|    Mar 18 Sun, 2018 5:35 pm
FLASH NEWS

ചെറുവള്ളി എസ്റ്റേറ്റില്‍ ഷെഡ്ഡ്് കെട്ടി സമരം; 24 പേരെ അറസ്റ്റ് ചെയ്തു

Published : 8th November 2016 | Posted By: SMR

എരുമേലി: തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കു സമരത്തിലായ ചെറുവള്ളി എസ്റ്റേറ്റില്‍ പുലര്‍ച്ചെ പട്രോളിങിലായിരുന്ന പോലിസുകാര്‍ കാപ്പി കുടിക്കാന്‍ പോയ തക്കത്തിന് ഭൂസമരക്കാരെത്തി ഷെഡ്ഡ് കെട്ടി. ഷെഡ്ഡ് കെട്ടി തോട്ടത്തില്‍ കുത്തിയിരുന്ന അവര്‍ ഭൂസമരമാണെന്നറിയിക്കാന്‍ ഒടുവില്‍ പോലിസിനു ഫോണ്‍ ചെയ്യേണ്ടി വന്നു. സമര നേതാവ് കബളിപ്പിച്ചെന്നു മനസ്സിലാക്കിയ അനുയായികള്‍ പോലിസിനോടു സഹകരിച്ച് അറസ്റ്റിനു വഴങ്ങിയതോടെ ഭൂസമരത്തിന് സമാപ്തിയായി. ഇന്നലെ രാവിലെ 5.30ഓടെ കരിമ്പിന്‍തോട് ഭാഗത്ത് നിന്ന് ഇടവഴിയിലൂടെ പൂവന്‍പാറ ക്ഷേത്രത്തിന് അടുത്തെത്തിയാണ് ഭൂസമരക്കാര്‍ ഷെഡ്ഡ് കെട്ടിയത്. ചെറിയ ടാര്‍പോളിനുകള്‍ 10 എം വലിച്ചുകെട്ടി. ശ്രീകൃഷ്ണന്‍, ക്രിസ്തു, മുസ്‌ലിം പള്ളി, അംബേദ്കര്‍, അയ്യന്‍കാളി എന്നിവയുടെ ചിത്രങ്ങള്‍ നിറഞ്ഞ സമഗ്ര ഭൂസമരസമിതിയെന്ന പേരില്‍ ഫഌക്‌സ് ബോര്‍ഡ് ഷെഡ്ഡുകള്‍ക്ക് മുമ്പില്‍ വലിച്ചുകെട്ടിയിരുന്നു. നടുക്ക് കൊടിമരം സ്ഥാപിച്ചു ദേശീയ പതാക ഉയര്‍ത്തി. നേരത്തെ എഴുതി തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് മൈക്കിലൂടെ സമര നേതാവ് ഇടമുറി സ്വദേശി വിനോദ് മുഴക്കുമ്പോഴാണ് നാട്ടുകാര്‍ ഭൂസമരമറിയുന്നത്.ഇതിനു മുമ്പേ തന്നെ സമര നേതാവ് വിജയന്‍ എന്നയാള്‍ സമരം നടക്കുന്നതായി ഫോണിലൂടെ പോലിസില്‍ അറിയിച്ചിരുന്നു. മണിമല സിഐ ഇ പി റെജിയും സംഘവുമാണ് ആദ്യമെത്തിയത്. അറസ്റ്റ് ചെയ്താല്‍ ജീവനൊടുക്കുമെന്ന് സമര നേതാവ് വിനോദ് മുന്നറിയിപ്പ് നല്‍കിയതോടെ പോലിസ് സംയമനത്തിന്റെ പാതയിലായി. സമരക്കാരുടെ ആവശ്യം കലക്ടറെ അറിയിക്കാമെന്ന് സിഐ പറഞ്ഞു. എങ്കില്‍ കലക്ടര്‍ വരട്ടെയെന്നായി സമരക്കാര്‍. കലക്ടറുടെ പ്രതിനിധിയായി തഹസില്‍ദാര്‍ ഉടനെത്തുമെന്ന് സിഐ ഉറപ്പുനല്‍കി. ചര്‍ച്ചക്കായി തങ്ങളെ സമരത്തിനു രാവിലെ തോട്ടത്തിലേയ്ക്ക് കടത്തിവിട്ട പ്രധാന നേതാവ് തോമ്പില്‍ക്കണ്ടം വിജയന്‍ വരുമെന്നറിയിച്ച് സമരക്കാര്‍ കാത്തിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വിജയന്‍ എത്തിയില്ല. നേതാവ് കബളിപ്പിച്ചെന്നറിഞ്ഞതോടെ അറസ്റ്റ് വരിക്കാന്‍ സമരക്കാര്‍ തയ്യാറായി. 13 പുരുഷന്മാരും 11 സ്ത്രീകളും ഉള്‍പ്പെട്ട സമരസംഘത്തെ അറസ്റ്റ് ചെയ്ത് പോലിസ് വാനില്‍ കയറ്റി എരുമേലി സ്റ്റേഷനില്‍ എത്തിക്കുയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ എം ജിജിമോന്‍, തഹസീല്‍ദാര്‍ ജോസ് ജോര്‍ജ്, സിഐ ഇ പി റെജി, എസ്‌ഐമാരായ ജെര്‍ളിന്‍ വി സ്‌കറിയാ, വിനോദ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജാതിമത ഭേദമന്യേ ഭൂരഹിതര്‍ക്കെല്ലാം കുറഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കണമെന്ന സമരക്കാരുടെ ആവശ്യം സര്‍ക്കാരില്‍ അറിയിക്കാമെന്ന് ഉറപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss