|    Dec 10 Mon, 2018 3:36 am
FLASH NEWS

ചെറുമീനുകളെ പിടിക്കല്‍; ഫിഷറീസും എന്‍ഫോഴ്‌സ്‌മെന്റും നടപടി ശക്തമാക്കി

Published : 11th May 2018 | Posted By: kasim kzm

ബേപ്പൂര്‍: ചെറുമീന്‍ പിടിക്കുന്നതിനെതിരെയും അനധികൃത മല്‍സ്യബന്ധനത്തിന് തടയിടുന്നതിനും വേണ്ടി ബേപ്പൂര്‍ ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് പരിശേധനയും നടപടികളും ശക്തമാക്കി. ബേപ്പൂര്‍ ഫിഷറീസ് ഹാര്‍ബറില്‍ ചെറുമീനുകളെ പിടികൂടിയ ബോട്ട് ഫിഷറീസും മറൈന്‍ എന്‍ഫോഴ്സ്സ്‌മെന്റും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ പൂണാട്ടില്‍ പി ബിനോയിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്‌സ് എന്ന ബോട്ടാണ് പിടികൂടിയത്.
ഭക്ഷ്യ യോഗ്യമല്ലാത്ത ചെറു മല്‍സ്യങ്ങളും മറ്റ് ജലജീവികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഏകദേശം 60 ബോക്‌സ് ചെറുമത്സ്യങ്ങള്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്ത് കടലില്‍ നിക്ഷേപിച്ചു. പിടികൂടിയ ബോട്ടില്‍ 10 മല്‍സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.ബോട്ടുടമയില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴയായി സര്‍ക്കാറിലേക്ക് അടപ്പിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന സംസ്ഥാനത്തെ ഫിഷിംഗ് ബോട്ടുകള്‍ വ്യാപകമായി ചെറുമീന്‍ പിടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത് ചെറുമീനുകള്‍ പിടിച്ചാല്‍ അത് ജീവനോടെ കടലില്‍ തന്നെ ഉപേക്ഷിക്കണമെന്നാണ് നിര്‍ദേശം. വലയില്‍ ചെറുമീനുകള്‍പെട്ടാല്‍ അവയെ തീരത്തേക്ക് കൊണ്ടു വരരുത്. ജീവനില്ലാത്തവയാണെങ്കിലും വില്‍പ്പനക്ക് കൊണ്ടുവരുന്നതില്‍ നിരോധനമുണ്ട്.
ബേപ്പൂര്‍,പുതിയാപ്പ, പൊന്നാനി തുടങ്ങിയ ഫിഷ് ലാന്‍ഡിങ് സെന്ററുകളില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളില്‍ ചെറുമീനുകളെ വ്യാപകമായി കയറ്റി അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഫിഷറീസ് വകുപ്പ് നടപടികള്‍ തുടങ്ങിയത്. കേരള മറൈന്‍ ഫിഷറീസ് ആക്ട് പ്രകാരം കേരള തീരുത്തു നിന്നും ആഴക്കടലില്‍ നിന്നും പിടിക്കാവുന്ന മീനുകളുടെ വലിപ്പത്തെക്കുറിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കൂടുതലായി ലഭിക്കുന്ന മത്തി  കുറഞ്ഞത് പത്തു സെന്റിമീറ്ററെങ്കിലും ഉണ്ടെങ്കിലേ പിടിക്കാന്‍ അനുമതിയുള്ളു. അയില 14 സെന്റിമീററര്‍ ഉണ്ടാവണം. ചൂരയും കേരയും 31 സെന്റിമീറററെങ്കിലും വേണം. കിളിമീന്‍ 10 സെന്റിമീറ്റര്‍ ഉണ്ടാവണം. 200 ഗ്രാമില്‍ കുറഞ്ഞ തൂക്കമുള്ള കടല്‍ക്കൊഞ്ചുകളെ പിടിക്കാന്‍ പാടില്ല. ചെറുമീനുകളുമായി ഫിഷ് ലാന്‍ഡിങ് സെന്ററുകളില്‍ മത്സ്യബന്ധനയാനങ്ങള്‍ എത്തിയാല്‍ അറിയിക്കുന്നതിനുള്ള രഹസ്യ സംവിധാനം ഫിഷറീസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്.
പൊതുജനങ്ങളില്‍നിന്ന് സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുമ്പോള്‍ ചെറുമീനുകളെ കണ്ടെത്തനാകാത്ത സ്ഥിതിയുമുണ്ട്.കേരള വിപണിയിലേക്ക് ചെറുമീനുകള്‍ എത്തുന്നില്ലെന്നു ഉറപ്പായതിനെത്തുടര്‍ന്നാണ് ചെറുമീനുകള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതായ സംശയം ബലപ്പെട്ടത്. തീരമേഖലയില്‍നിന്ന് സംസ്ഥാനത്തിന്റെ മലയോര മേഖലയിലേക്ക് ചെറുമത്സ്യങ്ങള്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതായും സംശയമുണ്ട്. ഇത്തരം വാഹനങ്ങള്‍ പോലിസിന്റെ സഹായത്തോടെ പിടികൂടി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിിച്ചു.
ദിവസങ്ങളോളം ആഴക്കടല്‍ മീന്‍പിടുത്തം കഴിഞ്ഞു ഹാര്‍ബറിലെത്തുന്ന ബോട്ടുകളില്‍ നിന്നും അര്‍ധരാത്രിക്കുശേഷം ടണ്‍ കണക്കിന് നിരോധിത മത്സ്യങ്ങളാണ് കടത്തിക്കൊണ്ട്‌പോകുന്നത്. ഉദ്യോഗസ്ഥരെ കബളിപ്പിച്ചും വലിയ മത്സ്യങ്ങളുടെ കൂടെ ബോക്‌സുകളിലാക്കിയ ചെറുമത്സ്യങ്ങള്‍ ഹാര്‍ബറിലെത്തിച്ച് ഇരുട്ടിന്റെ മറവില്‍ വ്യാപകമായി കയറ്റിപ്പോകുന്നതായ വിവരം എന്‍ഫോഴ്‌സ്‌മെന്റിനും ലഭിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങിന്റെ അംഗ പരിമിതിയും മത്സ്യക്കടത്തിന് സഹായകമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss