|    Sep 22 Fri, 2017 5:15 pm
FLASH NEWS

ചെറുകുന്നില്‍ നഴ്‌സിങ് കോളജിലെ 70 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Published : 4th August 2017 | Posted By: fsq

 

കണ്ണൂര്‍: ചെറുകുന്ന് കനോസ നഴ്‌സിങ് കോളജിലെ 70ഓളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചില വിദ്യാര്‍ഥികളുടെ നില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസം മുമ്പുണ്ടായ സംഭവം കോളജ് അധികൃതര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. കോളജിലെ ഒന്നാം വര്‍ഷം മുതല്‍ നാലാം വര്‍ഷം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു ഹോസ്റ്റലില്‍ നിന്നു കഴിച്ച ഭക്ഷണത്തില്‍ നിന്നു വിഷബാധയേറ്റത്. അസ്വസ്ഥത തോന്നിയ ചില വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം ഹോസ്റ്റലിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ ഇന്നലെ വീണ്ടും ക്ഷീണവും നിര്‍ജലീകരണവും അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുട്ടികളെ ഐസിയുവിലും വാര്‍ഡുകളിലുമായാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ചില കുട്ടികളുടെ മാതാപിതാക്കളെ വിളിച്ച് വീട്ടിലേക്കു വിട്ടതായും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.നേരത്തേയും പലതവണ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ചെറിയ തോതിലുള്ള ഭക്ഷ്യവിഷബാധയായതിനാല്‍ ആരും പരാതിപ്പെട്ടിരുന്നില്ല. ഇത്തവണ വിഷയം അറിഞ്ഞയുടന്‍ ഐഎന്‍എ നേതൃത്വം ഇടപ്പെടുകയും ദേശീയ സെക്രട്ടറിവിനീത് ക്രിഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുകയും കോളജ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയെടുക്കാന്‍ ജില്ലാ കലക്്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ഐന്‍എ പരാതി നല്‍കി. സംഭവത്തില്‍ ജില്ലാ കലക്്ടര്‍ ഡിഎംഒയോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക