|    Feb 23 Thu, 2017 4:12 am
FLASH NEWS

ചെറുവള്ളി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ പണിമുടക്കു തുടങ്ങി

Published : 4th November 2016 | Posted By: SMR

എരുമേലി: മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതിന് ജനറല്‍ മാനേജരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം തടഞ്ഞുവച്ചതിന് പിന്നാലെ ചെറുവള്ളി എസ്റ്റേറ്റില്‍ ഇന്നലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചു. തടഞ്ഞുവച്ചതിനും ഓഫിസില്‍ അതിക്രമിച്ച് കയറിയതിനും യൂനിയന്‍ കണ്‍വീനര്‍മാര്‍ക്കെതിരേ ഇന്നലെ എസ്റ്റേറ്റ് അധികൃതര്‍ എരുമേലി പോലിസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ എട്ടിന് എസ്റ്റേറ്റ്  ഓഫിസിലേയ്ക്കു പ്രകടനം നടത്തിയാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. ആനുകുല്യങ്ങള്‍ പുനസ്ഥാപിക്കുന്നത് വരെ പണിമുടക്ക് സമരം തുടരനാണ് തീരുമാനം. പ്രകടനത്തിനു ശേഷം ഓഫിസ് പടിക്കല്‍ നടന്ന ധര്‍ണയില്‍ വിവിധ യൂനിയനുകളുടെ കണ്‍വീനര്‍മാര്‍ സംസാരിച്ചു. സമരം തീരുന്നത് വരെ ദിവസവും രാവിലെ പ്രകടനവും ധര്‍ണയും നടത്താനാണ് തീരുമാനം. സമരം നീണ്ടാല്‍ തോട്ടത്തിലെ റബര്‍ മരങ്ങള്‍ ടാപ്പിങ് ചെയ്ത് കറയെടുത്ത് വിറ്റ് ഉപജീവനം നടത്തുമെന്ന് സംയുക്ത സമരസമിതി കണ്‍വീനറും സിഐടിയു പ്രതിനിധിയുമായ കെ എ ഉത്തമന്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ നിര്‍ത്തിയത് പ്ലാന്റേഷന്‍ ലേബര്‍ ആക്ടിന്റെ ലംഘനമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി, തൊഴില്‍ മന്ത്രി, കലക്ടര്‍, ലേബര്‍ ഓഫിസര്‍ എന്നിവര്‍ക്ക് ഇന്നു പരാതി നല്‍കും. തൊഴിലാളികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മരുന്ന്, ചികില്‍സ, ശബളത്തോടെ അവധി, യാത്രാ ചെലവ് എന്നിവ അസുഖങ്ങള്‍ ബാധിക്കുമ്പോള്‍ കമ്പനി ചെലവില്‍ സൗജന്യമായി അനുവദിച്ചിരുന്നതാണ് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കി എസ്റ്റേറ്റ് അധികൃതര്‍ ഉത്തരവിട്ടതെന്ന് യൂനിയനുകള്‍ ആരോപിക്കുന്നു. ഇതിനെതിരേ ആരംഭിച്ച പ്രതിഷേധമാണ് ജനറല്‍ മാനേജര്‍ ജേക്കബ് ഫിലിപ്പ്, മാനേജര്‍ ജോണ്‍ കുര്യന്‍, അസി. മാനേജര്‍ ദീപക് ഉള്‍പ്പെടെ അഞ്ചു പേരെ മണിക്കൂറുകളോളം ഓഫിസില്‍ തടഞ്ഞു വച്ചതിലേയ്ക്ക് എത്തിയത്. ഒടുവില്‍ രാത്രി 10.30ഓടെ തൊഴിലാളികള്‍ പിരിഞ്ഞു പോയതോടെയാണ് ജീവനക്കാര്‍ക്കു പുറത്തു കടക്കാനായത്. ഇന്നലെ സമരത്തിനു വിവിധ യൂനിയനുകളുടെ കണ്‍വീനര്‍മാരായ എസ് ബിജു (ഐഎന്‍ടിയുസി), കൃഷ്ണന്‍കുട്ടി (ടിസിടിടിയു), അരുണ്‍ പ്രകാശ് (ബിഎംഎസ്) രാജപ്പന്‍ (കെടിയുസിഎം), ജോണ്‍ (എഐടിയുസി), മീരാന്‍ (കെപിഎല്‍സി), രമണന്‍ (യുടിയുസി), എന്നിവര്‍ നേതൃത്വം നല്‍കി. എരുമേലി എസ്‌ഐ ജെര്‍ളിന്‍ വി സക്‌റിയാ, എസ്‌ഐ മാരായ വിനോദ്, സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക