|    Jan 24 Tue, 2017 2:28 am

ചെയര്‍പേഴ്‌സനെ അവഗണിക്കുന്നു ;പത്തനംതിട്ട നഗരസഭയില്‍ ഉദ്യോഗസ്ഥര്‍ നിസ്സഹകരണത്തില്‍

Published : 30th December 2015 | Posted By: SMR

പത്തനംതിട്ട: 2010-15 ഭരണ സമിതിയുടെ കാലത്തുണ്ടായ അഴിമതികള്‍ പുറത്തു കൊണ്ടു വരുന്നതിനിടയില്‍ മുന്‍ സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട നഗരസഭയില്‍ ഉദ്യോഗസ്ഥര്‍ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും അവഗണിക്കുന്നു.
ചങ്ങനാശേരി നഗരസഭയിലേക്ക് സ്ഥലം മാറി പോവുന്നതിനായുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി പത്തനംതിട്ടയിലെത്തിയ മുന്‍ സെക്രട്ടറി ആര്‍ എസ് അനുവിനെ ഭരണ, പ്രതിപക്ഷ ഭേദമേേന്യ അംഗങ്ങള്‍ നഗരസഭയില്‍ നിന്നു അപ്രത്യക്ഷമായ രേഖകള്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് തടഞ്ഞു വച്ചതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഇടവേളയില്‍ അധികാരം കൈയിലെത്തിയ ഉദ്യോഗസ്ഥര്‍ പിന്നീട് നിലവില്‍ വന്ന ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും നല്‍കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതാണ് പ്രധാന പ്രശ്‌നം. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഉദ്യോഗസ്ഥര്‍ നിസഹകരണം തുടങ്ങിയതാണ്. മുന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാട്ടിക്കൂട്ടിയ അഴിമതികള്‍ പുറത്തു വരാതിരിക്കാനുള്ള തന്ത്രങ്ങളാണ് ഉദ്യോഗസ്ഥര്‍ മെനയുന്നത് എന്ന് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പറയുന്നു.
നഗരസഭാ പ്രാന്തപ്രദേശങ്ങളില്‍ അനധികൃത നിര്‍മാണത്തിന് അടക്കം അനുമതി നല്‍കിയ മരാമത്ത് വിഭാഗം സ്വേച്ഛാധിപത്യമായി പെരുമാറുകയാണ്. പത്തനംതിട്ട റിങ് റോഡില്‍ സെന്റ് പീറ്റേഴ്‌സ് ഓഡിറ്റോറിയത്തിന് സമീപം റോഡും തോടും കയ്യേറി സോളാര്‍ കേസില്‍ ആരോപണ വിധേയനായ വ്യക്തിയുടെ കുടുംബയോഗം കെട്ടിടം നിര്‍മിക്കുകയാണ്. റോസില്‍ നിന്നും മുന്നു മീറ്റര്‍ തള്ളിവേണം കെട്ടിടം നിര്‍മ്മിക്കേണ്ടതെന്ന ചട്ടം പരസ്യമായി ലംഘിച്ചിട്ടും റവന്യു അധികൃതര്‍ നിസംഗത പുലര്‍ത്തുകയാണ്. കൈക്കൂലി ഒരു ശീലമാക്കി മാറ്റിക്കഴിഞ്ഞു. സ്വജനപക്ഷപാതവും അരങ്ങേറുന്നു. കൊടുന്തറയില്‍ വ്യക്തി റോഡ് കൈയേറി മതില്‍ നിര്‍മിച്ചു കൊണ്ട് മറ്റൊരാളുടെ പറമ്പിലേക്കുള്ള വഴി അടച്ചു. അസി. എന്‍ജിനീയര്‍ ബിനുവിന്റെ ബന്ധുക്കളാണ് ഇത് ചെയ്തതെന്ന് വഴി നഷ്ടമായ വസ്തുവിന്റെ ഉടമ ആരോപിച്ചു.
അസി. എന്‍ജിനീയറോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തനിക്ക് അവരുമായി ബന്ധമില്ല എന്നായിരുന്നു പ്രതികരണം. ഫയല്‍ വിവാദത്തോടെയായിരുന്നു പുതിയ ഭരണസമിതി അധികാരമേറ്റത്.
ടൗണ്‍ പ്ലാനിങ് സംബന്ധിച്ച ഫയല്‍ കാണാതാവുകയായിരുന്നു. ഫയല്‍ മുക്കിയെന്നും എറണാകുളത്തിന് കൊണ്ടുപോയെന്നും അതല്ല, സെക്ഷന്‍ ക്ലാര്‍ക്കിന്റെ കൈവശമുണ്ടെന്നും ഒക്കെ അഭ്യൂഹം പരന്നു. ഇതിനിടെ അന്നത്തെ സെക്രട്ടറി ആര്‍ എസ് അനു അവധിയില്‍ പ്രവേശിച്ചു. ഫയല്‍ വിവാദം കൊഴുക്കുന്നതിനിടെ സെക്രട്ടറി സ്ഥാനക്കയറ്റവും നേടി സ്ഥലം വിടാന്‍ നോക്കി. എന്നാല്‍, കൗണ്‍സിലമാര്‍ ഒന്നടങ്കം ഉപരോധിച്ചതോടെ ഫയല്‍ എറണാകുളത്ത് വക്കീലിന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് സെക്രട്ടറി തടിയൂരി. സെക്രട്ടറി മാറ്റം വാങ്ങി പോയതിന് പിന്നാലെ ‘അദൃശ്യ കരങ്ങള്‍’ ഫയല്‍ ബന്ധപ്പെട്ട സെക്ഷനില്‍ തിരികെ എത്തിച്ചു.
നിലവില്‍ മുന്‍ചെയര്‍മാന്റെ വാര്‍ഡില്‍ നടന്ന ചില നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഫയല്‍ കാണാനില്ലെന്ന് കേള്‍ക്കുന്നു. മരാമത്ത് വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. ഇവയെല്ലാം റദ്ദാക്കാന്‍ തന്നെയാണ് പുതിയ ഭരണസമിതിയുടെ തീരുമാനം.
ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്. കൗണ്‍സിലിന്റെ തീരുമാനം ഇല്ലാതെ ഒരു നിര്‍മാണവും അനുവദിക്കില്ലെന്ന് വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക