|    May 26 Sat, 2018 7:22 am

ചെമ്മീന്‍ കെട്ട് വ്യവസായം തകര്‍ക്കാന്‍ ഗൂഢനീക്കം: കര്‍ഷകര്‍

Published : 15th November 2016 | Posted By: SMR

വൈപ്പിന്‍: കര്‍ഷകത്തൊഴിലാളി യൂനിയന്‍ നേതാക്കളുടെ പിടിവാശി വൈപ്പിന്‍ കരയിലെ ചെമ്മീന്‍ കെട്ട് വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് വേനല്‍കാല ചെമ്മീന്‍ കെട്ടുടമകളും കര്‍ഷകരും പാരതിപ്പെട്ടു. എടവനക്കാട് പഞ്ചായത്തിലെ കിഴക്കന്‍മേഖലയിലുള്ള ഏതാനും കെട്ടുകളിലാണ് കെഎസ്‌കെടിയുവിന്റെ സമരത്തെതുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. നെല്‍കൃഷി ഇറക്കാത്ത പൊക്കാളിപാടങ്ങളില്‍ ചെമ്മീന്‍കെട്ട് നടത്താന്‍ അനുവദിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതിന്റെ മുന്നോടിയായി പാടങ്ങളില്‍ കൊടിയും നാട്ടിയിട്ടുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊന്നും ഇവര്‍ തയ്യാറല്ല. മേല്‍ഘടകത്തിലെ നേതാക്കളെ കണ്ട് പ്രശ്‌നം ചര്‍ച്ചചെയ്യാനാണ് പറയുന്നത്. അതേസമയം പ്രാദേശികമായിത്തന്നെ പ്രശ്‌നം തീര്‍ക്കണമെന്നാണ് മേല്‍ഘടകത്തിലെ നേതാക്കള്‍ പറയുന്നത്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് ആകെ ലഭിക്കുന്ന വരുമാനം ചെമ്മീന്‍കൃഷിയില്‍നിന്നാണ്. വര്‍ഷങ്ങളായി നേരിട്ടുവരുന്ന നഷ്ടവും തൊഴിലാളിക്ഷാമവും മൂലമാണ് പൊക്കാളികൃഷിയില്‍നിന്നും പിന്‍മാറേണ്ടിവന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പണം നല്‍കുന്നതിനാല്‍ നിലം കിളയ്ക്കാനും ഞാറുപറിച്ചുനടാനും തൊഴിലാളികളെ ലഭിച്ചേക്കാമെങ്കിലും നെല്ലുതന്നെ കൂലിയായി കൊടുക്കുന്ന കൊയ്ത്തിന് തീരെ ആളെകിട്ടില്ല. എടവനക്കാട് കര്‍ഷകത്തൊഴിലാളി യൂനിയന്‍ തന്നെ കൃഷിയിറക്കിയ പാടത്ത് കൊയ്ത്തിന് ആളെ കിട്ടാതെ വന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു. പൊക്കാളികൃഷിക്കുള്ള നിലമൊരുക്കല്‍ ജോലികള്‍ക്ക് പഞ്ചായത്ത് മുന്‍കൈയെടുത്ത് തൊഴിലുറപ്പ് ജോലിക്കാരെ നിയോഗിക്കാന്‍ കഴിയുമായിരുന്നുവെങ്കിലും ഇടതുപക്ഷം ഭരിക്കുന്ന എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളില്‍ അതിനുള്ള ഒരു നീക്കവും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം എളംങ്കുന്നപ്പുഴ പഞ്ചായത്തില്‍ തൊഴിലുറപ്പു ജീവനക്കാരെയുപയോഗിച്ച് നിലമൊരുക്കല്‍ ജോലികള്‍ നടത്തുകയും ചെയ്തു. തൊഴിലാളികളെ ലഭ്യമാക്കാന്‍ തയ്യാറല്ലാത്ത യൂനിയന്‍ പൊക്കാളി കൃഷിമേഖലയിലെ യന്ത്രവല്‍ക്കരണത്തെ എതിര്‍ക്കുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വാച്ചാക്കലില്‍ രണ്ടുവര്‍ഷം മുമ്പ് ടില്ലര്‍ ഉപയോഗിച്ച് നിലമൊരുക്കിയപ്പോഴും എടവനക്കാട് അടുത്തിടെ കൃഷിക്കായി പൊക്കാളിപാടത്തെ വെള്ളം മോട്ടോര്‍പമ്പുപയോഗിച്ച് വറ്റിച്ചപ്പോഴും അതിനെതിരായ സമീപനമാണ് യൂനിയന്‍ സ്വീകരിച്ചതത്രെ. വൈപ്പിനിലെ പൊക്കാളി പാടങ്ങളില്‍ കൃഷി ഇല്ലാതായി തുടങ്ങിയിട്ട് ഒരു ദശകത്തിലേറെയായെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ കര്‍ക്കശനിലപാടുമായി നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത് ദുരൂഹമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിയുന്നത്ര സ്ഥലങ്ങളില്‍ കൃഷി ഇറക്കുകയാണ് യൂനിയന്റെ ലക്ഷ്യമെങ്കില്‍ കൃഷി ആരംഭിക്കേണ്ട ജൂണ്‍ മാസത്തില്‍ രംഗത്തെത്തണമായിരുന്നു. ചെമ്മീന്‍ കൃഷിക്ക് ഗുണകരമാണെന്നതിനാല്‍ നെല്‍കൃഷിയോട് കെട്ടുടമകള്‍ക്കും കര്‍ഷകര്‍ക്കും താല്‍പര്യമാണ്. എന്നാല്‍ കെഎസ്‌കെടിയു നേതാക്കള്‍ ചെമ്മീന്‍ കെട്ടുകള്‍ക്കെതിരേ സമരത്തിനിറങ്ങിയിരിക്കുമ്പോഴും യൂനിയന്‍ ഭാരവാഹിയായിരുന്ന ഒരു വ്യക്തി നെടുങ്ങാട് മേഖലയില്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ ചെമ്മീന്‍കൃഷി നടത്തുന്നുണ്ട്. എടവനക്കാട് പഞ്ചായത്തില്‍ മാസങ്ങള്‍ക്കുമുമ്പവരെ യൂനിയന്റെ വില്ലേജ് സെക്രട്ടറി പൊക്കാളി കൃഷിയിറക്കേണ്ട സമയത്ത് ചെമ്മീന്‍ കെട്ടുനടത്തിയിരുന്നതായും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും എംഎല്‍എയ്ക്കും കര്‍ഷകര്‍ ഇന്ന് നിവേദനം നല്‍കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss