|    Mar 23 Fri, 2018 3:15 am

ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തല്‍ ലക്ഷ്യം: മന്ത്രി

Published : 14th July 2017 | Posted By: fsq

 

തളിപ്പറമ്പ്: വന്‍കിട വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം തന്നെ സമൃദ്ധി മാതൃകയില്‍ ജനകീയ പങ്കാളിത്തത്തോടെ ചെറുകിട വ്യവസായങ്ങളെയും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. കയര്‍ വികസന വകുപ്പിന്റെ സഹകരണത്തോടെ കുടുബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അമ്മാനപ്പാറയിലുള്ള മിനി വ്യവസായ എസ്റ്റേറ്റില്‍ യന്ത്രവല്‍കൃത ചകിരി സംസ്‌കരണ യൂനിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചുള്ള വ്യവസായ നയമാണ് സര്‍ക്കാരിന്റേത്. അതേസമയം, വ്യവസായികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനകം 50,000 കോടിയുടെ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കേരളത്തിലെ രണ്ട് ജില്ലകളുടെ മാത്രം വലിപ്പമുള്ള ശ്രീലങ്ക കയറ്റുമതി ചെയ്യുന്ന കേര ഉല്‍പ്പന്നങ്ങള്‍ കേരളത്തിന്റെ മൊത്തം കേര ഉല്‍പന്നങ്ങളേക്കാള്‍ കൂടുതലാണ്. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ചകിരി യൂനിറ്റില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ തന്നെ വാങ്ങും. കേര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ കൃഷി ലാഭകരമാക്കാന്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡീഫൈബറിങ് യൂനിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. സംരംഭകര്‍ക്കുള്ള യൂനിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ എം സുര്‍ജിത്ത് റിപോര്‍ട്ട് അവതരിപ്പിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്്മൂദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജെ മാത്യു, ഐ വി നാരായണന്‍, പി പുഷ്പജന്‍, എന്‍ പത്മനാഭന്‍, പി ബാലന്‍, അനന്തന്‍, പരിയാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന അശോകന്‍ സംസാരിച്ചു. പരിയാരം ഗ്രാമപ്പഞ്ചായത്തിലെ പാച്ചേനി, പനങ്ങാട്ടൂര്‍, മുടിക്കാനം, അമ്മാനപ്പാറ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി പരിയാരം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു കീഴിലാണ് സമൃദ്ധി എന്ന പേരില്‍ യന്ത്രവല്‍കൃത ചകിരി സംസ്‌കരണ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി 10 ലക്ഷം രൂപ വില വരുന്ന യന്ത്രങ്ങള്‍ 90 ശതമാനം സബ്‌സിഡി നിരക്കില്‍ അനുവദിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 1000 പച്ചത്തൊണ്ട് അടിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങളാണ് സ്ഥാപിച്ചത്. ചകിരിനാര്(ഫൈനല്‍) കയര്‍ഫെഡ് സംഭരിക്കും. ഉപോല്‍പന്നമായി ലഭിക്കുന്ന ചകിരിച്ചേര്‍ ഉപയോഗിച്ച് ജൈവവളം ഉല്‍പ്പാദിപ്പിക്കും. യൂനിറ്റില്‍ 5 പേര്‍ക്ക് നേരിട്ടും 10 പേര്‍ക്ക് അനുബന്ധമായും തൊഴില്‍ ലഭിക്കും. കേരളത്തിലെ കയര്‍വ്യവസായ മേഖലയില്‍ പൂര്‍ണതോതിലുള്ള യന്ത്രവല്‍കരണം നടപ്പാക്കന്നതിന്റെ ആദ്യപടിയാണ് മാതൃകാ യൂനിറ്റ്. കുടുംബശ്രീയുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭവുമാണ്. 12 ദിവസം കൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss