|    Jul 16 Mon, 2018 10:22 am

ചെറുതോണിയില്‍ മാലിന്യക്കൂമ്പാരം

Published : 9th September 2017 | Posted By: fsq

 

ചെറുതോണി: മാലിന്യനീക്കം നിലച്ചതോടെ കുപ്പത്തൊട്ടിയായി മാറിയ ചെറുതോണി ടൗണിലൂടെ നടക്കണമെങ്കില്‍ മൂക്ക് പൊത്തണം. കരാറുകാരന്‍ കൃത്യമായി മാലിന്യം മാറ്റാത്തതാണു വിനയായത്. മാലിന്യം കുമിഞ്ഞുകൂടിയിട്ടും പഞ്ചായത്ത് അധികൃതരും നിസ്സംഗത തുടരുകയാണ്. പലയിടങ്ങളിലായി കുന്നുകൂടിയ മാലിന്യങ്ങള്‍ ആസ്ഥാനത്തെ ദുര്‍ഗന്ധപൂരിതമാക്കുകയാണ്. മഴക്കാലമായതോടെ മാലിന്യങ്ങള്‍ ചീഞ്ഞൊഴുകി വിവിധ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. ദിവസേന നൂറുകണക്കിനു യാത്രക്കാര്‍ വന്നിറങ്ങി പോകുന്ന ചെറുതോണി ടൗണിലെ സ്ഥിതിയാണ് ഏറ്റവും രൂക്ഷം. തടിയമ്പാട്, കരിമ്പന്‍, പൈനാവ്, വാഴത്തോപ്പ് ടൗണുകളിലേയും അവസ്ഥ വ്യത്യസ്ഥമല്ല. മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ട ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് പഞ്ചായത്തിനെ ഉത്തരവാദിത്തം ഏല്‍പിച്ച് കൈകഴുകിയതോടെയാണ് ജില്ലാ ആസ്ഥാനത്തിനുണ്ടായ ഈ ദുര്യോഗം. മാലിന്യ നിര്‍മാര്‍ജനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതായതോടെയാണ് ജില്ലാ ആസ്ഥാനത്തെ ടൗണുകള്‍ കുപ്പത്തൊട്ടിയായതെന്ന് പരക്കെ ആക്ഷേപമുണ്ട്. നാട്ടുകാരുടെ ഏറെനാളത്തെ മുറവിളിയെ തുടര്‍ന്ന് വാഴത്തോപ്പ് പഞ്ചായത്തില്‍ ലക്ഷങ്ങള്‍ മുടക്കി മാലിന്യ സംസ്‌കരണ പ്ലാന്റ് ചെറുതോണി അണക്കെട്ടിനു സമീപത്ത് സ്ഥാപിച്ചെങ്കിലും മതിയായ സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലാത്തതിനാല്‍ സംസ്‌കരണം ഉദ്ദേശിച്ച രീതിയില്‍ നടന്നില്ല. മാലിന്യ നിര്‍മാര്‍ജനത്തിന് അനുയോജ്യമായ ഒരിടം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിടും നടപടികള്‍ വൈകിയതിനാലാണ് പഞ്ചായത്ത് അനുയോജ്യമല്ലാത്തിടത്ത് പ്ലാന്റ് സ്ഥാപിച്ചത്. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ഫലപ്രദമായി നിര്‍മാര്‍ജനം ചെയ്യാത്തതിനാ ല്‍ മഴവെള്ളത്തിലൂടെ അഴുക്കുകളെല്ലാം ജില്ലാ ആശുപത്രിയുടെ പരിസരത്തേക്ക് ഒഴുകിയെത്തുന്നു. ഇതിനു പുറമെ പ്ലാന്റിന് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വന്യമൃഗങ്ങള്‍ക്കു ഭീഷണിയാകുന്നു. ഏതാനും മാസം മുമ്പ് ഇവിടെനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്ളില്‍ചെന്ന് ചത്ത നിലയില്‍ മ്ലാവിനെ കണ്ടെത്തിയിരുന്നു. സമീപ മേഖലകളിലെ അറവുമാലിന്യങ്ങളും പലയിടത്തും തള്ളുന്നതായും പരാതിയുണ്ട്. അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ജി ല്ലാ ആസ്ഥാനം മാലിന്യക്കുണ്ടാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss