|    Oct 20 Sat, 2018 1:06 am
FLASH NEWS

ചെര്‍ക്കള-കല്ലടുക്ക റോഡ് തകര്‍ന്നു : സ്വകാര്യബസ്സുകള്‍ 11 മുതല്‍ സര്‍വീസ് നിര്‍ത്തി വയ്ക്കും

Published : 9th September 2017 | Posted By: fsq

 

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക റോഡ് നിര്‍മാണത്തിലെ അപാകതമൂലം പൂര്‍ണ്ണമായും തകര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു. 11 മുതല്‍ ഈ റൂട്ടിലുള്ള മുഴുവന്‍ ബസുകളും അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ സ്വകാര്യ ബസ് വര്‍ക്കഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. സമരത്തിന് കെഎസ്ആര്‍ടിസി ബസ് തൊഴിലാളികളുടെയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെയും പിന്തുണ ആവശ്യപ്പെട്ടതായി ഭാരവാഹികള്‍ അറിയിച്ചു. ചെര്‍ക്കള മുതല്‍ അഡ്ക്കസ്ഥല വരെയുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. മഴവെള്ളത്തില്‍ റോഡാണോ തോടാണോ എന്ന് അറിയാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. ഇതുമൂലം അപകടങ്ങളും പതിവായിട്ടുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വേറിട്ട സമരങ്ങള്‍ നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തിയിട്ടും അധികൃതര്‍ കണ്ണ് തുറന്നില്ല. 2016-17 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ റോഡ് മെക്കാഡം ചെയ്യുന്നതിനായി 30 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിത കാലസമരത്തിന് പിന്നലെ ബിജെപിയും 13 മുതല്‍ 19 വരെ വിവിധ സ്ഥലങ്ങളിലായി റോഡ് ഉപരോധ സമരം നടത്തുവാനും തീരുമാനിച്ചു. 13ന് രാവിലെ 9.30ന് ചെര്‍ക്കളയില്‍ നടക്കുന്ന റോഡ് ഉപരോധ സമരം ബിജെപി ജില്ലാ പ്രസിഡന്റ്് അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. 14ന് അഡ്ക്കസ്ഥല, 15ന് പള്ളത്തടുക്ക, 16ന് നെല്ലിക്കട്ട, 17ന് ഉക്കിനടുക്ക, 18ന് ബദിയടുക്ക, 19ന് പെര്‍ളയിലും ബിജെപിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss