|    Feb 26 Sun, 2017 2:01 pm
FLASH NEWS

ചെറിയ നോട്ടുകള്‍ക്ക് വലിയ ക്ഷാമം

Published : 16th November 2016 | Posted By: SMR

കൊല്ലം    /കാവനാട്: ചെറിയ തുക നോട്ടുകള്‍ക്കായി ജനം പരക്കം പാഞ്ഞു തുടങ്ങി. 20,50,100 എന്നീ തുകക്കുള്ള നോട്ടുകള്‍ക്കായിട്ടാണ് ജനം പരക്കം പായുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന നോട്ടുകള്‍ തിരികെ ബാങ്കുകളില്‍ ഏല്‍പ്പിക്കുമ്പോള്‍ ചെറുകിട തുകയ്ക്കുള്ള നോട്ടുകള്‍ കൂടി തിരികെ കിട്ടുമെന്ന് കരുതി പലരും കൈവശം ഉണ്ടായിരുന്ന ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ എല്ലാം ചെലവാക്കിയിരുന്നു. എന്നാല്‍ നിരോധിച്ച നോട്ടുകള്‍ ബാങ്കിലടച്ചപ്പോള്‍ രണ്ടായിരത്തിന്റെ ഒറ്റ നോട്ടാണ് പലര്‍ക്കും ബാങ്കുകാര്‍ നല്‍കിയിരിക്കുന്നത്. ഇത് കൊണ്ട് സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നതും ചെറിയ നോട്ടുകളുടെ വലിയ ക്ഷാമമാണ്. ബാങ്കുകളില്‍ നൂറിന്റെ നോട്ടുകള്‍ കിട്ടാനില്ല. പകരം 50.20,10 രൂപയുടെ പഴയ നോട്ടുകാണ് മിക്ക ബാങ്കുകളും വിതരണം ചെയ്തത്. ഭൂരിഭാഗം ബാങ്കുകളില്‍ നിന്നും ഇടപാടുകാര്‍ക്ക് ലഭിച്ചത് മുഷിഞ്ഞ പഴയ നോട്ടുകളായിരുന്നു. ബാങ്കുളിലെല്ലാം പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ആവശ്യത്തിനുണ്ട്. എന്നാല്‍ അസാധു കറന്‍സി മാറ്റി വാങ്ങാന്‍ എത്തുന്നവര്‍ക്കും നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്തുന്നവര്‍ക്കും പുതിയ രണ്ടായിരം രൂപയുടെ നോട്ടിനോട് വലിയ താല്‍പ്പര്യമില്ല. എല്ലാവര്‍ക്കും ചെറിയ നോട്ടുകള്‍ മതി. ഇടപാടുകര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ബാങ്കുകള്‍ പരമാവധി ചെറിയ നോട്ടുകള്‍ നല്‍കുന്നുണ്ട്. ഇതാണ് ചെറിയ നോട്ടുകള്‍ക്ക് ക്ഷാമം അനുഭവപ്പെടാനുള്ള കാരണം. കൊല്ലം ജില്ലയില്‍ ഇടപാടുകാരുടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് എസ്ബിടിയിലും എസ്ബിഐയിലുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ പൊതുവേ തിരക്ക് കുറവായിരുന്നു. മിക്ക ബാങ്കുകളുടെയും എടിഎമ്മുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിച്ചതാണ് ഇതിന് കാരണം. എടിഎമ്മുകളില്‍ പരമാവധി നോട്ടുകള്‍ നിറച്ചിരുന്നു. ഇതും ബാങ്കുകളിലെ നോട്ട് ക്ഷാമത്തിന് കാരണമായി.എടിഎം സെന്ററുകളിലെല്ലാം ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും ക്യൂ റോഡുകളിലേയ്ക്ക് വരെ നീണ്ടു. കൊല്ലം ചിന്നക്കട ബീച്ച് റോഡിലെ എസ്ബിടി ശാഖയോട് അനുബന്ധിച്ചുള്ള എടിഎമ്മില്‍ ഉച്ചകഴിഞ്ഞും പണമെടുക്കാന്‍ എത്തിയവരുടെ നീണ്ടനിര ദൃശ്യമായി. ഉച്ചകഴിഞ്ഞ് മൂന്നോടെ മെഷീന്‍ കാലിയായി. അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ ഇന്നലെ എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. ഇന്ന് എത്തുമെന്ന് കരുതുന്നു. ഇവ കൂടി എത്തി എടിഎമ്മുകളില്‍ നിറച്ചാല്‍ ബാങ്കുകളിലെ തിരക്ക് കുറച്ചുകൂടി കുറയും. ഇന്നലെ മുതല്‍ എടിഎമ്മില്‍ പണം പിന്‍വലിക്കുന്നവര്‍ക്ക് 2500 രൂപ വീതം ലഭിച്ചുതുടങ്ങി.500 ന്റെ പുതിയ നോട്ടുകള്‍ എത്തിയാല്‍ പണം പിന്‍വലിക്കുന്നത് കുറച്ചുകൂടി എളുപ്പമാകും. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും ഇന്നോ നാളെയോ എടിഎം സെന്ററുകള്‍ വഴി ലഭിച്ചു തുടങ്ങും.നോട്ടുകളുടെ കുറവ് കാരണം ചില ബാങ്കുകള്‍ ഇന്നലെയും രണ്ടായിരം രൂപയുടെ അസാധു നോട്ടുകളേ മാറി നല്‍കിയുള്ളൂ. ചില പോസ്റ്റ് ഓഫിസുകളിലും ഇത് തന്നെയായിരുന്നു സ്ഥിതി. മറ്റ് ചില പോസ്റ്റ് ഓഫീസുകളില്‍ 4000 രൂപ ഉണ്ടെങ്കില്‍ മാത്രമേ അസാധു നോട്ടുകള്‍ മാറി നല്‍കിയുള്ളൂ. സഹകരണ ബാങ്കുകളില്‍ ഇന്നലെ കാര്യമായ ഇടപാടുകളൊന്നും നടന്നില്ല. പഴയ നോട്ടുകള്‍ നിക്ഷേപമായി എടുക്കാന്‍ നല്‍കിയ അനുമതി റിസര്‍വ് ബാങ്ക് മരവിപ്പിച്ചതാണ് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day