|    Oct 24 Tue, 2017 7:28 am
FLASH NEWS

ചെറുപുഴ പോലിസ് സ്‌റ്റേഷന്‍; അഞ്ചുമാസമായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാനായില്ല

Published : 28th July 2016 | Posted By: SMR

ചെറുപുഴ: പെരിങ്ങോം പോലിസ് സ്‌റ്റേഷന്‍ വിഭജിച്ച് ചെറുപുഴയില്‍ പുതിയ പോലിസ് സ്‌റ്റേഷന്‍ ആരംഭിച്ചിട്ട് അഞ്ചുമാസം പിന്നിട്ടിട്ടും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാനായില്ല. കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നത്തലയാണ് ചെറുപുഴ പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മൂന്നു ദിവസത്തിനുള്ളില്‍ പോലിസ് സ്‌റ്റേഷന്‍ പൂര്‍ണസജ്ജമാവുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ജലരേഖയായി. ചെറുപുഴ സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ ഇവിടെ നിന്നു പരാതി പെരിങ്ങോത്ത് എത്തിച്ചാണ് ഇപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ചെറുപുഴ സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന കേസുകള്‍ അന്വേഷിക്കാമെങ്കിലും പ്രതികളെ പിടികൂടിയാല്‍ ഇവരെയും കൊണ്ടു പിന്നെയും പെരിങ്ങോത്ത് പോവണം. ഇതിനു ശേഷം പ്രവര്‍ത്തനം ആരംഭിച്ച മുഴക്കുന്ന് പോലിസ് സ്‌റ്റേഷന്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു നാളുകളായി.  ഉദ്ഘാടന സമയത്ത് ചെറുപുഴയില്‍ രണ്ടു എസ്‌ഐമാര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. ഇതില്‍ നിന്ന് ഒരു എസ്‌ഐയെ കാസര്‍കോട്ടേക്കും മൂന്നു പോലിസുകാരെ പയ്യന്നൂരിലേക്കും സ്ഥലം മാറ്റിയതോടെ എസ്‌ഐ ഉള്‍പ്പെടെയുള്ളവരുടെ അംഗസംഖ്യ 17ആയി കുറഞ്ഞു.
പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പതിവായതോടെ ബൈക്ക് യാത്രക്കാരും ടാക്‌സി വാഹനങ്ങളുടെ ഡ്രൈവര്‍മാരുമാണ് ദുരിതമനുഭവിക്കുന്നത്. ചെറുപുഴ പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് കൃഷി ഓഫിസ്,  മൃഗാശുപത്രി എന്നിവയ്ക്കു സമീപമാണ്. പോലിസ് പിടികൂടിയ വാഹനങ്ങള്‍ ഇവിടെയെത്തിക്കുന്നതിനാല്‍ കൃഷിഓഫിസിലും മൃഗാശുപത്രിയിലും വാഹനങ്ങളിലെത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുുണ്ടാക്കുന്നുണ്ട്. പച്ചത്തേങ്ങ സംഭരിക്കുന്ന ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൃഷിഭവനിലെത്തുന്ന കര്‍ഷകരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക