|    Sep 21 Thu, 2017 4:57 am

ചെറുവള്ളി എസ്റ്റേറ്റിലെ മരങ്ങള്‍ മുറിക്കാനായി തൊഴിലാളികള്‍ സമരത്തില്‍

Published : 23rd August 2016 | Posted By: SMR

എരുമേലി: ചെറുവള്ളി എസ്റ്റേറ്റില്‍ ആവര്‍ത്തന കൃഷിക്കായി കാലാവധി കഴിഞ്ഞ റബര്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തടിവെട്ട് തൊഴിലാളികള്‍ സമരത്തിലേക്ക്. 27ന് എരുമേലി തെക്ക് വില്ലേജ് ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും സമരത്തിന്റെ ആദ്യ ഘട്ടമായി നടത്താന്‍ ഐക്യ ട്രേഡ് യൂനിയന്‍ യോഗം തീരുമാനിച്ചു.
വളര്‍ച്ച തീര്‍ന്ന മരങ്ങള്‍ മുറിച്ചുനീക്കി പുതിയ റബര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചാണ് കൃഷി തുടരാന്‍ കഴിയുക. കൃഷി തുടര്‍ന്നാല്‍ മാത്രമാണ് തോട്ടത്തിലെ സ്ഥിരം, താല്‍ക്കാലിക തൊഴിലാളികള്‍ക്കെല്ലാം ജോലി ലഭിക്കു. തോട്ടത്തിന്റെ ഉടമ സര്‍ക്കാരോ ബിലേവേഴ്‌സ് ചര്‍ച്ചോ ആരുമായിക്കൊള്ളട്ടെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടരുതെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ഹാരിസണ്‍ മലയാളം എന്ന ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായിരുന്നു ആദ്യകാലത്ത് ഈ തോട്ടം. എന്നാല്‍ പാട്ടമായി വാടക വ്യവസ്ഥയില്‍ ലഭിച്ച ഭൂമി കൂടുതല്‍ വിസ്തൃതമാക്കി കൈവശം വച്ച് ഉടമസ്ഥാവകാശം വ്യാജമായി നിര്‍മിക്കുകയായിരുന്നുവെന്നാണ് സര്‍ക്കാരിന്റെ വാദം.
തര്‍ക്കങ്ങളും കേസുകളും നടപടികളുമായി നീണ്ട് എങ്ങുമെത്താതെ നില്‍ക്കുന്നു.
കഴിഞ്ഞയിടെ തോട്ടം സര്‍ക്കാര്‍ ഏറ്റെടുത്തെന്നറിയിച്ച് ഹാരിസണ്‍ കമ്പനിയുടെ ഭൂമി കൈമാറ്റം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഓഫിസര്‍ ഉത്തരവിട്ടിരുന്നു.
2013ന് ശേഷം തോട്ടത്തിലെ റബര്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. വനം വകുപ്പിന്റെ മൂല്യ നിര്‍ണയ പ്രകാരം സീനിയറേജ് റേറ്റ് തുക അടച്ചു നേരത്തെ മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ ഉപാധിയിലും അനുമതി കിട്ടിയിട്ടില്ല.
കാല്‍ ലക്ഷത്തിലധികം മരങ്ങളാണു മുറിക്കാനുള്ള കാലാവധിയും കഴിഞ്ഞ് നില്‍ക്കുന്നത്.
ഗ്രാമപ്പഞ്ചായത്തിലെ ട്രിംബര്‍ തൊഴിലാളികളുടെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് ചെറുവള്ളിയിലെ തടിവെട്ട്. ഈ തൊഴിലാളികള്‍ക്കും തോട്ടത്തിലെ തൊഴിലാളികള്‍ക്കുമുള്ള ഉപജീവന മാര്‍ഗമാണ് അശങ്കയിലായിരിക്കുന്നത്.
ഇതു സംബന്ധിച്ച് ഐക്യട്രേഡ് യൂനിയന്‍ നേതാക്കളായ വി പി ഇബ്രാഹിം, ടി പി തൊമ്മി, പിസി ജോസഫ്, നാസര്‍ പനച്ചിയില്‍, ഒപിഎ സലാം, എം എം ബാബു എന്നിവര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക