|    Feb 22 Wed, 2017 2:16 pm
FLASH NEWS

‘ചെമ്പ്ര എസ്‌റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണം ‘; പ്രക്ഷോഭം ശക്തമാക്കാന്‍ തൊഴിലാളി സംഘടനകളുടെ തീരുമാനം

Published : 29th October 2016 | Posted By: SMR

കല്‍പ്പറ്റ: എകപക്ഷീയവും നിയമവിരുദ്ധവുമായ ചെമ്പ്ര എസ്‌റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 320ലധികം തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിട്ട് എസ്‌റ്റേറ്റ് മാനേജ്‌മെന്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമായാണ് ലോക്കൗട്ട് ചെയ്തത്. തൊഴിലാളികളെയോ പ്രതിനിധാനം ചെയ്യുന്ന യൂനിയനുകളെയോ മുന്‍കൂട്ടി അറിയിക്കാതെയാണ് ക്രൂരമായ നടപടിയെടുത്തത്. ലോക്കൗട്ടിന് ആറാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍, കഴിഞ്ഞ ദിവസം തൊഴിലാളികള്‍ ജോലി ചെയ്തു തീര്‍ന്നതിനു ശേഷം വൈകീട്ടാണ് ലോക്കൗട്ട് വിവരം അറിയുന്നത്. തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തുകയോ എസ്‌റ്റേറ്റ് തുറക്കാന്‍ പറ്റാത്തവിധം പെരുമാറുകയോ ചെയ്താലാണ് ലോക്കൗട്ട് നടത്താന്‍ മാനേജ്‌മെന്റിന് കഴിയുക. ഇതൊന്നും ഇവിടെയുണ്ടായിട്ടില്ല. തൊഴിലാളികള്‍ സമരം നടത്തിയെന്നാണ് ലോക്കൗട്ടിന് കാരണമായി മാനേജ്‌മെന്റ് പറയുന്നത്. ഇതു തീര്‍ത്തും അടിസ്ഥാനരഹിതവും അസത്യവുമാണ്. എസ്‌റ്റേറ്റിലുണ്ടായിരുന്ന വിഷയങ്ങള്‍ സപ്തംബര്‍ അഞ്ചിന് ഫാത്തിമാ ഫാംസിന്റെ ചെയര്‍മാന്‍ കൂടിയായ അബ്ദുല്‍ വഹാബ് എംപിയും ട്രേഡ് യൂനിയന്‍ നേതാക്കളും കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രനും ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 2014-15 വര്‍ഷത്തെ ബോണസ് സപ്തംബര്‍ 30നും കൂലിക്കുടിശ്ശികയും ശമ്പളക്കുടിശ്ശികയും ഒക്ടോബര്‍ അഞ്ചിനും കൊടുത്തു തീര്‍ത്ത് തോട്ടത്തില്‍ സൗഹൃദാന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. 20 ദിവസം മുമ്പ് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് വിആര്‍എസ് നോട്ടീസ് കൊടുത്തിരുന്നു. അതില്‍ ഒരു നിബന്ധനയുമില്ലായിരുന്നു. സാധാരണ നിലയില്‍ വിആര്‍എസ് നോട്ടീസ് കൊടുക്കുമ്പോള്‍ അതില്‍ ആനുകൂല്യത്തെ സംബന്ധിച്ചുള്ള ഒരു പാക്കേജുണ്ടാവും. ഇത്തരത്തിലുള്ള ഒന്നും നോട്ടീസിലില്ലായിരുന്നു. ജില്ലയിലെ എല്ലാ തോട്ടങ്ങളും മികച്ച രീതിയിലാണ് പോവുന്നത്. ഇവിടെ നഷ്ടമുണ്ടെങ്കില്‍ അതു മാനേജ്‌മെന്റിന്റെ പിടിപ്പുകേട് കൊണ്ടു മാത്രമാണ്. അതിനാല്‍ ലോക്കൗട്ട് ചെയ്താലും തൊഴിലാളികള്‍ക്ക് കൂലി കിട്ടണം. നിയമപരമല്ലാത്ത പ്രവൃത്തിയോ സമരമോ അരാജകത്വമോ മെല്ലപ്പോക്ക് സമരമോ ഒന്നുമില്ലാതെ ജോലിചെയ്തുവരികയായിരുന്നു തൊഴിലാളികള്‍. അതിനാല്‍ ലോക്കൗട്ട് ഉടന്‍ പിന്‍വലിക്കണമെന്ന് തൊഴിലാളികളും ട്രേഡ് യൂനിയന്‍ സംഘടനകളും ഒറ്റക്കെട്ടായി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. തുറക്കാത്ത പക്ഷം  ശക്തമായ സമരപരിപാടികളുമായി മൂന്നോട്ടുപോവും. തോട്ടം ഭൂമി കൈയേറി വിളവെടുക്കാനും വീടുവയ്ക്കുന്നതുള്‍പ്പെടെയുള്ള സമരത്തിന് നേതൃത്വം നല്‍കും. ഇതുവഴിയുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മാനേജ്‌മെന്റ് മാത്രമായിരിക്കും ഉത്തരവാദിയെന്നും നേതാക്കള്‍ പറഞ്ഞു. പ്ലാന്റേഷന്‍ ആക്റ്റ് പ്രകാരം ഭൂമി കൈവശം വയ്ക്കണമെങ്കില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കണം. അല്ലാതെ 15 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശംവയ്ക്കാന്‍ കഴിയുക. എസ്‌റ്റേറ്റായി നടത്തുന്നില്ലെങ്കില്‍ സ്വാഭാവികമായും എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാവും. തുടര്‍സമരത്തിനും തൊഴിലാളികളുടെ സംരക്ഷണത്തിനും എല്ലാ സഹായവും ചെയ്യുമെന്ന് പി ഗഗാറിന്‍, പി കെ അനില്‍കുമാര്‍, ടി ഹംസ, എന്‍ ഒ ദേവസി, കെ ജി വര്‍ഗീസ്, എന്‍ പി ചന്ദ്രന്‍, സുരേഷ് ബാബു, സി പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു.

31 മുതല്‍ അനിശ്ചിതകാല സത്യഗ്രഹംകല്‍പ്പറ്റ: ചെമ്പ്ര എസ്‌റ്റേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ 31 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാന്‍ സമരസമിതി തീരുമാനിച്ചു. എരുമക്കൊല്ലിയിലാണ് സമരം. ഇതിനായി പി എ മുഹമ്മദ് കണ്‍വീനറും ടി ആര്‍ ശ്രീധരന്‍ ചെയര്‍മാനുമായി കമ്മിറ്റി രൂപീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക