|    Apr 20 Fri, 2018 6:28 pm
FLASH NEWS

ചെറുപാര്‍ട്ടികളുടെ സ്വാധീനം ശക്തം; വര്‍ക്കലയില്‍ മുന്നണികള്‍ ആശങ്കയില്‍; പ്രചാരണരംഗത്ത് പുത്തന്‍ അടവുനയങ്ങള്‍

Published : 29th April 2016 | Posted By: SMR

വര്‍ക്കല: ചെറുപാര്‍ട്ടികളുടെ സ്വാധീനം ശക്തമായ വര്‍ക്കലയില്‍ പ്രബല മുന്നണികള്‍ ആശങ്കയില്‍. പ്രചാരണരംഗത്തും തങ്ങളുടേതായ കഴിവു തെളിയിച്ച് ന്യൂനപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പാളയങ്ങള്‍ സമ്മര്‍ദ്ദത്തിലായത്.
ചെറുകക്ഷികളായ എസ്ഡിപിഐ, പിഡിപി, ബിഎസ്പി തുടങ്ങിയ ന്യൂനപക്ഷ പാര്‍ട്ടികളാണ് പുതിയ ചുവടുവയ്പുമായി മണ്ഡലത്തില്‍ സജീവമായിരിക്കുന്നത്. എന്നാല്‍, പ്രത്യയശാസ്ത്രങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴും പരോക്ഷമായി ജാതീയതക്കും വര്‍ഗീയതക്കും ഊന്നല്‍ നല്‍കുന്ന പൊതുസമൂഹമാണ് മണ്ഡലത്തില്‍ ഏറെയും. ഇതും മുന്നണികളെ കുഴക്കുന്നു. ഇടതും വലതും സ്ഥാനാര്‍ഥികള്‍ ഭയക്കുന്നത് സ്വന്തം അണികളെത്തന്നെയാണെന്ന വൈരുധ്യവും ഇവിടെ നിലനില്‍ക്കുന്നു. ഇരുമുന്നണികളിലും അടുത്ത കാലത്തായി ഉരുത്തിരിഞ്ഞിട്ടുള്ള വിഭാഗീയതകള്‍ അത്രകണ്ട് പ്രകടമല്ലെങ്കിലും പരോക്ഷമായി മണ്ഡലത്തില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ സ്വന്തം അണികളേക്കാള്‍ എതിര്‍പക്ഷത്തെ അനുഭാവപൂര്‍വം വീക്ഷിക്കുന്ന മൃദുസമീപനവും സ്ഥാനാര്‍ഥികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ വര്‍ക്കല കഹാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. വി ജോയിയും വീറും വാശിയോടെയാണ് പ്രചാരണരംഗത്തുള്ളത്.
നിയോജകമണ്ഡലം കണ്‍വന്‍ഷനുകളില്‍ യഥാക്രമം വി എം സുധീരന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. നിലവില്‍ മുനിസിപ്പല്‍ പഞ്ചായത്ത് കണ്‍വന്‍ഷനുകളും കുടുംബയോഗങ്ങളുമാണ് നടന്നുവരുന്നത്. ഇതോടനുബന്ധിച്ച് പോഷക-യുവജന സംഘടനകളെയും ഇരുമുന്നണികളും കളത്തിലിറക്കിയിട്ടുണ്ട്.
പ്രചാരണരംഗത്ത് പുത്തന്‍ അടവുനയങ്ങളാണ് മണ്ഡലത്തില്‍ പരീക്ഷിക്കപ്പെടുന്നത്. കല്യാണങ്ങള്‍, മരണവീട്, ഉല്‍സവം തുടങ്ങി നാലാള്‍ ഒത്തുകൂടുന്നിടത്തൊക്കെ സ്ഥാനാര്‍ഥികളെ കാണാം. വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫ് വോട്ടു ചോദിക്കുമ്പോള്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ മണ്ഡലത്തില്‍ ജനോപകാരപ്രദമായ ഒരു പദ്ധതിയും ഉണ്ടായില്ലെന്ന പ്രചാരണത്തിനാണ് എല്‍ഡിഎഫ് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം ദളവപുരത്തും പരിസരത്തും വോട്ട് അഭ്യര്‍ഥിച്ചെത്തിയ വര്‍ക്കല കഹാര്‍ ഇലകമണ്‍ പഞ്ചായത്തില്‍ പത്തോളം കുടുംബയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. വികസന കാര്യങ്ങള്‍ ഹ്രസ്വപ്രസംഗത്തിലൂടെ പ്രദേശവാസികളെ ധരിപ്പിച്ച് വോട്ട് അഭ്യര്‍ഥിക്കുകയായിരുന്നു അദ്ദേഹം. ചാവടിമുക്ക്, പൂവങ്കല്‍, തച്ചോട്, വട്ടപ്ലാമൂട്, നരിക്കല്ല് എന്നിവിടങ്ങളില്‍ ഉള്‍െപ്പടെ 25ല്‍പരം കുടുംബയോഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പങ്കെടുത്തു.
വര്‍ക്കല മൈതാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി അജി എസ് ആര്‍ എം പ്രചാരണത്തിന് തുടക്കമിട്ടത്. ജില്ലാ ട്രഷറര്‍ വേലിശേരി അബ്ദുല്‍ സലാമാണ് എസ്ഡിപിഐ—ക്കു വേണ്ടി രംഗത്തിറങ്ങുന്നത്. ഇരുമുന്നണികളുടെയും ജനവിരുദ്ധ നയങ്ങളും ബിജെപിയുടെ വര്‍ഗീയ നടപടികളും ഉയര്‍ത്തിക്കാട്ടിയാണ് എസ്ഡിപിഐ ജനങ്ങളിലേക്കിറങ്ങുന്നത്. പ്രചാരണം മുറുകുമ്പോള്‍ മുന്‍വിധികളില്ലാത്ത വിജയസാധ്യതയാണ് മണ്ഡലത്തില്‍ നിഴലിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss