|    Jan 23 Mon, 2017 12:07 pm
FLASH NEWS

ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് കടുത്തതാവും

Published : 12th November 2015 | Posted By: SMR

വിജന്‍ ഏഴോം

പാലക്കാട്: പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പിലുണ്ടായ വീറും വാശിയും ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പും കടുത്തതാക്കും. ഇന്നത്തെ അംഗങ്ങളുടെ സത്യ പ്രതിജ്ഞയ്ക്കു ശേഷം ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായുള്ള ചര്‍ച്ചകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിക്കും. കഴിഞ്ഞ തവണത്തെ പോലെ പല രഹസ്യ നീക്കവും പാലക്കാട് അരങ്ങേറാനാണ് സാധ്യത. കാലുമാറ്റവും ചാക്കിട്ടു പിടുത്തത്തിനും വേദിയാകുന്ന അപൂര്‍ നഗരസഭകളില്‍ ഒന്നാകും പാലക്കാടെന്നും പറയപ്പെടുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതാണ് മൂന്ന് മുന്നണികളെയും ആങ്കലാപ്പിലാക്കിയിരിക്കുന്നത്. സ്വതന്ത്രന്‍ വരെ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും ആകുന്ന കാര്യവും പാലക്കാട് തള്ളികളയാന്‍ പറ്റില്ല.
മൂന്ന് തവണയായി കൗണ്‍സിലറായ പ്രമീള ശശിധരനെയാണ് ബി ജെ പി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള വടക്കന്തറ മേഖലയില്‍ നിന്നുമുള്ളയാളെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മേഖലയില്‍ നിന്നും രണ്ട് വനിതകള്‍ ജയിച്ചിട്ടുണ്ട്. എന്തായാലും ആരെ തീരുമാനിക്കണമെന്നത് സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലാണ്. വൈസ് ചെയര്‍മാനായി വടക്കന്തറയില്‍ നിന്നും വിജയിച്ച എസ് ആര്‍ ബാലസുബ്രഹ്മണ്യത്തിനാണ് കൂടുതല്‍ സാധ്യത. നേരത്തേ ഇദ്ദേഹം നഗരസഭയുടെ ചെയര്‍മാനും വൈസ് ചെയര്‍മാനും ആയി ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു. ഇതാണ് എസ് ആര്‍ ബാലസുബ്രഹ്മണ്യത്തിന് സാധ്യത കൂടുതല്‍ നല്‍കുന്നത്. ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍, ദേശീയ നിര്‍വാഹക സമിതി അംഗം എന്‍ ശിവരാജന്‍ എന്നിവരുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എസ് ആര്‍ ബാലസുബ്രഹ്മണ്യത്തിനായും ശിവരാജനായും ബിജെപിയില്‍ രണ്ട് വിഭാഗങ്ങള്‍ രഹസ്യനീക്കം സജീവമായി നടത്തുന്നതായും അറിയുന്നു.
യുഡിഎഫില്‍ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും നഗരസഭാ വാര്‍ഡില്‍ നിന്നും വിജയിച്ച രാജേശ്വരി ജയപ്രകാശിനെയാണ് പരിഗണിച്ചു കൊണ്ടിരിക്കുന്നത്. വൈസ് ചെയര്‍മാന്‍ സ്ഥാനം ലീഗിനായതിനാല്‍ ലീഗ് വിമതനായി മല്‍സരിച്ച് ജയിച്ച സെയ്താലിയെ പരിഗണിക്കുന്നതിനായി ലീഗ് നേതൃത്വം ഇതിനകം സമീപിച്ച് കഴിഞ്ഞതായാണ് അറിയുന്നത്.
എല്‍ ഡി എഫ് ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ എ കുമാരിയെ തന്നെ എല്‍ഡിഎഫ് മുന്നില്‍ നിര്‍ത്താനാണ് സാധ്യത. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്രനെയും പരിഗണിക്കുമെന്നും അറിയുന്നു.
മൂന്ന് സ്ഥാനാര്‍ഥികള്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മല്‍സരിക്കുകയാണെങ്കില്‍ രണ്ട് ഘട്ടം വോട്ടെടുപ്പ് നടത്തേണ്ടി വരും.
ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി രണ്ടാം ഘട്ടത്തില്‍ മല്‍സരത്തിനുണ്ടാവില്ല. നഗരസഭയുടെ കക്ഷി നില പ്രകാരം എല്‍ ഡി എഫാണ് രണ്ടാം ഘട്ടത്തില്‍ നിന്നും മാറി നില്‍ക്കാന്‍ സാധ്യത. എന്നാല്‍ ഇടതു മുന്നണിക്ക് രണ്ടാംഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താം. രണ്ടാം ഘട്ടത്തില്‍ നിന്നും സിപിഎം മാറി നിന്നാല്‍ മാത്രമേ ബിജെപിക്ക് വിജയിക്കാനാവൂ എന്നാണ് വാസ്തവം. യുഡിഎഫിന് അനുകൂലമായി സി പി എം വോട്ട് ചെയ്താല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി ജെ പിക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിയും വരും.
ഇത് സംഭവിച്ചാല്‍ വീണ്ടും നഗര ഭരണം പ്രതിസന്ധിയിലൂടെ നീങ്ങും. ഏതായാലും എല്ലാ കണ്ണുകളും ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. ആര് വരും എന്ന അങ്കലാപ്പിലാണ് മുന്നണികളോടൊപ്പം നഗരവാസികളും.
മുന്നണികള്‍ക്ക് പുറത്തുള്ള രണ്ട് സ്വതന്ത്രന്‍മാര്‍ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. ബി ജെ പി അധികാരത്തില്‍ വരുന്നത് തടയാന്‍ എല്ലാ അടവുകളും എല്‍ഡിഎഫും യുഡിഎഫും പയറ്റാനാണ് സാധ്യത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക