം ചെയ്തിടത്താണു ചെറുശ്ശേരിയുടെ പാണ്ഡിത്യം വിസ്മയമാവുന്നത്. ഇമാമുമാരുടെ രചനകള്‍ സൂക്ഷ്മമായി പഠിച്ച് അവയവദാനം, രക്തദാനം, കൃത്രിമ ബീജ സങ്കലനം തുടങ്ങിയവയുടെ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ അദ്ദേഹം രൂപപ്പെടുത്തി. തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ മതവിധികള്‍ തേടി വന്നരോട് ചെറുശ്ശേരിയെ കണ്ടാല്‍ മതിയെന്നു കണ്ണിയത്ത് ഉസ്താദും ചെറുശ്ശേരിയുടെ ഗുരുക്കന്മാരില്‍ ഒരാളായിരുന്ന സൈനുദ്ദീന്‍ കുട്ടി മുസ്‌ല്യാരും നിര്‍ദ്ദേശിക്കുമായിരുന്നു. പരേതനായ മുഹമ്മദലി ശിഹാബ് തങ്ങളും മതവിധികളുടെ അവസാന തീര്‍പ്പുകള്‍ക്കു ചെറുശ്ശേരി ഉസ്താദിനെ ആശ്രയിച്ചിരുന്നു.കേരളത്തിലെ പ്രധാന സുന്നീ സംഘടനയുടെ മുഖ്യകാര്യദര്‍ശിയായിരുന്നപ്പോഴും വിനയത്തിന്റെയും ഉദാരതയുടെയും ആള്‍രൂപമായി അദ്ദേഹം നിലകൊണ്ടു. വിളഞ്ഞ് പഴുത്ത മുന്തിരിക്കുല താഴ്ന്നു കിടക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാര്യങ്ങള്‍ മറ്റുള്ളവരെ ഏല്‍പിക്കുന്നതില്‍ തല്‍പരനായിരുന്നില്ല അദ്ദേഹം. സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അധികാരത്തിന്റെ രാജവീഥികളില്‍ നിന്നു എപ്പോഴും മാറി നടന്നു.നര്‍മ്മബോധമുള്ള ഒരു വ്യക്തികൂടിയായിരുന്നു സൈനുദ്ദീന്‍ മുസ്‌ല്യാര്‍. ഒരിക്കല്‍ ഒരു പരിപാടിക്കിടെ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ഒപ്പമിരുന്ന മുസ്‌ല്യാര്‍ തനിക്കു കൊളസ്‌ട്രോളും പ്രമേഹവും ഉള്ളതിനെ കുറിച്ച് പറയുകയുണ്ടായി. അസ്‌റാഈല്‍ വരുമ്പോള്‍ ഈ രോഗവിവരങ്ങളൊന്നും ചോദിക്കുകയില്ലയെന്നായിരുന്നു ചെറുശ്ശേരിയുടെ കുസൃതി കലര്‍ന്ന മറുപടി. ഏതു ഗൗരവമുള്ള കാര്യമാണെങ്കിലും സംവദിക്കാന്‍ നാട്ടുഭാഷയായിരുന്നു ഉസ്താദിനു പഥ്യം. അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ കേള്‍വിക്കാരനെ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന നര്‍മ്മത്തിന്റെ മേമ്പൊടിയുണ്ടാവും. അതാരെയും മുറിവേല്‍പിച്ചിരുന്നില്ല.

sunnu musliyar

സുന്നികള്‍ യാഥാസ്ഥിതികരാണെന്നു പറയുന്നവരോട് അതിനര്‍ത്ഥം കാര്യങ്ങള്‍ യഥാവിധി കാണുന്നവര്‍ എന്നല്ലേയെന്നു അദ്ദേഹം തിരിച്ചു ചോദിച്ചു.കൊണ്ടോട്ടിയിലെ പള്ളിയില്‍ ദീര്‍ഘകാലം സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഖുതുബ നിര്‍വഹിച്ചു. 1974 ല്‍ സമസ്ത മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണു ഈ കര്‍മ്മ ശാസ്ത്ര വിശാരദന്‍ ശ്രദ്ധേയനാവുന്നത്. തൊട്ടടുത്ത വര്‍ഷം ഫത്‌വാ കമ്മിറ്റി അംഗമായി. 1996 ല്‍ ഇകെ അബൂബക്കര്‍ മുസ്‌ല്യാരുടെ മരണത്തോടെ സമസ്ത ജനറല്‍ സെക്രട്ടറിയായി. സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ്, വിദ്യഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, വിവിധ മഹല്ലുകളുടെ ഖാസി… ഇങ്ങിനെ പോവുന്നു സൈനുദ്ദീന്‍ മുസ്‌ല്യാരുടെ സേവന പഥങ്ങള്‍. സമസ്തയുടെ ഭിന്നിപ്പിനു മുമ്പ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പിന്നീട് ഇരുവരും വഴി പിരിഞ്ഞു. പക്ഷേ, വിമര്‍ശനങ്ങളിലും പ്രതികരണങ്ങളിലും പ്രതിഷേധപ്രകടനങ്ങളിലും ചെറുശ്ശേരി ഉസ്താദ് മാന്യതയും സഭ്യതയും കാത്തുസൂക്ഷിച്ചു.1994 ല്‍ എംഎം ബഷീര്‍ മുസ്‌ല്യാരുടെ മരണത്തോടെയാണു ദാറുല്‍ ഹുദാ പ്രിന്‍സിപ്പലായി ചെറുശ്ശേരി സ്ഥാനമേല്‍ക്കുന്നത്. ചെറുശ്ശേരിയുടെ അമൂല്യ ഗ്രന്ഥശേഖരം ദാറുല്‍ഹുദക്ക് തന്റെ ജീവിതകാലത്ത് തന്നെ അദ്ദേഹം കൈമാറിയിരുന്നു. പട്ടിക്കാട് ജാമിഅ അടക്കമുള്ള സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനങ്ങളില്‍ ചെറുശ്ശേരിയുടെ സാന്നിധ്യവും പ്രഭാഷണവും അനിവാര്യ ഘടകങ്ങളായിരുന്നു.മതപഠന രംഗത്ത് ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് സ്വാഗതം ചെയ്തപ്പോഴും പഴയ ദര്‍സ് സമ്പ്രദായത്തോടു പകരം നില്‍ക്കാന്‍ അവക്കാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കിതാബ് ഓതി പഠിച്ചതിന്റെഗുണം വേറെ തന്നെയാണെന്നു അദ്ദേഹം നിരീക്ഷിച്ചു. അദ്ധ്യയനത്തെക്കുറിച്ചും അദ്ധ്യാപനത്തെക്കുറിച്ചും അദ്ദേഹത്തിന് തനതായ ചില കാഴ്ചപ്പാടുകളുണ്ടായിരുന്നു. അത് അദ്ദേഹം സനിഷ്‌കര്‍ഷം പാലിച്ചു. അദ്ധ്യാപനം ഒരു യാന്ത്രിക പ്രവൃത്തിയായല്ല അദ്ദേഹം കണ്ടിരുന്നത്.വഖഫ്, അനന്തരാവകാശം, ത്വലാഖ് തുടങ്ങിയ വിഷയങ്ങളിലാണു ചെറുശ്ശേരിയുടെ ഫത്‌വകള്‍ ശ്രദ്ധേയമാവുന്നത്. ദാറുല്‍ ഹുദായില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായിരുന്നു അദ്ദേഹം ക്ലാസെടുത്തിരുന്നത്. പിജി ഒന്നാം വര്‍ഷ ക്ലാസുകളില്‍ സ്വഹീഹ് മുസ്‌ലിമും അവസാന വര്‍ഷ ക്ലാസുകളില്‍ തുഹ്ഫയും അദ്ദേഹം പഠിപ്പിച്ചു. ദാറുല്‍ ഹുദായില്‍ വെച്ചാണ് അദ്ദേഹം രോഗബാധിതനാവുന്നത്. ഉണര്‍ച്ചയും മറവിയും ബോധതലങ്ങളെ മാറി മാറി തഴുകിയപ്പോഴും അദ്ദേഹത്തിന്റെ വിരലുകള്‍ തസ്ബീഹ് മാലയുടെ മണികളെ ഇളക്കിക്കൊണ്ടിരുന്നു. മതവൈജ്ഞാനിക മേഖലക്ക് കനത്ത നഷ്ടമുണ്ടാക്കിക്കൊണ്ടാണ് ആ കര്‍മ്മയോഗി വിട പറഞ്ഞത്. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും സ്വര്‍ഗ്ഗപ്രവേശവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 409 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക