|    May 28 Sun, 2017 4:42 am
FLASH NEWS

ചെറുകിട കോഴി കര്‍ഷകരെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് തമിഴ്‌നാട് ലോബി വിപണി തടസ്സപ്പെടുത്താന്‍ ശ്രമം

Published : 10th August 2016 | Posted By: SMR

മാനന്തവാടി: ജില്ലയില്‍ വര്‍ധിച്ചുവരുന്ന ചെറുകിട കോഴികൃഷിക്ക് തടയിടുന്നതിനായി കോഴിക്കുഞ്ഞുങ്ങളുടെ വില വര്‍ധിപ്പിച്ചും ഇറച്ചിയുടെ വില കുറച്ചും തമിഴ്‌നാട് ലോബികള്‍ രംഗത്ത്.
100 ഗ്രാം മാത്രം വിലവരുന്ന കോഴിക്കുഞ്ഞൊന്നിന് 41ഉം ഇറച്ചിക്ക് 50ഉം രൂപ മാത്രം ഈടാക്കിയാണ് കേരളത്തിലെ ഇറച്ചിക്കോഴി കൃഷി മുന്നേറ്റം തടയുന്നതിനായി മേഖലയിലെ കുത്തകക്കാരായ തമിഴ്‌നാടും കര്‍ണാടകയും വിചിത്രമായ രീതിയില്‍ ഇറക്കുമതി ചെയ്യുന്നത്.
നിലവില്‍ ജില്ലയിലെ കര്‍ഷകരുടെ കൈവശമുള്ള കോഴിയുടെ ലാഭകരമായ വിപണി തടസ്സപ്പെടുന്നതിനായാണ് ഇറച്ചിവിലയില്‍ കുറവ് വരുത്തിയതെങ്കില്‍ ഓണം വിപണിയില്‍ കേരളത്തില്‍ നിന്നുള്ള കോഴി ലഭ്യമാവാതെ വിപണി നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് സാഹചര്യമൊരുക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വില 41 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറച്ചിക്കോഴിക്കുണ്ടായിരുന്ന ഉയര്‍ന്ന വിലയാണ് തമിഴ്‌നാടിന്റെ ഇടപെടലിലൂടെ കുത്തനെ കുറഞ്ഞത്.
ജില്ലയില്‍ 200ഉം 220ഉം രൂപ വരെ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിയുടെ നിലവിലെ വില 140ഉം 150ഉം ആണ്. ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കച്ചവടക്കാര്‍ക്ക് വില്‍ക്കാന്‍ കഴിയുന്ന വിധത്തിലാണ് കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ കോഴി വാങ്ങുന്നത്. തമിഴ്‌നാട്ടില്‍ വരള്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കോഴി ഇറക്കുമതി പുനരാരംഭിച്ചതോടെയാണ് വില കുറയാനിടയായത്.
ഇപ്പോള്‍ കിലോയ്ക്ക് 50 രൂപ തോതിലാണ് തമിഴ്‌നാട്ടില്‍ നിന്നു കോഴിയിറച്ചി ജില്ലയിലെ കടകളിലെത്തുന്നത്. ഇതോടെ ഈ മേഖലയിലേക്ക് പുതുതായി എത്തിയ നിരവധി കര്‍ഷകര്‍ തങ്ങളുടെ കൈവശമുള്ള പാകമായ കോഴികളെ വന്‍ നഷ്ടത്തിന് വില്‍പന നടത്തേണ്ട സാഹചര്യത്തിലെത്തി.
നേരത്തെ 20ഉം 22ഉം രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 38 മുതല്‍ 41 രൂപ വരെയാണ് വില ഈടാക്കുന്നത്. വില്‍പനയ്ക്ക് പാകമാവാന്‍ 40 ദിവസം വേണമെന്നിരിക്കെ, ഓണവിപണിയില്‍ ജില്ലയില്‍ നിന്നുള്ള കോഴികള്‍ ലഭ്യമാവാതെ ഉയര്‍ന്ന വില നല്‍കി തമിഴ്‌നാടിനെ തന്നെ ആശ്രയിക്കാനും ജില്ലയിലെ വര്‍ധിച്ചുവരുന്ന കര്‍ഷകരെ തടയാനുമാണ് തമിഴ്‌നാട് ലോബികളുടെ നിക്കം.
ജില്ലയില്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഹാച്ചറികള്‍ ഇല്ലാത്തതും ഇടനിലക്കാരെ മാറ്റിനിര്‍ത്തി വിപണി കണ്ടെത്താനാവാത്തതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കിയാണ് കൃഷിയില്‍ പിടിച്ചുനിര്‍ത്തുന്നത്. സര്‍ക്കാരിന് കീഴിലുള്ള ബിസിസി നിര്‍ണയിക്കുന്ന വിലയാണ് കേരളത്തിലെ മാര്‍ക്കറ്റുകളെയും ബാധിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day