|    May 23 Tue, 2017 8:54 am
FLASH NEWS

ചെയര്‍മാന്റെ മോശം പരാമര്‍ശത്തില്‍ പ്രതിഷേധം; വനിതാ അംഗം മുഖംമറച്ച് പിഎസ്‌സി യോഗത്തിനെത്തി

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാന്‍ അംഗങ്ങള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് വനിതാ അംഗം ഇന്നലെ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയത് മുഖംമറച്ച്. സിപിഐ നോമിനിയായ വനിതാ അംഗം ഡോ. കെ ഉഷയാണ് ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധമെന്നോണം യോഗം അവസാനിക്കുന്നതുവരെ മുഖംമൂടിയിരുന്നത്.
പിഎസ്‌സിയില്‍നിന്ന് വിരമിച്ച മുന്‍ അഡീഷനല്‍ സെക്രട്ടറി കോഴിക്കോട് റീജ്യനല്‍ ഓഫിസില്‍ ദുരൂഹ സാഹചര്യത്തില്‍ സന്ദര്‍ശനം നടത്തിയതിനെച്ചൊല്ലി കഴിഞ്ഞ കമ്മീഷനിലുണ്ടായ വാദപ്രതിവാദത്തിനിടെ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ അംഗങ്ങള്‍ക്കെതിരേ അസഭ്യവാക്കുപയോഗിച്ചെന്നാണ് ആക്ഷേപം. ചെയര്‍മാന്റെ തൊട്ടടുത്തിരുന്ന യു സുരേഷ്‌കുമാര്‍ മാത്രമാണ് ഇതുകേട്ടത്. യോഗം നേരത്തേ അലസിപ്പിരിഞ്ഞതിനാല്‍ കഴിഞ്ഞ കമ്മീഷന്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവാദമുണ്ടായില്ല.
ഇന്നലെ ട്രെയിനുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് അംഗങ്ങള്‍ കുറവായതിനാല്‍ ഈ വിഷയം ആരും ഉന്നയിച്ചതുമില്ല. അടുത്ത കമ്മീഷന്‍ യോഗത്തില്‍ വിഷയം വീണ്ടും ഉന്നയിക്കാനും ചെയര്‍മാന്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെടാനുമാണ് അംഗങ്ങളുടെ തീരുമാനം.
രണ്ടുമാസം മുമ്പാണ് പിഎസ്‌സിയുടെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന്റെ നിര്‍മാണം നടക്കുന്ന കോഴിക്കോട് റീജ്യനല്‍ ഓഫിസില്‍ വിവാദ ഉദ്യോഗസ്ഥന്‍ സന്ദര്‍ശനം നടത്തിയത്. ചെയര്‍മാന്റെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം നടത്തുന്നതെന്ന് ഉദ്യോഗസ്ഥരെ അറിയിച്ച ഇദ്ദേഹം തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങളും നല്‍കി.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ പിഎസ്‌സി അംഗങ്ങള്‍ക്കും ചെയര്‍മാനും പരാതി നല്‍കി. ഇതെത്തുടര്‍ന്നാണ് പിഎസ്‌സി യോഗത്തില്‍ വിഷയം ചര്‍ച്ചയായത്. എന്നാല്‍, തന്റെ അറിവോടെയല്ല ഇയാള്‍ സന്ദര്‍ശനം നടത്തിയതെന്നും താന്‍ അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണു ചെയര്‍മാന്റെ വാദം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day