|    Dec 10 Mon, 2018 9:29 am
FLASH NEWS

ചെറിയ മക്കയിലെ വലിയ പള്ളി

Published : 21st May 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി:  ഐതിഹ്യങ്ങളും ചരിത്രവും ഇഴപിരിയാനാവാത്ത വിധം ഒന്നിച്ചുനില്‍ക്കുന്നതാണ് പൊന്നാനി വലിയ ജുമാമസ്ജിദ്. 1518ല്‍ സൈനുദ്ധീന്‍ മഖ്ദൂം നിര്‍മിച്ചതാണ് ചെറിയ മക്കയെന്ന പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി. നാടുവാഴിയായിരുന്ന തിരുമനശ്ശേരി തമ്പുരാനാണ് നിര്‍മാണത്തിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയത്. ടിപ്പുവിന്റെ കാലത്ത് പള്ളിയെ നികുതിയില്‍ നിന്നൊഴിവാക്കിയെങ്കിലും ബ്രിട്ടീഷുകാര്‍ 350 പണം നികുതി നിശ്ചയിച്ചു. ഒന്നാം സൈനുദ്ദീന്‍ മഖ്ദൂം നിര്‍മിച്ചത്  ഇപ്പോഴുള്ള പള്ളിയുടെ അകത്തെ പള്ളി മാത്രമാണ്.
1550ലെ പോര്‍ച്ചുഗീസ് ആക്രമണത്തില്‍ പള്ളി തകര്‍ന്നിരുന്നു. പലപ്പോഴായി പിന്നീട് കൂട്ടിച്ചേര്‍ത്തതാണ് ഇപ്പോള്‍ കാണുന്ന പള്ളി. പള്ളിയുടെ മതില്‍ക്കെട്ടും പടിപ്പുരകളും പിന്നീട് നിര്‍മിച്ചവയാണ്. 1826ലാണ് പടിഞ്ഞാറ് ഭാഗത്തുള്ള പടിപ്പുര നിര്‍മിച്ചത്.
പള്ളിയുടെ മനോഹരമായ പൂമുഖം 1861ല്‍ നിര്‍മിച്ചതാണ്. ഇപ്പോള്‍ കാണുന്ന പള്ളിയുടെ മേല്‍പ്പുര 1838ലാണ് നിര്‍മിച്ചത്. കൊത്തുപണികളാല്‍ മരം കൊണ്ടു നിര്‍മിച്ച പളളിയുടെ മിമ്പര്‍ 1911ല്‍ നിര്‍മിച്ചതാണ്. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ കാലത്ത് ഉപയോഗിച്ചിരുന്ന മിമ്പറിന്റെ ഏതാനും ഭാഗങ്ങളും ഇതില്‍ ചേര്‍ത്തിരുന്നു.
ഇവിടെ വെള്ളിയാഴ്ചകളിലെ ഖുതുബ നിര്‍വഹിക്കുന്നത് മഖ്ദൂം കുടുംബത്തില്‍പ്പെട്ടവരായിരിക്കണമെന്ന് നിയമമുണ്ടായിരുന്നു. കുറച്ചു കാലമായി അതൊന്നും കര്‍ശനമായി പാലിക്കപ്പെടാറില്ല.
മഖ്ദൂമിന്റെ സന്തത സഹചാരിയായ ഒരു ആശാരിയാണ് പള്ളി നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായ ശേഷം പള്ളിയുടെ മുകളില്‍ നിന്ന് നോക്കിയ ആ സ്വാത്വികനായ ആശാരി ദൈവികമായ പ്രഭ കണ്ടുവെന്നാണ് വിശ്വാസം. ദിവ്യപ്രഭ കണ്ടമാത്രയില്‍ മരണത്തിലേയ്ക്കു കയറിപ്പോയ ആശാരിയുടെ ഖബറും പള്ളിക്കടുത്ത് ഇന്നുമുണ്ട്. കാലം അദ്ദേഹത്തെ ‘ആശാരിത്തങ്ങള്‍’ എന്നാണ് വിളിച്ചത്.
കേരളത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മതപഠനം തുടങ്ങിയത് ഈ പള്ളിയില്‍ നിന്നാണ്. ഇന്നും പള്ളികളില്‍ തുടരുന്ന പാഠ്യ പദ്ധതിയും സൈനുദ്ദീന്‍ മഖ്ദൂമിന്റേതു തന്നെ. മറ്റുരാജ്യങ്ങളില്‍ നിന്നുപോലും വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനെത്തിയിരുന്നു. ‘വിളക്കത്തിരിക്കല്‍’ എന്നൊരു സമ്പ്രദായം ഈ പള്ളിയിലുണ്ട്. പുരാതനമായ നിലവിളക്കിന് ചുറ്റുമിരുന്നു പഠിച്ചവര്‍ക്കാണ് പണ്ടുകാലത്ത് ‘മുസ്്‌ല്യാര്‍’ ബിരുദം നല്‍കിയിരുന്നത്.
ഇന്നും ചില പള്ളികളിലെ വിദ്യാര്‍ഥികള്‍ വിളക്കത്തിരുന്ന് പഠിക്കാനായി ഇവിടെയെ—ത്താറുണ്ട്. റമദാനില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഈ പള്ളിയിലെത്തും. ദൂരെ ദിക്കുകളില്‍നിന്നുപോലും ആരാധനയ്ക്കായി ഈ പള്ളിയിലെത്തുന്നവരുണ്ട്. റമദാന്‍ ഒടുവിലെ പത്തിലെത്തുമ്പോള്‍ രാത്രിയിലെ ആരാധനകള്‍ക്കുപോലും വിശ്വാസികളാല്‍ നിറഞ്ഞിട്ടുണ്ടാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss