|    Mar 20 Tue, 2018 11:46 am
FLASH NEWS

ചെറുത്തുനില്‍പുകള്‍ ജനങ്ങളില്‍ നിന്നുണ്ടാവണം: എന്‍ എസ് മാധവന്‍

Published : 13th August 2017 | Posted By: fsq

 

മാഹി: ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നു വരേണ്ടത് ജനങ്ങളില്‍ നിന്നാണെന്ന് പ്രശസ്ത കഥാകൃത്ത് എന്‍ എസ് മാധവന്‍ പറഞ്ഞു. തലശ്ശേരി ആര്‍ട്‌സ് സൊസൈറ്റി, ന്യൂമാഹി മലയാള കലാഗ്രാമത്തില്‍സംഘടിപ്പിച്ച ചെറുത്തു നില്‍ത്തുനില്‍പ്പിനേക്കുറിച്ചുള്ള വര്‍ത്തമാനം സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യാവസ്ഥയെ സത്യസന്ധമായി അവതരിപ്പിക്കുകയെന്നതാണ് ഒരു എഴുത്തുകാരന്റെ ശരിയായ ചെറുത്തുനില്‍പ്പ്. ഷേക്‌സ്പിയറുടെ പ്രശസ്തമായ ഹാംലറ്റ് ഫാഷിസത്തിനെതിരെ ശക്തമായ പ്രതിരോധം വളര്‍ന്നുവരാന്‍ ഇടയാക്കിയ കൃതിയാണെന്നും മാധവന്‍ ചൂണ്ടിക്കാട്ടി. ഫാഷിസ്റ്റ് ഭരണത്തിന് കീഴിലുണ്ടായിരുന്ന ഒരിടത്തും നല്ല സാഹിത്യ കൃതികള്‍ ഉണ്ടായിട്ടില്ല. അവിടെയൊക്കെ കലയുടെയും സാഹിത്യത്തിന്റെയും കൂമ്പടഞ്ഞു പോയിരുന്നു. 1933-1945 കാലഘട്ടത്തില്‍ ജര്‍മന്‍ സാഹിത്യത്തില്‍ നല്ല കൃതികള്‍ ഇല്ലാതിരുന്നത് ഇതിനുദാഹരണം. ഫാഷിസം പിടിമുറുക്കിയാല്‍ അതിന്റെ പിടിയില്‍ നിന്നും മുക്തി നേടാന്‍ മഹായുദ്ധങ്ങള്‍ തന്നെ വേണ്ടി വന്നേക്കും. ചരിത്രം ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. എഴുത്തുകാരും കലാകാരന്മാരും ഫാഷിസത്തിനെതിരേ ശക്തമായി പ്രതികരിച്ചിട്ടില്ലെന്ന് കാണാം. വിരലിലെണ്ണാവുന്നവരൊഴിച്ച് പലരും ഫാഷിസത്തിനൊപ്പം നിന്നവരാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയില്‍ ഇതിനെതിരെ പ്രതികരിച്ചത് വെറും മൂന്നു ചിത്രകാരന്മാര്‍ മാത്രം. ലോക പ്രശസ്തനായ ഒരു ചിത്രകാരന്‍ അടിയന്തരാവസ്ഥയെ അനൂകൂലിച്ചാണ് ചിത്രം വരച്ചതെന്നും എന്‍ എസ് മാധവന്‍ ഓര്‍മപ്പെടുത്തി. കേരളത്തിലും കേന്ദ്രത്തിലും എഴുത്തുകാര്‍ അധികാരഘടനയ്ക്ക് കീഴ്‌പ്പെട്ടവരായി മാറുന്നതാണ് കാണുന്നതെന്ന് എന്‍ ശശിധരന്‍ പറഞ്ഞു. പി ടി തോമസ്, കെ സി ഉമേഷ് ബാബു, കരിങ്കല്‍കുഴി കൃഷ്ണന്‍, ചൂര്യയ്ചന്ദ്രന്‍, എം ഹരീന്ദ്രന്‍, കവിയൂര്‍ ബാലന്‍ സംസാരിച്ചു. വി കെ ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നക്‌സല്‍ പ്രസ്ഥാനത്തിന്റെയും ജനകീയ സാംസ്‌കാരിക വേദിയുടെയും മുന്‍നിര പ്രവര്‍ത്തകനായിരുന്ന കവിയൂര്‍ ബാലന്റെ പുസ്തകങ്ങളുടെ പ്രകാശനം എം പി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കത്തി തീരാത്ത ഇന്നലെകള്‍ ഷാജി പാണ്ട്യാലയും മുറതെറ്റിയ വാക്കുകള്‍ ശ്രീകാന്തും ഏറ്റുവാങ്ങി. കവിയൂര്‍ ബാലന്റെ പഴയകാല സുഹൃത്തുക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംഗമമായി മാറി കലാഗ്രാമത്തിലെ വേദി. കൊച്ചിയിലെ റഫീഖ് യൂസഫിന്റെ ഗസലും അരങ്ങേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss